ന്യൂദല്‍ഹി: സീസണിലെ മികച്ച പ്രകടനം കാഴ്ചവെച്ച കിഡംബി ശ്രീകാന്തിന് ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം.
25കാരനായ ഷ്രീകാന്ത് രണ്ട് സ്ഥാനങ്ങള്‍ മുന്നേറിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അസെല്‍സണാണ് റാങ്കിങ്ങില്‍ ഒന്നാമത്. ചൈനീസ് താരം ലിന്‍ഡാനെയും കൊറിയന്‍ താരം സണ്‍വാന്‍ ഹോയേയും പിന്തള്ളിയാണ് ശ്രീകാന്ത് രണ്ടാം സ്ഥാനത്തേയ്‌ക്ക് മുന്നേറിത്.
മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ശ്രീകാന്ത് ഈ വര്‍ഷം അഞ്ച് സൂപ്പര്‍ സീരീസ് ഫൈനലുകളില്‍ നാലെണ്ണവും സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഈ നോട്ടം കൈവരിക്കുന്ന നാലമത്തെ താരമാണ് കിഡംബി. ചൈനയുടെ ലിന്‍ഡാന്‍, മലേഷ്യയുടെ ലീ ചോങ് വീ, ചൈനയുടെ തന്നെ ചെന്‍ ലോങ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ബാഡ്മിന്റണ്‍ ഇതിഹാസങ്ങള്‍.
ഈ സീസണില്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഡെന്‍മാര്‍ക്ക് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ ശ്രീകാന്തിനായിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ സീരീസില്‍ ജപ്പാന്റെ നിഷി മോട്ടോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് കിരീടം സ്വന്തമാക്കിയത്.
2015 ജൂണില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതാണ് ശ്രീകാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടം.
















