ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കണ്ണുനട്ട് റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ ഇന്നിറങ്ങും. രാത്രി ഒന്നേകാലിനാണ് പോരാട്ടങ്ങള്‍.
ഗ്രൂപ്പ് എച്ച് ല്‍ റയല്‍ മാഡ്രിഡിന് ടോട്ടനം എതിരാളി. മൂന്നു കളി പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും ഏഴ് പോയിന്റ് വീതമെങ്കിലും ടോട്ടനമാണ് ഒന്നാമത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും അപോയലും ഏറ്റുമുട്ടും.
ഗ്രൂപ്പ് എഫില്‍ നെപ്പോളിയെ നേരിടുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു സമനില മതിയാകും. മൂന്നില്‍ മൂന്നും ജയിച്ച് സിറ്റി ഒന്നാമത്. നെപ്പോളിക്ക് ഒരു ജയം മാത്രം. രണ്ട് ജയവുമായി രണ്ടാമതുള്ള ഷാക്തര്‍ ഡോണെറ്റ്‌സ്‌കിന് ഫെയര്‍നൂദിനെ തോല്‍പ്പിച്ചാല്‍ മുന്നോട്ടുള്ള യാത്ര എളുപ്പം.
ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂളിന് പോരാട്ടം കടുപ്പം. മൂന്ന് കളിയില്‍ അഞ്ചു പോയിന്റുമായി ഒന്നാമതെങ്കിലും ഇന്ന് എന്‍കെ മാരിബോറിനെ തോല്‍പ്പിക്കണം. ഗ്രൂപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ സ്പാര്‍ട്ട മോസ്‌കോയും സെവിയ്യയും മുഖാമുഖം. സ്പാര്‍ട്ട (അഞ്ച് പോയിന്റ്) രണ്ടാമത്, സെവിയ്യ (നാല്) മൂന്നാമത്.
ഗ്രൂപ്പ് എഫില്‍ മൂന്നു ജയവുമായി മുന്നിലുള്ള ബെസിക്റ്റാസ് അവസാന സ്ഥാനത്തുള്ള ഫ്രഞ്ച് കരുത്തര്‍ മൊണാക്കൊയെ നേരിടും. ജയിച്ചാല്‍ ബെസിക്റ്റാസ് മുന്നേറും, അതിജീവനത്തിന് മൊണാക്കൊയ്‌ക്ക് ജയം അനിവാര്യം. മറ്റൊരു കളിയില്‍ ലെയ്‌പ്‌സിഗ്, എഫ്‌സി പോര്‍ട്ടൊയുമായി മാറ്റുരയ്‌ക്കും.
















