തിരുവനന്തപുരം: പെണ്‍വാണിഭ സംഘാംഗത്തെ കൊലപ്പെടുത്തിയ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. അടൂര്‍ സ്വദേശി രഞ്ജു കൃഷ്ണ(34)നെയാണ് കൊലപ്പെടുത്തിയത്. രഞ്ജു കൃഷ്ണന്റെ സംഘത്തിലുണ്ടായിരുന്ന മലയിന്‍കീഴ് അരുവിപ്പാറ വിറക് വെട്ടിക്കോണത്ത് വീട്ടില്‍ അഭിലാഷ്(31), വെമ്പായം തേക്കട കൊച്ചാലുംമൂട് കിഴക്കതില്‍ വീട്ടില്‍ ദീപക്ക്(27), ആറ്റിപ്ര നെഹ്‌റു ജംഗ്ഷനില്‍ കൃതികഭവനില്‍ ഹരിലാല്‍ (37), ആക്കുളം മടത്തുവിള ലൈനില്‍ ഷാഹിര്‍(19) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തില്‍പ്പെട്ടവരാണിവര്‍. സംഘത്തിലെ സ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ രഞ്ജു കൃഷ്ണന്‍ പീഡിപ്പിച്ചതാണ് കൊലയില്‍ കലാശിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 24-നാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ കഴിയുകയായിരുന്ന രഞ്ജുകൃഷ്ണനെ പ്രതികള്‍ കാറില്‍ കയറ്റി പലഭാഗത്തും കൊണ്ടുപോയി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനിടെ രഞ്ജുകൃഷ്ണന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പ്രതികളിലൊരാളുടെ കാറില്‍ മൃതദേഹം കര്‍ണാടക അതിര്‍ത്തിയിലെ കുടകിലെത്തിച്ച് കൊക്കയില്‍ തള്ളി. ഒളിവില്‍ പോയ പ്രതികളെ മൂന്നാറില്‍ നിന്നാണ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്കുമാറിന്റെ നേത്യത്വത്തിലുള്ള സംഘവും ഷാഡോ ടീമുമാണ് പ്രതികളെ പിടികൂടിയത്.
















