സേവാസംഗമാത്തോടനുബന്ധിച്ച് സേവാഭാരതി ഗുരുവായൂരില്‍ സംഘടിപ്പിച്ച ചീകരണപ്രവര്‍ത്തനത്തിന്റെ് ഉദ്ഘാടനം എസ്ബിഐ എംഡി പര്‍വ്വീണ്‍ ഗുപ്ത നിര്‍വ്വഹിക്കുന്നു (ഇടത്ത്), ആന്ധ്രാ പാര്‍ക്കിലെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.ആര്‍. അനീഷ് നേതൃത്വം നല്‍കുന്നു.
ഗുരുവായൂര്‍: ക്ഷേത്രനഗരിയും മുനിസിപ്പല്‍ വാര്‍ഡുകളും ഇനി മാലിന്യ രഹിതം. 11നും 12നും നടക്കുന്ന സേവാസംഗമത്തോടനുബന്ധിച്ച് സേവാഭാരതി പ്രവര്‍ത്തകരാണ് മുനിസിപ്പല്‍ പ്രദേശം വൃത്തിയാക്കിയത്.
രാവിലെ മഞ്ജുളാല്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എസ്ബിഐ മാനേജിങ് ഡയറക്ടര്‍ പര്‍വീണ്‍ ഗുപ്ത സ്വച്ഛ് ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എസ്.വെങ്കിട്ടരാമന്‍, ജനറല്‍ മാനേജര്‍മാരായ അശോക് കുമാര്‍ പീര്‍ ,അലോക് ശര്‍മ്മ, ഡെ.ജനറല്‍ മാനേജര്‍ ഗീത ടി.ആര്‍, കെ.സുരേഷ് കുമാര്‍, എം.ജെ.സജിന്‍ എന്നിവര്‍ സംസാരിച്ചു.
മുനിസിപ്പാലിറ്റിയിലെ 43 വാര്‍ഡുകളിലും ഗുരുവായൂര്‍ നഗരത്തിലുമായി എണ്‍പതു സംഘങ്ങളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പത്ത് മുതല്‍ 70 വരെ പ്രായമുള്ള ആയിരത്തിലേറെ സേവാ സന്നദ്ധരാണ് യജ്ഞത്തില്‍ പങ്കെടുത്തത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ ചെറിയ ഗുഡ്‌സ് വണ്ടികളില്‍ ശേഖരിച്ച് വലിയ ലോറികളിലെത്തിച്ചു. രാവിലെ 9 ന് ആരംഭിച്ച ശുചീകരണ യജ്ഞം രാത്രി വൈകിയും തുടര്‍ന്നു.
മാലിന്യങ്ങള്‍ ശാസ്ത്രീയമായ സംസ്‌കരണത്തിനും പുന:സംക്രമണത്തിനുമായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. 24 ടണ്‍ മാലിന്യമാണ് നഗരത്തില്‍ കുമിഞ്ഞുകൂടി കിടന്നിരുന്നത്. മാലിന്യനീക്കം ഇന്നും തുടരും.
















