ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്നലെ നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെയാണ് ടോട്ടനം പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. 64-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്‍ വിജയഗോള്‍ നേടി.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിന് ഉജ്ജ്വല ജയം. വെസ്റ്റ്ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ കെട്ടുകെട്ടിച്ചു. പരിക്ക് മാറിയെത്തിയ സാഡിയോ മാനെയുടെയും സലാഹയുടെയും പ്രകടനങ്ങള്‍ ലിവര്‍പൂളിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. സലാഹ് രണ്ട് ഗോളുകള്‍ നേടി.
ലണ്ടന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയുടെ 21-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് നേടി. സാഡിയോ മാനെയുടെ പാസ് സ്വീകരിച്ച് ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് സലാഹ് പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ തറച്ചുകയറിയത്. മൂന്നുമിനിറ്റിനുശേഷം മാറ്റിപ്പിലൂടെ ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തി. പിന്നീട് രണ്ടാം പകുതിയില്‍ വെസ്റ്റ്ഹാം ഒരു ഗോള്‍ മടക്കി. 55-ാം മിനിറ്റില്‍ മാന്യുവല്‍ ലന്‍സിനിയാണ് ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ അലക്‌സ് ചേമ്പര്‍ലൈന്‍ ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ 3-1ന് മുന്നില്‍. പിന്നീട് 75-ാം മിനിറ്റില്‍ സലാഹിലൂടെ ലിവര്‍പൂള്‍ നാലാം ഗോള്‍ നേടി വിജയമുറപ്പിച്ചു. ജയത്തോടെ 19 പോയിന്റുള്ള ലിവര്‍പൂള്‍ ആറാം സ്ഥാനത്ത് തന്നെയാണ്. ഒമ്പത് പോയിന്റ് മാത്രമുള്ള വെസ്റ്റ്ഹാം 17-ാം സ്ഥാനത്തും.
മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ 2-2ന് സ്‌റ്റോക്ക് സിറ്റി പിടിച്ചുകെട്ടി. ലെസ്റ്ററിനായി 33-ാം മിനിറ്റില്‍ വിന്‍സന്റ് ഇബോറ, 60-ാം മിനിറ്റില്‍ റിയാദ് മഹ്‌രെസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്‌റ്റോക്കിന്റെ ഗോളുകള്‍ 39-ാം മിനിറ്റില്‍ ഷര്‍ദാന്‍ ഷാക്കിരി, 73-ാം മിനിറ്റില്‍ പീറ്റര്‍ ക്രൗച്ച് എന്നിവര്‍ സ്വന്തം പേരില്‍ കുറിച്ചു. മറ്റ് മത്സരങ്ങളില്‍ ബേണ്‍സ്മൗത്ത് 1-0ന് ന്യൂകാസിലിനെയും ഹഡേഴ്‌സ്ഫീല്‍ഡ് ഇതേ മാര്‍ജിനില്‍ വെസ്റ്റ്‌ബ്രോംവിച്ചിനെയും ബേണ്‍ലി 1-0ന് സതാംപ്ടണെയും ബ്രൈറ്റന്‍ ആല്‍ബിയോണ്‍ ഇതേ സ്‌കോറിന് സ്വാന്‍സീയെയും തോല്‍പ്പിച്ചു.
















