ആശ്രയിക്കുന്നവര്‍ക്കെല്ലാം അനുഗ്രഹവര്‍ഷം ചൊരിഞ്ഞു വൈഷ്ണവ തേജസ്സ് കുടികൊള്ളുന്ന മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കൊല്ലം കണ്ണനല്ലൂര്‍ റോഡില്‍ മുഖത്തലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
പൗരാണികതയെ ബലപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങളും പൂജാവിധികളും നടത്തുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മുഖത്തല മുരാരി ക്ഷേത്രം. വളരെ പുരാതനമായ ഈ ക്ഷേത്രത്തെക്കുറിച്ചു നിരവധി ഐതിഹ്യങ്ങളുണ്ട് . നാടിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വിഘ്‌നമായിരുന്ന മുരനെന്ന അസുരനെ വധിക്കുവാന്‍ പ്രദേശവാസികളുടെ നിരന്തര പ്രാര്‍ത്ഥനകളുടെ ഫലമായി പ്രത്യക്ഷപ്പെട്ട ശ്രീ മഹാവിഷ്ണു, മുരനെ വധിക്കുകയും മുരഹരിയായി മുഖത്തലയില്‍ വിളങ്ങുകയും നാടിനു നഷ്ടപ്പെട്ട ഐശ്വര്യങ്ങളെല്ലാം തിരികെ ലഭിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.
മുരനെ വധിച്ച ഭഗവാനെ ദേവപ്രശ്‌ന വിധിപ്രകാരം വട്ടത്തില്‍ ശ്രീകോവില്‍ കെട്ടി ചതുര്‍ബാഹുരൂപത്തില്‍ കുടിയിരുത്തി ജനങ്ങള്‍ ആരാധിച്ചു പോരുന്നു. ചരിത്രത്തില്‍ പെരുമാള്‍ സ്വാമി എന്നറിയപ്പെടുന്ന ഇവിടുത്തെ വൈഷ്ണവ ചൈതന്യം കാലക്രമത്തില്‍ മുരനെ വധിച്ച മുരാരിയായി ഭക്തമനസ്സുകളില്‍ നിറസാന്നിധ്യമായി വിളങ്ങുന്നു. ഒറ്റക്കല്ലില്‍ പടുത്തുയര്‍ത്തിയ ചെമ്പുമേഞ്ഞ മണ്ഡപവും വട്ട ശ്രീകോവിലും നവഗ്രഹപ്രതിഷ്ഠ കൊത്തിയ നവഖണ്ഡ പലകയും ചൂടും തണുപ്പും അനുഭവിക്കാത്ത ബലിക്കല്‍പുരയും കൂത്തമ്പലവും ഊട്ടുപുരയും മാളികയും വലിയചുറ്റുമതിലും ക്ഷേത്ര പഴമയുടെ തെളിമയാണ്.
ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദൂരം താണ്ടുന്ന തിരുവാഭരണ ഘോഷയാത്ര ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് പ്രാചീന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്ന് നിലനില്‍ക്കുന്ന ഈ ക്ഷേത്രത്തിന്റെ താന്ത്രികാവകാശം തരണരനല്ലൂര്‍ തന്ത്രിമാര്‍ക്കാണ്. ഇപ്പോള്‍ അത്തിയറമഠമാണ് താന്ത്രിക പ്രവര്‍ത്തികള്‍ ചെയ്യുന്നത്. മേടമാസത്തിലെ അത്തം നാളിലാണ് ക്ഷേത്രത്തിലെ ഉത്സവാരംഭം. തലേന്ന് പൂരം നാളില്‍ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ഓലയില്‍ അയ്യപ്പന്‍ കാവിലും ഉടയന്‍ കാവിലും നാഗരാജാവിനും ശുദ്ധി കലശം നടത്തുന്നു. തിരുവോണം നാളില്‍ ആറാട്ടോടെ ഉത്സവം സമാപിക്കുന്നു
പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നത് സാധിച്ചു തരുന്ന മുരാരിയെ കാണാന്‍ സമീപപ്രദേശങ്ങളില്‍ നിന്നുമാത്രമല്ല ദൂരദേശങ്ങളില്‍നിന്നും ഭക്തര്‍ ഇവിടെയെത്തിച്ചേരാറുണ്ട്.
ഏകവിഗ്രഹ പ്രതിഷ്ഠയുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണ് മുഖത്തല ക്ഷേത്രം. എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ഠ ഉണ്ടാകും. ഇവിടെ അതില്ല. നിത്യവും ഗണപതി ഹോമം നടക്കുന്നത് സങ്കല്‍പ്പത്തിലാണ.് അതുപോലെ മൃത്യുഞ്ജയ ഹോമവും ഭഗവതി ഹോമവും സങ്കല്‍പ്പത്തിലാണ്. മാത്രമല്ല നാഗരാജാവിന്റെ പ്രതിഷ്ഠ ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്താണ് .
ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ വളരെ പഴക്കമുള്ള ആല്‍മരവും യക്ഷി അമ്പലവും സ്ഥിതിചെയ്യുന്നു. പഴയ ദേവസ്വം പ്രമാണങ്ങളിലും പടിത്തരങ്ങളിലും മുഖത്തല മുരാരി പെരുമാള്‍ സ്വാമിയാണ്. പെരുമാള്‍ എന്നാല്‍ മഹാവിഷ്ണു. ഇവിടുത്തെ വിഗ്രഹം മുമ്പുണ്ടായിരുന്നതും ഇപ്പോഴുള്ളതും വിഷ്ണുവിന്റേതാണ് പഴയ ചതുര്‍ബാഹു വിഗ്രഹത്തില്‍ ശംഖ് , ചക്രം , ഗദ , അഭയ മുദ്ര എന്നിവയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അഭയ മുദ്രയ്‌ക്ക് പകരം കൈയ്യില്‍ താമരയാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെ മിക്ക ശ്രീകൃഷ്ണ്ണ ക്ഷേത്രങ്ങളിലും ഗോപുരത്തില്‍ നിന്നാല്‍ വിഗ്രഹം ദൃശ്യമാണ് ചിലയിടങ്ങളില്‍ ഗര്‍ഭഗൃഹ വാതില്‍പ്പടിയില്‍ നിന്നാല്‍ തൊടാന്‍ കഴിയുന്ന രീതിയിലാണ് വിഗ്രഹ പ്രതിഷ്ഠ. എന്നാല്‍ മുഖത്തല ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തു കയറിയാലും കെടാവിളക്കിനടുത്തു നിന്നാലും വിഗ്രഹം ദൃശ്യമല്ല.
ഗര്‍ഭഗൃഹത്തില്‍ വളരെയുള്ളിലാണ് വിഗ്രഹത്തിന്റെ സ്ഥാനം. മണ്ഡപത്തിനു മുന്നില്‍ ശ്രീ കോവിലിലെ സോപാനപടിക്ക് കിഴക്കു ദര്‍ശന സ്ഥലത്തു നിന്നാല്‍ മാത്രമേ വിഗ്രഹ ദര്‍ശനം സാധ്യമാകൂ. കിഴക്കുള്ള വലിയ ബലിക്കല്ലിന്റെ മുകള്‍തെറ്റിനു സമാന്തരമായിട്ടാണ് വിഗ്രഹപീഠം ഉറപ്പിച്ചിരിക്കുന്നത്. ഈ ഉയരമാണ് വിഗ്രഹത്തെ പുറത്തുനിന്നാല്‍ ദൃശ്യമല്ലാതാക്കുന്നത് ഇത് ഇവിടുത്തെ അത്യപൂര്‍വമായ പ്രത്യേകതയാണ്. ഭഗവാന്‍ മഹാവിഷ്ണു മുരാരിയായി അവതരിച്ചു മുര നിഗ്രഹം നടത്തി ചതുര്‍ബാഹുവായി കുടികൊള്ളുന്ന മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ രാവിലെ 4 .30 നു നട തുറക്കുന്നു. ഉച്ചപൂജയ്‌ക്കു ശേഷം 12 മണിക്ക് അടയ്‌ക്കുന്ന ക്ഷേത്രം വൈകിട്ട് 5 ന് തുറന്നു രാത്രി 8 മണിക്ക് അത്താഴപൂജയോടുകൂടി നട അടയ്‌ക്കുന്നു.
നിത്യവും അഞ്ചു പൂജയും നവകവും കുംഭമാസത്തിലെ കളഭാഭിഷേകവും വര്‍ഷം തോറും കളമെഴുത്തും പാട്ടും ജന്മാഷ്ടമിയിലെ പായസപൊങ്കാലയും (അഷ്ടമി പൊങ്കല്‍ ) കുചേല ദിനാഘോഷവും നവരാത്രി ആഘോഷങ്ങളും ചിങ്ങത്തിലെ നിറപുത്തരിയും വിഷു ആഘോഷങ്ങളും ഈ മഹാക്ഷേത്രത്തിന്റെ പ്രത്യേകതയാണ് . കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മോഹനമാര്‍ന്ന കൊത്തുപണികളും ചാരുതയാര്‍ന്ന ദാരുശില്‍പങ്ങളും ക്ഷേത്രത്തെ ആകര്‍ഷകമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: