തിരുവനന്തപുരം: കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍ സമൂഹം തകരുമെന്ന് സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്റെ സമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മനുഷ്യനെ നല്ല പൗരനാക്കി മാറ്റുന്നത് നല്ല വിദ്യാഭ്യാസം കൊണ്ടാണ്. പണമല്ല വിദ്യാഭ്യാസമാണ് കുട്ടികള്‍ ലക്ഷ്യമായി കാണേണ്ടതെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസം കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നതാകണം പ്രാഥമിക ലക്ഷ്യമെന്ന് എം. നന്ദകുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് കുട്ടികള്‍ കരസ്ഥമാക്കേണ്ടതെന്ന് ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സി. ബീന പറഞ്ഞു.
ഈ വര്‍ഷം എണ്‍പത്തഞ്ച് ലക്ഷം രൂപയാണ് സമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തികസഹായം, സമൂഹവിവാഹം, ചികിത്സാ സഹായം എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍. എല്‍പി, യുപി, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഐടിഎ എന്നിവയില്‍ ഉള്‍പ്പെടെ നൂറ്റിനാല്‍പ്പത്തൊമ്പത് വിദ്യാര്‍ഥികള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിയത്. ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍.ജെ പ്രദീപ്, വി. അയ്യപ്പന്‍ നായര്‍, കെ.കൃഷ്ണന്‍ നായര്‍, എം.എ. അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















