തിരുവനന്തപുരം: കുറ്റാന്വേഷണ രംഗത്തെ മികവിന് പോലീസ് സേനാംഗങ്ങള്‍ക്ക് നല്‍കിവന്നിരുന്ന ബാഡ്ജ് ഓഫ് ഓണര്‍ ഇനി മുതല്‍ പോലീസിലെ മറ്റ് വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കും നല്‍കാന്‍ നിര്‍ദേശിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.
കുറ്റാന്വേഷണ രംഗത്തെ മികവിന് എല്ലാ അര്‍ധവര്‍ഷത്തെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇതുവരെ ബാഡ്ജ് ഓഫ് ഓണര്‍ നല്‍കിയിരുന്നത്. ഒരു കലണ്ടര്‍ വര്‍ഷം മൊത്തത്തിലുള്ള പ്രവര്‍ത്തനം വിലയിരുത്തിയായിരിക്കും ഇനിമുതല്‍ ബാഡ്ജ് ഫ് ഓണര്‍ തീരുമാനിക്കുക.
കുറ്റാന്വേഷണത്തിന് പുറമേ ക്രമസമാധാനപാലനം, ട്രാഫിക് നിയന്ത്രണം, ഇന്റലിജന്‍സ് ശേഖരണം, പ്രത്യേക പദ്ധതികളുടെ നിര്‍വ്വഹണം,കോസ്റ്റല്‍, റെയില്‍വേ പോലീസിങ് പോലെ പ്രത്യേക പോലീസ് പ്രവര്‍ത്തനങ്ങള്‍, ഫോട്ടോഗ്രാഫി, ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റിങ്, വിവരവിനിമയം തുടങ്ങിയ വ്യത്യസ്ത മേഖലകളിലുള്ള സേനാംഗങ്ങള്‍ക്ക് ഇത് നല്‍കും. റാങ്ക് വ്യത്യാസമില്ലാതെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ബഹുമതി മുദ്ര നല്‍കുക. ആകെ 200 ബാഡ്ജ് ഓഫ് ണറുകളാണ് നല്‍കുന്നത്.
















