ന്യൂയോര്‍ക്ക്; ന്യൂയോര്‍ക്ക് നഗരമധ്യത്തില്‍ ഭീകരന്‍ മരണം വിതച്ചത് അള്ളാഹു അക്ബര്‍ എന്ന് അലറിവിളിച്ചുകൊണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വാടകയ്‌ക്ക് എടുത്ത പിക്ക് അപ്പ് വാന്‍ മാന്‍ഹാട്ടനില്‍, കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഒാടിച്ചുകയറ്റുകയായിരുന്നു. കഴിഞ്ഞ രാത്രിയിലുണ്ടായ ആക്രമണത്തില്‍ 8 പേര്‍ മരിച്ചു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു, പലരുടെയും നില ഗുരുതരമാണ്.
29കാരനായ ഭീകരന്‍ സെയ്ഫുള്ള് ഹബീബുള്ള എവിക്‌സായ്‌പോയ്‌ക്ക് വയറ്റില്‍ വെടിയേറ്റിട്ടുണ്ട്. അക്രമണം കഴിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാന്‍ സ്‌കൂള്‍ ബസിലിടിച്ചു. ഈ സമയത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് വെടിവച്ചത്. ഇയാള്‍ ഉസ്ബക്കിസ്ഥാനിയാണ്. 2010 മുതല്‍ അമേരിക്കയിലാണ് താമസിക്കുന്നത്.ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസാണ് പിന്നിലെന്നാണ് സൂചന. ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു ഭീകരാക്രമണം.
മരിച്ചവരില്‍ അഞ്ചു പേര്‍ അമേരിക്ക സന്ദര്‍ശിക്കാനെത്തിയ അര്‍ജന്റീനക്കാരാണ്. ആക്രമണം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച കുറിപ്പ് സംഭവത്തിനു പിന്നില്‍ ഐഎസ്ആണെന്ന് സൂചിപ്പിക്കുന്നു.
താന്‍ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് പ്രമുഖ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ കുറിച്ചു. തന്റെ താമസ സ്ഥലത്തു നിന്ന് അഞ്ചു വീടുകള്‍ക്കപ്പുറത്തായിരുന്നു ആക്രമണം . അതിന് അല്പ്പം മുന്‍പുവരെ പ്രിയങ്കയുടെ ടിവി ഷോയുടെ ചിത്രീകരണം അവിടെ നടന്നിരുന്നു.
















