ചെറുതോണി: വിവാഹ രജിസ്‌ട്രേഷന് വ്യാജ സാക്ഷ്യപത്രം പഞ്ചായത്തില്‍ ഹാജരാക്കിയ സംഭവത്തില്‍ മധ്യവയസ്‌കനും യുവതിയും കുടുങ്ങും. പെരുമ്പാവൂര്‍ റയോണ്‍പുരലം ചെറുവള്ളിക്കുടി മാഹിന്‍, രാജമുടി തോപ്പില്‍ ജാസ്മിന്‍ എന്നിവരാണ് വിവാഹ സര്‍ട്ടഫിക്കറ്റിനായി മണിയാറന്‍കുടി മുഹയിദ്ദീന്‍ പള്ളിയില്‍ വിവാഹം നടന്നെന്ന് കാട്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസില്‍ നല്‍കിയത്.
പഞ്ചായത്ത് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പള്ളിയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് പള്ളി അധികാരികള്‍ നല്‍കിയതല്ല എന്ന വ്യക്തമായി. 2017 സപ്തംബര്‍ എട്ടിന് മുഹയിദ്ദീന്‍ പള്ളിയില്‍ വച്ച് വിവാഹം നടന്നെന്ന് കാട്ടി കഴിഞ്ഞമാസം 21നാണ് ഇരുവരും ചേര്‍ന്ന് വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ എത്തിയത്.
സംശയം തോന്നിയ പഞ്ചായത്ത് അധികൃതര്‍ പള്ളി അധികൃതര്‍ക്ക് കത്ത് നല്‍കി. 2017 സപ്തംബര്‍ എട്ടിന് പള്ളിയില്‍ വിവാഹം നടന്നില്ലെന്ന് കാണിച്ച് രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതേത്തുടര്‍ന്നാണ് ലഭ്യമായ എല്ലാ തെളിവുകളും ഉള്‍പ്പെടുത്തി പഞ്ചായത്ത് സെക്രട്ടറി ഇടുക്കി പോലീസില്‍ പരാതി നല്‍കിയത്.
















