തിരുവനന്തപുരം: വിദേശ താരങ്ങളുമായി ഇറങ്ങിയ മുംബൈ ഒഎന്‍ജിസിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി എസ്ബിഐ തിരുവനന്തപുരം ജിവി രാജാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സെമിയില്‍. നാളെ നടക്കുന്ന സെമിയില്‍ തിരുവനന്തപുരം ഏജീസാണ് എസ്ബിഐയുടെ എതിരാളി. മത്സരത്തിന്റെ 86-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ജോണ്‍ ആണ് എസ്ബിഐ യ്‌ക്ക് വിജയഗോള്‍ സമ്മാനിച്ചത്.
ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ എസ്ബിഐക്ക് ലഭിച്ചെങ്കിലും ഗോള്‍ ആക്കി മാറ്റാന്‍ മുന്നേറ്റ നിരയ്‌ക്ക് സാധിച്ചില്ല. ഇതോടെ ഒന്നാംപകുതി ഇരു ടീമുകളും ഗോള്‍രഹിതമായി. മത്സരത്തിന്റെ 77-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കും എസ്ബിഐയ്‌ക്ക് ഗോള്‍ ആക്കാന്‍ സാധിച്ചില്ല. മത്സരം അവസാനിക്കാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ആണ് എസ്ബിഐയ്‌ക്കു വേണ്ടി വിജയഗോള്‍ മാര്‍ട്ടിന്‍ സ്വന്തമാക്കിയത്. പിന്നീട് പൂര്‍ണമായും പന്ത് എസ്ബിഐയുടെ വരുതിയിലായിരുന്നു. നാളെ വൈകിട്ട് നാലിന് ഏജീസുമായി എസ്ബിഐ സെമി ഫൈനലില്‍ ഏറ്റുമുട്ടും.
















