തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ജീവനക്കാരുടെയും കൂട്ടായ്‌മയായ സേക്രഡ് സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. ‘കണ്ണുതുറപ്പിക്കല്‍ സമരം’ എന്ന പേരില്‍ ആരംഭിച്ച സമരം ഇന്ന് ഉച്ചയ്‌ക്ക് സമാപിക്കും.
ഉമ്മന്‍ചാണ്ടി സമരം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ പരിഗണിക്കാത്തത് മനുഷ്യത്വരഹിതമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ്പദവി നല്‍കാന്‍ തീരുമാനമായെങ്കിലും അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിച്ചില്ല. സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് മറ്റ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് നല്‍കുന്ന വേതനമെങ്കിലും നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്ഗ്രാന്റ് തുടരണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഫാ. റോയി മാത്യു വടക്കേല്‍, ഫാ. റോയി കണ്ണംചിറ, ഫിലിപ് സൈമണ്‍, തങ്കമണി, സുശീല കുര്യച്ചന്‍ എന്നിവര്‍ സംസാരിച്ചു. സമരത്തിന്റെ സമാപനത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി 15,000 പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
















