ചിലര്‍ ചോദിക്കുന്നു രാഷട്രപതി കേരളത്തെ പുകഴ്‌ത്തിയത് സംഘപരിവാര്‍ എങ്ങനെ സഹിക്കുമെന്ന്. ഇവര്‍ ആദ്യം ഒരുകാര്യം മനസ്സിലാക്കണം. സഖാക്കളെപ്പോലെയല്ല സംഘപരിവാറുകാര്‍. അവര്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നവരാണ്. കേരളം ചില കാര്യങ്ങളില്‍ രാജ്യത്തിന് മാതൃക തന്നെയാണ്. പക്ഷേ അതിന് കേരളത്തിലെ ഇരുമുന്നണികള്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല.
ആരോഗ്യമേഖലയുടെ അവസ്ഥ പരിശോധിച്ചാല്‍ നമുക്ക് നല്ല അറിവും കാര്യശേഷിയും പണത്തിന് അത്യാഗ്രഹവുമില്ലാത്ത അനേകം ഡോക്ടര്‍മാരുണ്ട്. പക്ഷേ സര്‍ക്കാര്‍ തലത്തില്‍ സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ കഴിവുള്ള എത്ര ആശുപത്രികളുണ്ട്? സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍പോലും അടിസ്ഥാനപരമായ കാര്യങ്ങളില്‍ പലതിലും പിന്നാക്കമാണ്. അതേസമയം ഭൂരിഭാഗം സ്വകാര്യമേഖലയിലുള്ള ആശുപത്രികളും ആധുനിക സൗകര്യങ്ങളും മികച്ച ഡോക്ടര്‍മാരും ഉള്ളവയാണ്. അപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഇതുവരെ ഭരിച്ച രാഷ്ടീയക്കാര്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണോ?
ഇനി വ്യവസായങ്ങളുടെ കാര്യമെടുത്താലും സ്ഥിതി മറ്റൊന്നല്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എത്ര വ്യവസായസ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്? ഉള്ളവയില്‍ത്തന്നെ എത്രയെണ്ണം മികച്ചരീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്? അമിത രാഷ്‌ട്രീയ ഇടപെടല്‍ മൂലം തകര്‍ന്നവയും, അന്യസംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടവയുമല്ലേ സ്വകാര്യമേഖലയില്‍ ഉണ്ടായിരുന്നത്. പരമ്പരാഗതമായ വ്യവസായങ്ങള്‍ ഉള്‍പ്പടെ തകര്‍ന്നടിഞ്ഞ ചരിത്രമല്ലേ കൂടുതലും കേരളത്തിനുള്ളത്.
പക്ഷേ നമ്മുടെ മാനവ വിഭവശേഷി കേരളമൊഴികെ മറ്റുസ്ഥലങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു. അത് ഏതെങ്കിലും രാഷ്‌ട്രീയക്കാരന്റെ മേന്മയാണെന്ന് കരുതാമോ? അപ്പോള്‍ ചോദിക്കും വിദ്യാഭ്യാസമേഖലയുടെ പുരോഗതിയോയെന്ന്. കേരളം രൂപീകൃതമായതു മുതല്‍ പത്തുമുപ്പതുകൊല്ലക്കാലത്തെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാകും. അതിനുശേഷമുള്ള അവസ്ഥയോ? അതിനുശേഷം പ്രവാസികളുടെ അദ്ധ്വാനഫലം കേരളത്തിലേക്ക് കൂടുതലായി വരാന്‍ തുടങ്ങുകയും, ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും, ഒപ്പം വിദ്യാഭ്യാസമേഖലയിലേക്ക് വ്യാപകമായി സ്വകാര്യമേഖല കടന്നുവരുകയും ചെയ്തു.
അത് വിദ്യാഭ്യാസമേഖലയ്‌ക്ക് പുതിയൊരുണര്‍വ് നല്‍കുകയും, വിദ്യാഭ്യാസനിലവാരം ഉയരുകയും ചെയ്തു. ഇക്കാര്യത്തിലും രാഷ്ടീയക്കാര്‍ക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്? അങ്ങനെ ഏതുമേഖലയെടുത്താലും ഇതുവരെ കേരളം ഭരിച്ചവര്‍ക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്?
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരുകാര്യം കൂടിയുണ്ട്. പൊതുജനങ്ങള്‍ക്ക് ഗുണമാകേണ്ട പല മേഖലകളും ഇന്ന് സ്വകാര്യവ്യക്തികളുടെ കടന്നുകയറ്റം മൂലം പണത്തോടുള്ള അത്യാര്‍ത്തിയാല്‍ വെറും കച്ചവടസ്ഥാപനങ്ങളായിമാറി. ഇങ്ങനെ ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ നാടാക്കിമാറ്റിയതില്‍ ഇരുമുന്നണികള്‍ക്കും ഒരുപോലെ അഭിമാനിക്കാം.
അപ്പോള്‍ രാഷ്‌ട്രപതി അഭിനന്ദിച്ചതെന്തിനെന്ന് ചിലര്‍ ചോദിക്കാം. രാഷ്‌ട്രപതി അഭിനന്ദിച്ചത് കേരളീയരുടെ മിടുക്കിനെയാണ്. മാനവവിഭവശേഷിയെയാണ്. ഏത് മേഖലകളിലും തിളങ്ങുവാനുള്ള ആ കഴിവിനെയാണ്. ആ കഴിവാണ് രാജ്യത്തിന് മാതൃക.
സുനില്‍ കുമാര്‍. കെ.
കിളിമാനൂര്‍
















