പാലക്കാട്:ജില്ലയിലെ മലയോരമേഖലയില്‍ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ വാളയാര്‍ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴില്‍ പുതുശ്ശേരിയില്‍ ദ്രുതകര്‍മസേന യൂണിറ്റ് സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ:പി.സുരേഷ് ബാബു ഡിഎഫ്ഒക്ക് നിര്‍ദേശം നല്കി.കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.നിലവില്‍ പുതുശ്ശേരി പ്രദേശത്ത് ആനയെത്തിയാല്‍ ദ്രുതകര്‍മസേനയുടെ സേവനം ലഭിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വരുന്നുണ്ട്. ദ്രുതകര്മസേനയെത്തുമ്പോഴേക്കും ആന മറ്റൊരിടത്തേയ്ക്ക് മാറുന്ന സ്ഥിതിയാണുള്ളത്. പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണം.
കാട്ടാന ശല്യത്തില്‍ കൃഷി ഉള്‍പ്പെടെ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കും. കാട്ടാനകള്‍ തകര്‍ത്ത വൈദ്യുതി വേലി കൃത്യമായി നവീകരിക്കണം. രൂക്ഷമായ കാട്ടാനശല്യമുള്ള സ്ഥലങ്ങളില്‍ വൈദ്യതിവേലി നിര്‍മിക്കുമ്പോള്‍ ജനജാഗ്രതാസമിതിയുടെ സഹകരണം ഉറപ്പുവരുത്തണം. വനം വകുപ്പിന്റെ കീഴിലുള്ള പ്രദേശങ്ങളിലെ അടിക്കാടുകള്‍ അടിയന്തരമായി വെട്ടണം.
പ്രശ്നത്തിന്റെ ഗൗരവം കൃത്യമായി മുഖ്യമന്ത്രിയേയും വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയേയും അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
കൂട്ടമായി നില്ക്കുന്ന ആനകളെ മയക്കുവെടിവെച്ച് മറ്റൊരിടത്തേയ്ക്ക് മാറ്റുന്നത് ബുദ്ധിമുട്ടാണെന്നും ആനയുടെ അടുത്ത് ചെന്ന് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് തുരത്താന്‍ പരിശീലനം ലഭിച്ചവര്‍ വനം വകുപ്പിലില്ലെന്നും ഡി.എഫ്.ഒ. സാമുവല്‍.വി.പച്ചൗ പറഞ്ഞു.
വൈദ്യതിവേലിയോടൊപ്പം ട്രെഞ്ചും നിര്‍മിച്ചുള്ള പ്രതിരോധ മാര്‍ഗം അനിവാര്യമാണെന്നും ട്രെഞ്ച് നിര്‍മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും ഡി.എഫ്.ഒ. അറിയിച്ചു.വാളയാര്‍, വാദ്യാര്‍ചള്ള, കോട്ടാംപട്ടി, ആറ്റുപ്പതി, കളപ്പാറ, പൈറ്റുകാട്, വലിയേരി, പൊട്ടന്‍ചിറ, നരകംപുള്ളി മേഖലകില്‍ മൊത്തമായും 18 കി.മീ. ദൂരത്തില്‍ വൈദ്യതിവേലി ആവശ്യമാണെന്നും അപകടകാരികളായ ആനകളെ കൃത്യമായി കണ്ടെത്തി പ്രദേശത്തുനിന്നും ഒഴിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, എ.ഡി.എം.എസ്. വിജയന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിതിന്‍ കണിച്ചേരി, കെ.രാജന്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പാടശേഖര സമിതി അംഗങ്ങള്‍, കൃഷി നഷ്ടം സംഭവിച്ചവര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: