തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ വച്ച് ഗണപതി അയ്യര്‍ എന്ന ഭക്തനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ക്ഷേത്ര മാനേജര്‍ ശ്രീകുമാറിനെതിരെ ഫോര്‍ട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 341, 506 (1), 294 (ബി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ഒക്‌ടോബര്‍ 29 നാണ് കേസിന് ആസ്പദമായ സംഭവം.
രാവിലെ 11 ന് ഗണപതി അയ്യര്‍ വടക്കേ നട വഴി തൊഴാനായി കയറുമ്പോള്‍ അദ്ദേഹത്തെ മാനേജര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ‘എടാ പൂണൂലിട്ട പറയ’ എന്ന് ആക്രോശിക്കുകയും ചെയ്തു എന്നാണ് പരാതി. മാനേജര്‍ക്കെതിരെ നിരവധി പരാതികള്‍ അധികൃതരുടെ മുന്നില്‍ എത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ യാതൊരു ശിക്ഷണ നടപടിയും എടുത്തിട്ടില്ല.
‘ഉത്സവദക്ഷിണ’യ്‌ക്കായി എത്തിയ എട്ടരയോഗത്തിലെ സ്ഥാനികളെ ക്ഷേത്രജീവനക്കാര്‍ അപമാനിച്ചതായും ആരോപണമുണ്ട്. ഈ ചടങ്ങിന് വേദവ്യാസരുടെ ശ്രീകോവിലിനു മുന്നിലാണ് യോഗത്തു പോറ്റിമാര്‍ ഇരിക്കേണ്ടത്. ഇരിക്കാനുള്ള ആവണപ്പലക മൂന്നു പോറ്റിമാര്‍ ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ നല്‍കിയില്ല. അര മണിക്കൂര്‍ കഴിഞ്ഞാണ് ആവണപ്പലക നല്‍കിയത്. തന്ത്രി ദക്ഷിണയ്‌ക്ക് മുമ്പ് ഒരു യോഗത്തുപോറ്റി ഗണപതിക്ക് നിവേദിക്കേണ്ടതുണ്ട്. ഈ പോറ്റിക്ക് തറ്റുടുക്കാനുള്ള വസ്ത്രവും നിവേദ്യ പദാര്‍ഥങ്ങളും ക്ഷേത്രത്തില്‍ നിന്ന് നല്‍കേണ്ടതാണ്. എന്നാല്‍ ഇത്തവണ വസ്ത്രം നല്കിയതേ ഇല്ല. നിവേദ്യ പദാര്‍ഥങ്ങള്‍ വളരെ വൈകിയാണ് ജീവനക്കാര്‍ നല്‍കിയത്. എട്ടരയോഗത്തിലെ സ്ഥാനികളെയും തൊഴാന്‍ വരുന്ന ഭക്തജനങ്ങളെയും അപമാനിച്ച ക്ഷേത്രജീവനക്കാര്‍ക്ക് എതിരെ മാതൃകാപരമായ നടപടി കൈക്കൊള്ളണമെന്ന് കേരള ബ്രാഹ്മണ സഭ ക്ഷേത്ര ഭരണസമിതി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ ഹരിപാലിനോട് ആവശ്യപ്പെട്ടു.
















