അച്ചടക്കത്തിനു വളരെ പ്രാധാന്യം കല്പ്പിച്ചിരുന്നു ഈ മൂന്നു നിര്മാണധാരകളും. തൊഴില്‍പരമായ അച്ചടക്കനിഷ്ഠ കര്‍ശനമായിത്തന്നെ പാലിക്കുവാന്‍ ശ്രദ്ധിച്ചിരുന്നു. സ്റ്റുഡിയോ മുറിക്കകത്തെ സ്വകാര്യതകളില്‍ പക്ഷെ ഇടപെട്ടിരുന്നില്ല. ഘോഷവേളകള് പുറത്തേയ്ക്ക് അതിക്രമിക്കുന്നതു വിലക്കിയിരുന്നു. കാര്യകാരണന്യായങ്ങള് ബോധ്യപ്പെടുത്തി വേണമായിരുന്നു സ്റ്റുഡിയോയ്ക്കകത്തേക്കും പുറത്തേയ്ക്കും പോകുവാന്‍.
സിനിമയില്‍ കമ്പംമൂത്ത് അതിന്റെ ഭാഗമാകുവാന്‍ വെമ്പി കോഴിക്കോട്ടു നിന്നും ആലപ്പുഴ ഉദയായിലേക്ക് കടന്നു ചെല്ലാന്‍ പുറപ്പെട്ടപ്പോള്‍ കോഴി കൂവുന്ന ഗോപുരത്തിനടിയിലെ ഗെയ്റ്റില്‍ വാച്ച്മാന് തടഞ്ഞു. അകത്തെ സിനിമയുടെ ലോകം ശബ്ദങ്ങളിലൂടെയും ദൂരെയുള്ള നിഴലനക്കങ്ങലിലൂടെയും പുറത്തുനിന്ന് നുകര്‍ന്ന് ഭീഷണിപൂര്വ്വമുള്ള വാച്ച്മാന്റെ നോട്ടത്തില്‍ പതറി പിന്‍വാങ്ങിയതുമായ കഥ ഐ.വി. ശശി അതേ സ്റ്റുഡിയോയില്‍ ഇതാ ഇവിടെവരെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലെ ഇടവേളയില്‍ പറഞ്ഞിട്ടുണ്ട്.
(നാട്ടില്‍ തിരിച്ചെത്തി താന്‍ സിനിമയില്‍ ചേര്‍ന്നുവെന്ന വീരസ്യം പറഞ്ഞപ്പോള്‍ നാട്ടിലെ ചങ്ങാതിക്കൂട്ടം ചോദിച്ചു സിനിമയില്‍ ഏതു വിഭാഗത്തില്‍ എന്ന്. തല്‍ക്ഷണം, നാവില്‍ വന്നത് ശശി ഉത്തരമായി പറഞ്ഞു. ‘സ്റ്റില്ലി’ലെന്ന് പറഞ്ഞവര്‍ക്കും കേട്ടവര്‍ക്കും ഒരുപോലെ സിനിമയില്‍ ‘സ്റ്റില്ലി’ന്റെ റോള്‍ അന്നറിയാതിരുന്നതുകൊണ്ടു കൂടുതല്‍ ചോദ്യങ്ങളുണ്ടായില്ലപോലും!)
മെറിലാന്റിലുമതെ, ഗെയ്റ്റിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സഞ്ചാരം സെക്യൂരിറ്റിക്കാരന്റെ കാരണബോധ്യംപോലെതന്നെയായിരുന്നു. ഏതാണ്ട് എല്ലാ ഭാഷ ധാരകളിലും സ്റ്റുഡിയോയില്‍ ഈ നിയന്ത്രണം കര്‍ശനമായി പാലിച്ചുപോന്നിരുന്നു.
അകത്തെ ചിത്രീകരണം സ്വച്ഛമായി നടക്കുവാനും ആരാധകരുടെ ശല്യത്തില്‍നിന്ന് താരങ്ങളെ രക്ഷപ്പെടുത്തുവാനും സെറ്റും മറ്റു മടങ്ങുന്ന ചിത്രീകരണ സജ്ജീകരണങ്ങള്‍ക്കു നാശനഷ്ടങ്ങള്‍ വരുന്നതൊഴിവാക്കുവാനുമായിരുന്നു ഇത്. ഇതിനേക്കാളെല്ലാം പ്രധാനമായി ചിത്രനിര്മിതിയിലെ സാങ്കേതിക കൗശലങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുവാനും പുറത്തുനിന്നുമുള്ള ആള്‍വരവ് നിയന്ത്രിച്ചേ മതിയാകുമായിരുന്നുള്ളൂ.
അകത്തുള്ളവര്‍ അഭിനേതാവായാലും സാങ്കേതിക വിദഗ്ദ്ധനായാലും തൊഴിലാളിയായാലും കരാറിന് പ്രകാരമാണ് നിശ്ചിത ദിവസങ്ങള്‍ നിര്‍മാതാവിന് നല്‍കിയിട്ടുള്ളത്. ആ ദിവസങ്ങളില്‍ ആരെ ഏതു സമയത്തു ആവശ്യം വരുമെന്നതു നിര്‍മാണ ഷെഡ്യൂളിന്റെ ആസൂത്രണ നിര്‍വഹണത്തെ അടിസ്ഥാനമാക്കിയിരിക്കും. അവശ്യസമയത്ത് ആവശ്യമുള്ള ആള് അവരുടെ വിളിപ്പുറത്തുണ്ടാവണം എന്ന കരുതല്‍ സ്വാഭാവികമാണ്.
ചില ആളുകള്‍ -കലാകാരന്മാരില് ചിലര്‍ പ്രത്യേകിച്ചും, പുറത്തുപോയാല്‍ എഴുന്നള്ളിക്കുവാന്‍ കൂട്ടരെത്തും. ആഘോഷത്തിനിടയില്‍ പണിപ്പുരയിലെ രഹസ്യമായി സൂക്ഷിച്ചുപോരുന്ന ചില സൂത്രങ്ങള്‍ അയഞ്ഞ നാവില്‍ നിന്നുമുതിര്ന്ന് പുറത്തുപോകും. അണിയറ രഹസ്യങ്ങള്‍ മാത്രമല്ല അക്കൂട്ടത്തില്‍ സ്റ്റുഡിയോയ്ക്കകത്തെ കര്‍ശന ചിട്ടകളോടുള്ള നീരസമോ അല്ലാതെ തന്നെ ആ നിര്‍മാണ കേന്ദ്രത്തോടുള്ള മറ്റു പ്രതിപത്തിയോടുകൂടി നാവില്‍നിന്നും ജല്‍പ്പനമായി വഴുതിവീഴും. അതൊഴിവാക്കണം. എന്നിട്ടും കണ്ണുവെട്ടിച്ചു പുറത്തിറങ്ങുന്നവരെ പിന്തുടരുവാന് സ്റ്റുഡിയോ സാരഥികള്‍ക്ക് എമ്പാടും എവിടെയും കണ്ണും കാതും ഉണ്ട്.
തങ്ങള്ക്കപമാനകരമായ പ്രസ്താവമാണ് ആ നാവില്നിന്നുതിര്ന്നതെങ്കില് അതിന് കണക്കുവീട്ടുന്നത് പലവഴിയുമാകാം.ഒരിക്കല്‍ ഒരു സഹനടന്‍ മനസ്സിലെ നീരസ പിരിമുറുക്കത്തിനൊരു അയവുവരുത്താന്‍ സ്റ്റുഡിയോയ്ക്കു പുറത്ത് ഒരു കേന്ദ്രത്തില്‍ ലഹരിയുടെ ബലത്തില്‍ നിര്‍മാതാവിനെ രണ്ടു പുലഭ്യം പറഞ്ഞു. പൊടിപ്പും തൊങ്ങലും ചേര്‍ത്തു അത് എത്തേണ്ടിടത്തെത്തി.
പിറ്റേന്ന് സ്വഭാവ നടന് ഒരു സംഘട്ടന രംഗത്തില്‍ അഭിനയിക്കുവാനുണ്ടായിരുന്നു. സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം നാട്ടുകാരും കൂടി ചേര്‍ന്നു അയാളെ കൈകാര്യം ചെയ്യുമ്പോള്‍ നായകന് കുതിരപ്പുറത്തുവന്നു രക്ഷപ്പെടുത്തുന്നതായാണ് കഥയില്‍. പുരാണപടമാണ്. ഷൂട്ട് ചെയ്തപ്പോള്‍ നാട്ടുകൂട്ടം ആക്രമിക്കുന്നതായി അഭിനയിക്കുന്നതിനുപകരം യഥാര്‍ത്ഥത്തില്‍ തന്നെ ആക്രമിച്ചു. കാണുന്നവര്‍ക്ക് സ്വാഭാവികമായ അഭിനയമെന്നേ തോന്നൂ. പാവം സഹനടന്‍ ക്യാമറയ്ക്കു മുന്പില് നിസ്സഹായനായി. അതത്രയുമേറ്റുവാങ്ങി സ്ക്രീനില്‍ ആ രംഗം ഭംഗിയാക്കി. ഒടുവില്‍ നായകന് വന്നു രക്ഷപ്പെടുത്തി ഷോട്ടുപൂര്ത്തിയായപ്പോഴേക്കും അണപ്പല്ലു രണ്ടെണ്ണം കൈമോശം വന്നിരുന്നു. ഈ കഥ ആ നടന് തന്നെ പറഞ്ഞിട്ടുണ്ട്.
രാജഭരണ നാളുകളില്‍ രാജശാസനയ്ക്കും പ്രൗഢിയ്ക്കുമുണ്ടായിരുന്ന പൊന്വില പ്രഭുക്കന്മാരും ശഠിച്ചു പുലര്ത്തിയിരുന്നതിലെ കീഴ്വഴക്ക തുടര്‍ച്ച ഇതില്‍ കാണാം.
പുറത്തുനിന്നുവരുന്ന വ്യക്തികള്‍ക്കു നിയന്ത്രണമുണ്ടായിരുന്നതുപോലെ, കത്തുകള്‍ക്കും സന്ദേശങ്ങള്‍ക്കും സെന്സറിങ്ങുമുണ്ടായിരുന്നു. അസുഖവിവരമോ, നാട്ടില്‍ അടിയന്തിരമായി എത്തേണ്ട ആവശ്യമോ അറിയിച്ചുകൊണ്ടുള്ള സന്ദേശമാണെങ്കില്‍ അത് വിലാസക്കാരനു കൈമാറുന്നത് സ്റ്റുഡിയോ ആ ഷെഡ്യൂളില്‍ അയാളെ വച്ചു ചെയ്യുവാനിരുന്ന ജോലി പൂര്‍ത്തിയായശേഷം അല്ലെങ്കില്‍ മൂന്നുനാലു ദിവസം അയാള്‍ മാറിനിന്നാലും ചിത്രീകരണത്തിനു മുടക്കം വരില്ല എന്നുറപ്പു കിട്ടിയശേഷം മാത്രമായിരിക്കും. അങ്ങനെയേ നടക്കൂ എന്നുറപ്പായിരുന്നതുകൊണ്ട് പലപ്പോഴും ചെയ്യുന്നത് മനുഷ്യത്വപരമായിരുന്നില്ല. എങ്കിലും അതേച്ചൊല്ലി പരാതികള്‍ പതിവില്ല. പരാതി പറഞ്ഞാല്‍ അടുത്ത ചിത്രത്തില്‍ അവസരമുണ്ടാകാതെ പോയാലോ!
സഹായഹസ്തത്തിന്റെ ആശ്രയസാധ്യതയ്ക്കൊപ്പം തന്നെ ഈ ഭീതിയും അതില്‍ വരിഞ്ഞുമുറുക്കിയ കാര്‍ക്കശ്യവും അക്കാലത്തെ സ്റ്റുഡിയോ മാനേജ്മെന്റിന്റെ അടയാള പ്രകൃതമായിരുന്നു. അസോഷ്യേറ്റ് പിക്ച്ചേഴ്സിന് സ്റ്റുഡിയോ ചുറ്റുപാടില്ലായിരുന്നു. അതുകൊണ്ടു കുറച്ചുകൂടി മനുഷ്യത്വപരമായിരുന്നു സമീപനം. എങ്കിലും കാള്‍ഷീറ്റ് തെറ്റിക്കുന്ന താരത്തിനോട് തന്മൂലം തനിക്കുണ്ടായ നഷ്ടം അണപൈസ കണക്കുപറഞ്ഞു വസൂലാക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സിനിമയെത്തന്നെ വിസ്മയിപ്പിച്ച കാര്‍ക്കശ്യം പിന്നീട് കാണിച്ചിട്ടുണ്ട്, ടി.ഇ. വാസുദേവന്‍.
‘കാലം മാറി, കഥ മാറി’ എന്ന ചിത്രം എം.കൃഷ്ണന് നായര്‍ സംവിധാനം ചെയ്യുന്നു. മമ്മൂട്ടിയാണ് നായകന്. ജോഷിയുടെ ‘ന്യൂദല്‍ഹി’ ചിത്രീകരണം വിചാരിച്ചതിലും നീണ്ടുപോയി. വാസുദേവന്‍ സാറിന്റെ ചിത്രം ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു. മമ്മൂട്ടി സമയത്തിനെത്തി ചേരാതിരുന്നതു മൂലം സ്വാഭാവികമായും വാസുദേവന്‍ സാറിന് നഷ്ടം സംഭവിച്ചു. ചിത്രീകരണം നിര്‍ത്തിവച്ചു പിന്നീട് രണ്ടാമതൊരു ഷെഡ്യൂള്‍ ഏകോപിപ്പിക്കേണ്ടിവന്നു.
മമ്മൂട്ടിയുടെ അഭിനയ ജീവിതം ഗ്രാഫ് ഉലഞ്ഞുനില്‍ക്കുന്ന കാലമാണ്. ആ ഘട്ടത്തില്‍ ‘ന്യൂദല്‍ഹി’ മമ്മൂട്ടിക്കൊരു മൃതസഞ്ജീവനിയാണ്. അതിലാണ് പ്രതീക്ഷയത്രയും. ദല്‍ഹിയിലെ വാതില്‍പ്പുറ ചിത്രീകരണത്തിലെ സങ്കീര്‍ണതകളും കാലാവസ്ഥയുമെല്ലാം ഷെഡ്യൂള്‍ നീണ്ടുപോകുന്നതിനു കാരണമായിട്ടുണ്ട്. അവിടെ മമ്മൂട്ടി സ്വന്തം നിലനില്‍പ്പ് നോക്കി ജോഷിയോടൊപ്പം നിന്നു. പ്രതീക്ഷ തെറ്റിയില്ല. ‘ന്യൂദല്‍ഹി’ മമ്മൂട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സാക്ഷ്യമായി മാറുകയും ചെയ്തു.
‘കാലം മാറി, കഥ മാറി’യിലെ കഥാപാത്രത്തെക്കാള്‍ നടന്റെ അഭിനയജീവിതത്തിന് രക്ഷയായത് ‘ന്യൂദല്‍ഹി’യിലെ കഥാപാത്രം തന്നെയാണ്. പക്ഷെ ‘ന്യൂദല്‍ഹി’ നിര്‍മിച്ച നിര്‍മാതാവിനാണ് തന്റെയനുഭവം ഉണ്ടായിരുന്നതെങ്കിലോ എന്ന വാസുദേവന്‍ സാറിന്റെ ചോദ്യം ന്യായമായിരുന്നു. തനിക്ക് സംഭവിച്ച നഷ്ടം കണക്കാക്കി അദ്ദേഹം കൃത്യമായി മമ്മൂട്ടിയില്നിന്നും വസൂലാക്കി. പരാതി പറയാതെ മമ്മൂട്ടി അതു നല്‍കുകയും ചെയ്തു.വിചാരണാവിധേയമായ കാലഘട്ടത്തിന് മൂന്നരപതിറ്റാണ്ടു കഴിഞ്ഞാണ് ഈ സംഭവമുണ്ടാകുന്നത്. സിനിമയിലെ അവസ്ഥകള്‍ ഒരുപാടു മാറിയിരുന്നു അപ്പോഴേക്കും. അന്നായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നുവോ? സംഭവിച്ചാല്‍ ഇതാകുമായിരുന്നുവോ ഇരുകൂട്ടരും കണ്ടെത്തുമായിരുന്ന പരിഹാരം?
അന്ന് നടീനടന്മാര്ക്കും സാങ്കേതിക കലാകാരന്മാര്ക്കും സംഘടനാപിന്ബലമില്ല.
നിര്മാതാക്കള്ക്കുമില്ല. ഏതാണ്ട് ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിയാണ് സിനിമയില്‍. അവിടെ സ്റ്റുഡിയോ ഉടമയുടെ തീര്‍പ്പാണ് അന്തിമം. അതിനപ്പുറത്തൊരു മേധാപദവി അവകാശപ്പെടുവാന്‍ മാത്രം താരസിംഹാസനങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ല. സത്യനും നസീറും താരവീഥിയില് ആദ്യ ചുവടുകളിലെത്തിയിട്ടേയുള്ളൂ. പരസ്പരം നിഷേധിക്കുവാനും നിരാകരിക്കുവാനും താരങ്ങള്‍ക്കും നിര്മാതാക്കള്ക്കുമാകുമായിരുന്നില്ല. അല്‍പ്പമെങ്കിലും അധീശഭാവം കാണിക്കുവാന്‍ കഴിയുമായിരുന്നത് നിര്‍മാതാക്കള്‍ക്കാണ്. സത്യനെയും നസീറിനെയും കണ്ടെത്തി ആനയിച്ചവര്ക്ക് മൂന്നാമതൊരാളെ പകരം കണ്ടെത്തുക അസാധ്യമായിരുന്നില്ലല്ലോ. ആ സത്യം താരങ്ങള്ക്കുമോര്മ്മയുണ്ടായിരുന്നു.
ടി.ഇ. വാസുദേവന്‍ സംവിധാന ചുമതല മറ്റൊരാളെ ഏല്‍പ്പിച്ചു നിര്‍മാണച്ചുമതല ആദ്യന്തം നേരിട്ടിടപ്പെട്ടാണ് നിര്‍വഹിച്ചിരുന്നതെങ്കില്‍ കുഞ്ചാക്കോയും സുബ്രഹ്മണ്യവും ആദ്യ ചിത്രങ്ങളില്‍ മറ്റു സംവിധായകരുടെ സേവനങ്ങള്‍ തേടി; പിന്നീട് രണ്ടു ചുമതലകളും ഒരുമിച്ചു വഹിക്കുവാന്‍ തുടങ്ങി. ആ ഘട്ടം തൊട്ടു നിര്‍മാണത്തിലെ നിര്‍വഹണ കാര്യങ്ങളില്‍ ഇരുവരും തങ്ങള്‍ക്കേറ്റവും വിശ്വസ്തരും ഉറ്റവരുമായ രണ്ടുപേരെ തങ്ങളുടെ നിര്‍ദ്ദേശ വിധേയമായി ആ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. വൈദിക സെമിനാരിയില്‍ നിന്നും മടങ്ങി പഠനം ഇടയ്ക്കു നിര്‍ത്തി വീട്ടില്‍ തിരിച്ചെത്തിയ അനുജന് അപ്പച്ചനെയാണ് കുഞ്ചാക്കോ കൂടെ ചേര്‍ത്തത്. സുബ്രഹ്മണ്യം പുത്രന് എസ്. കുമാറിനെ നിര്‍മാണ-വിതരണ ധാരകളുടെ കാര്യക്കാരനാക്കി. എസ്. ചന്ദ്രനെയും മറ്റനുജന്മാരെയും പ്രദര്‍ശന കേന്ദ്രങ്ങളുടെയും. അപ്പച്ചനും (എം.സി. പുന്നൂസ്) എസ്. കുമാറും പിന്നീട് തങ്ങളുടേതായ നിലയില്‍ നിര്‍മാണരംഗത്ത് നിറസാന്നിദ്ധ്യങ്ങളായി. അപ്പച്ചന് സംവിധാനമേഖലയിലും തന്റെ അതുവരെയുള്ള അനുഭവപ്രാപ്തി പ്രയോജനപ്പെടുത്തിക്കൊണ്ടു സാന്നിദ്ധ്യം രേഖപ്പെടുത്തി.
ടി.ഇ. വാസുദേവന്റെ മകള്‍ വത്സല പിതാവിന്റെ അഭിരുചിയ്ക്കൊത്തുള്ള കഥകള്‍ സങ്കല്പ്പിച്ചുണ്ടാക്കുമായിരുന്നു. വി.ദേവന് എന്ന പേരിലാണ് തുടര്‍ക്കാലത്ത് അദ്ദേഹം നിര്‍മ്മിച്ച പല ചിത്രങ്ങളുടെയും കഥകള്‍, പ്രത്യക്ഷപ്പെട്ടിരുന്നത്. വത്സല ദേവനാണ് വി. ദേവന് എന്നും അത് വാസുദേവന്‍ എന്നതിന്റെ ചുരുക്കെഴുത്താണതെന്നും രണ്ടു കേള്‍വികളുണ്ട്. സിംഹമുഖത്തോടു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി രണ്ടും പപ്പാതിയെന്നായിരുന്നു!
ടി.ഇ. വാസുദേവന്റെ സഹോദരന് ടി.ഇ. ഭാസ്കരന് ചലച്ചിത്ര വിതരണരംഗത്ത് സജീവമായുണ്ടായിരുന്നു. പക്ഷെ അദ്ദേഹം വാസുദേവന്‍ സാറിന്റെ അനുജന് എന്ന പേരില്‍ ആദരിക്കപ്പെട്ടിരുന്നു എന്നല്ലാതെ വാസുദേവന്‍ സാറിന്റെ ചിത്രങ്ങളുടെ വിതരണമല്ല നിര്‍വഹിച്ചിരുന്നത്.
സമാന്തരമായിട്ടായിരുന്നു വ്യാപനം. അസോഷ്യേറ്റഡ് പിക്ച്ചേഴ്സ് ഒഴിഞ്ഞു ജയമാരുതി എന്ന ബാനറില്‍ സ്വന്തം നിലയില്‍ നിര്‍മാണം തുടരുമ്പോഴും ടി.ഇ. വാസുദേവന്‍ കുടുംബത്തിനകത്തുനിന്നും നിര്‍വഹണ സാരഥികളോ തുടര്‍ച്ചകളോ ഉണ്ടായില്ല.
ഇവര്‍ മൂന്നുപേരുമല്ലാതെ ഈ കാല് നൂറ്റാണ്ടിനിടയില്‍ ചിത്രനിര്മാണത്തിനിറങ്ങിയവരില് വളരെ കുറച്ചുപേര്‍ മാത്രമാണ് വീണ്ടും ഈ രംഗത്തേയ്ക്കുവന്നത്. വരാന്‍ ശ്രമിച്ചു കഴിയാതെ പോയവരുണ്ട്. മലയാളം വിട്ടു മറ്റു ഭാഷകളില്‍ യാത്രതുടര്ന്നവരുണ്ട്. സിനിമ വിട്ട് മറ്റു മേഖലകളിലേക്ക് പിന്‍വാങ്ങിയവരും വഴിതിരിഞ്ഞവരുമുണ്ട്.
വാണവരും വീണവരും ചേര്‍ന്ന് മാത്രമല്ലേ എവിടെയും ചരിത്രം പൂര്ത്തിയാകുന്നുമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: