തൃശൂര്‍: വികസന വിരോധികളുടെ വിരട്ടലിന് വിധേയമായി വികസന പ്രവര്‍ത്തനം നിര്‍ത്തിയ്‌ക്കാനോ ഉപേക്ഷിക്കാനോ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗെയില്‍ പദ്ധതിക്കെതിരായ സമരത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പരാമര്‍ശം.
തൃശ്ശൂരിലെ കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ അക്കാദമിയില്‍ 22ാമത് ഫയര്‍മാന്‍ ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗ്യതയ്‌ക്കനുസരിച്ച് ആഗ്രഹിക്കുന്ന ജോലി സംസ്ഥാനത്ത് തന്നെ ലഭ്യമാകുന്നതിനുള്ള അവസരമുണ്ടാക്കുന്ന ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് നിക്ഷിപ്ത താല്‍പര്യക്കാരായ വികസനവിരോധികള്‍ തടസ്സവുമായി ഇറങ്ങിയിരിക്കുന്നത്.
അഗ്‌നിസുരക്ഷാസേനയില്‍ സ്ത്രീകളെക്കൂടി നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 355 പേരാണ് പാസ്സിങ്ങ് ഔട്ട് പരേഡ്കഴിഞ്ഞ് സേനയിലെത്തിയത്.
കൃഷിമന്ത്രി അഡ്വ. വി. എസ് സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, കൗണ്‍സിലര്‍ പി.കെ സുരേഷ്, ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ തച്ചങ്കരി എന്നിവര്‍ സംബന്ധിച്ചു. മോക്ഡ്രില്ലും സേനാ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രദര്‍ശനവും സംഘടിപ്പിച്ചു. പുതുതായി നിര്‍മ്മിച്ച ബ്രീത്തിങ്ങ് അപ്പാരറ്റസ് പരിശീലന കേന്ദ്രത്തിന്റ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
















