ചിറയിന്‍കീഴ്: ചിറയിന്‍കീഴ് റെയില്‍വേ മേല്‍പ്പാലത്തിനായി ഭൂമി നല്‍കിയവരുടെ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലാണ് യോഗം. യോഗത്തില്‍ ഭൂമികളുടെ വില തീര്‍പ്പാക്കി. അടുത്തയാഴ്ച മുതല്‍ 78 പേര്‍ക്കും വില നല്‍കും. എ വിഭാഗമായ ചിറയിന്‍കീഴ് ബസ് സ്റ്റാന്റ് മുതല്‍ വലിയകട വരെയുള്ള ഭൂമി ഉടമകള്‍ക്ക് സെന്റിന് ഒമ്പത് ലക്ഷം രൂപയും, ബി വിഭാഗമായ ചിറയിന്‍കീഴ് ബസ് സ്റ്റാന്റ് മുതല്‍ പണ്ടകശാല വരെയുള്ള ഭൂമി ഉടമകള്‍ക്ക് സെന്റിന് ഏഴ് ലക്ഷത്തി ഒമ്പതിനായിരവുമാണ് വില നിശ്ചയിച്ചത്. ആകെ 78 പേരില്‍നിന്നാണ് വസ്തു ഏറ്റെടുക്കുന്നത്. ഭൂമിയുടെ വിലയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനും അനുബന്ധകാര്യങ്ങളും ഉറപ്പിക്കുന്നതിനാണ് യോഗം ചേര്‍ന്നത്.
വസ്തു നല്‍കിയവര്‍ കൃത്യമായി യോഗത്തിനെത്തണമെന്നുകാട്ടി കഴിഞ്ഞയാഴ്ച കളക്ടറേറ്റിലെ ലാന്‍ഡ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ വസ്തു ഉടമകള്‍ക്കു കത്തുനല്‍കിയതിന്റെ ഭാഗമായാണ് തിങ്കളാഴ്ച കളക്ടറുടെ ചേംബറില്‍ യോഗം നടന്നത്. ഈ യോഗത്തിനു മുന്നോടിയായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂമി നല്‍കിയവരുടെ സമ്മതപത്രം വാങ്ങിയിരുന്നു. ശനിയാഴ്ച മുതലാണ് സമ്മതപത്രം വാങ്ങിത്തുടങ്ങിയത്. 2015-ല്‍ കളക്ടറേറ്റില്‍ റവന്യൂവകുപ്പ് സമ്മതപത്രം വാങ്ങിയിരുന്നു. ഇതിനുപുറമേയാണ് പൊതുമരാമത്ത് വകുപ്പിന്റെ സമ്മതപത്രം വാങ്ങല്‍ നടന്നത്. മേല്‍പ്പാലത്തിന് കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന്റെ (കിഫ്ബി) അംഗീകാരം കിട്ടിയിട്ടുണ്ട്. സ്ഥലമെടുക്കുന്നതിനും പാലം നിര്‍മാണത്തിനുമായി 25.08 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വരുന്ന രണ്ടുമാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുത്തുകൊണ്ട് ഈ സാമ്പത്തികവര്‍ഷം അവസാനിക്കും മുന്‍പുതന്നെ പാലത്തിന്റെ നിര്‍മാണം തുടങ്ങുവാനാണ് നീക്കം. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള(ആര്‍ബിഡിസികെ) യ്‌ക്കാണ് നിര്‍മാണച്ചുമതല.
















