ലാഹോര്‍: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ പാക്കിസാഥന്റെ ബാറ്റ്‌സ്മാന്‍ ഷൊയൈബ് മാലിക് മാന്‍ ഓഫ് ദി സീരീസായപ്പോള്‍ ഭാര്യയും ടെന്നീസ് താരവുമായ സാനിയ മിര്‍സയ്‌ക്കൊരു മോഹം. ട്വിറ്ററില്‍ ആ മോഹം പങ്കുവെച്ചപ്പോള്‍ കിട്ടിയ മറുപടികളും റീട്വീറ്റുകളും കൗതുകമായി.
മൂന്നാമത്തെ ടി20യും വിജയിച്ചതിനു ശേഷം സമ്മാനദാന ചടങ്ങില്‍ ഷൊയൈബ് മാലിക്കിനു കിട്ടിയത് ഒരു മോട്ടാര്‍ ബൈക്ക്. സ്‌റ്റേഡിയത്തില്‍ കളികാണാനുണ്ടായിരുന്ന സാനിയ അപ്പോള്‍ ട്വീറ്റ് ചെയ്തു, ആ ബൈക്കിലൊന്നു കറങ്ങാന്‍ മോഹം. ഷൊയൈബ് മറുപടി നല്‍കി, ഒരുങ്ങിയിരുന്നോളൂ, ഇപ്പോള്‍ത്തന്നെ പോകാം.
അപ്പോഴേക്ക് ട്രോഫിയുമായി മാലിക്കിന്റെ പിന്നിലിരുന്ന് പാക് ലെഗ് സ്പിന്നര്‍ ഷാദാബ് ഖാന്‍ സ്റ്റേഡിയത്തിനു വലംവെച്ചു. ഉടന്‍ വന്നു സാനിയയുടെ അടുത്ത ട്വീറ്റ്, പിന്‍സീറ്റില്‍ ഇപ്പോള്‍ മറ്റൊരാളുണ്ടല്ലോ, സാരമില്ല…തൊട്ടു പിന്നാലെ സാനിയയോടു സോറി പറഞ്ഞ് ഷാദാബിന്റെ ട്വീറ്റ് വന്നതോടെ ബൈക്കും തമാശ ട്വീറ്റുകളും ആരാധകര്‍ ഏറ്റെടുത്തു.
















