തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലകളിലെ കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ജൈവകീടനാശിനികള്‍ ഉത്പാദിപ്പിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ രണ്ടു കേന്ദ്രങ്ങളിലായി ജൈവകീടനാശിനിഉത്പാദിപ്പിക്കാന്‍ തീരുമാനമായി. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ക്ക് ഇതിനാവശ്യമായ സാമ്പത്തികസഹായം സര്‍ക്കാര്‍ നല്‍കും.
കേരളത്തിലെ സുഗന്ധവിളകളില്‍ കീടനാശിനി പ്രയോഗം ഒഴിവാക്കാന്‍ കര്‍ഷകര്‍ക്കിടയില്‍ പ്രചാരണം നടത്തും. വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഒരുമാസത്തിനകം ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ടി. മൊഹപാത്രയ്‌ക്ക് നല്‍കും. ഫയലില്‍ നിന്ന് വയലിലേക്ക് എന്ന നൂതനാശയം കര്‍ഷകരിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കും, മന്ത്രി പറഞ്ഞു.
ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കാര്‍ഷിക ഉത്പാദന കമ്മീഷണര്‍ അദ്ധ്യക്ഷനായ സമിതി രൂപീകരിക്കും. നാളീകേര വര്‍ഷാചരണത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച 65 ഇന പരിപാടിയുമായി ഐസിഎആര്‍ സഹകരിക്കും. മികച്ച തെങ്ങിന്‍തൈകള്‍ രണ്ടുവര്‍ഷത്തിനകം പീലിക്കോടുള്ള ഐസിഎആര്‍ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കും. പ്രതികൂല കാലാവസ്ഥയിലും മികച്ച വിള ലഭിക്കുന്ന നെല്ലിനങ്ങളും ഉത്പാദിപ്പിക്കും. കാര്‍ഷിക സര്‍വകലാശാലയും സര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കുന്ന വിത്തുബാങ്ക് പദ്ധതിയില്‍ ഐസിഎആര്‍ സഹകരിക്കും. മികച്ച മഞ്ഞള്‍ വിത്ത് ഐസിഎആര്‍ ലഭ്യമാക്കും. ഓയില്‍ പാമിന്റെ ആയിരം ഹെക്ടറില്‍ മഞ്ഞള്‍ കൃഷി ആരംഭിക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ പഴവര്‍ഗങ്ങള്‍ ഉത്പാദിപ്പിക്കും. 2018 മാര്‍ച്ചിനകം കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ ഒഴിവുകള്‍ നികത്തും. ജിഎസ്ടിയില്‍ നിന്ന് ധാന്യവിളകളെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്, മന്ത്രി പറഞ്ഞു.
















