തിരുവനന്തപുരം : പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സിപിഎം ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കുകയാണ്. സമ്മേളനങ്ങളിലെ മുഖ്യ ചര്‍ച്ചയാവുകയാണ് ഗതാഗതമന്ത്രി തോമസ്ചാണ്ടിയുടെ വിഷയം. യുഡിഎഫ് ഭരണത്തില്‍ കെട്ടുനാറിയ ബാര്‍കോഴ വിവാദത്തില്‍ ശക്തമായ നിലപാടായിരുന്നു സിപിഎമ്മിന്.
മന്ത്രിമാരായ മാണിക്കും കെ. ബാബുവിനുമെതിരെ വിജിലന്‍സ് അന്വേഷണം വന്നപ്പോള്‍ രാജി ആവശ്യമുന്നയിച്ചവരാണ് മുഖ്യമന്ത്രി പിണറായി വിജയനും പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ഉമ്മന്‍ചാണ്ടിയല്ല മുഖ്യമന്ത്രിയെങ്കില്‍ ഇവരിരുവരും മന്ത്രിമാരായി തുടരില്ല എന്നായിരുന്നു പിണറായി വിജയന്റെ പ്രസ്താവന. കെ.എം. മാണിയും കെ. ബാബുവും രാജിവയ്‌ക്കണമെന് വിജിലന്‍സ് കോടതി പറഞ്ഞിട്ടില്ല.
സീസറിന്റെ ഭാര്യ സംശയത്തിന് ഇടനല്‍കരുതെന്ന് പറഞ്ഞപ്പോള്‍ സിപിഎം പ്രതികരണം അതിശക്തമായിരുന്നു. കെ. ബാബു ധാര്‍മ്മിക ഉത്തരവാദിത്തം മാനിച്ച് രാജിനല്‍കിയെങ്കിലും ഉമ്മന്‍ചാണ്ടി പിടിച്ചു വയ്‌ക്കുകയായിരുന്നു. ഒടുവില്‍ രാജി സ്വീകരിക്കുകയും ചെയ്തു.
അതിനേക്കാള്‍ ഗൗരവമാണ് തോമസ് ചാണ്ടിയുടെ വിഷയം. ജില്ലാ കളക്ടര്‍ മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ട് ദിവസങ്ങളായി. എന്നിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. ഇതുതന്നെയാണ് ഘടകകക്ഷികളേയും അണികളേയും അത്ഭുതപ്പെടുത്തുന്നത്.
നേരത്തെ നീലലോഹിതദാസന്‍ നാടാരെയും ടി.ഒ. കുരുവിളയേയും പി.ജെ. ജോസഫിനെയും രാജിക്ക് പ്രേരിപ്പിക്കാന്‍ ഇന്നത്തെപ്പോലെ ശക്തമായ തെളിവൊന്നും ഉണ്ടായിരുന്നില്ല. ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും രാജിവച്ചതും ധാര്‍മ്മികതയുടെ പേരിലാണ്. തോമസ് ചാണ്ടിയുടെ കാര്യത്തിലെന്തേ മിണ്ടാട്ടമില്ലാത്തതെന്ന ചോദ്യത്തിന് സിപിഎം നേതൃത്വത്തിന് ഉത്തരം മുട്ടുകയാണ്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് എല്‍ഡിഎഫ് യോഗവും പോംവഴി കണ്ടെത്തിയേപറ്റൂ. 9ന് നിയമസഭ ചേരുന്നുണ്ട്. അതിനകം ഒരു തീരുമാനമുണ്ടാകണം. അല്ലെങ്കില്‍ മുന്നണി കെട്ടുനാറുമെന്ന നിഗമനമാണ് പരക്കെ.
















