പേരൂര്‍ക്കട: ഒന്നിനു മുകളില്‍ ഒന്നായി ഫോണ്‍ കോളുകള്‍ വന്നതോടെ ചെങ്കല്‍ചൂള ഫയര്‍ഫോഴ്സിന് ശനിയാഴ്ച സമ്മാനിച്ചത് തിരക്കോടു തിരക്ക്. രാവിലെ 10 ന് തുടങ്ങിയ ഫോണ്‍ കോള്‍ അവസാനിച്ചത് ഉച്ചയ്ക്ക് 2 മണിയോടെയാണ്. പേരൂര്‍ക്കട മണ്ണാമ്മൂല സിആര്‍എ-55ല്‍ 16 കാരന് സിദ്ധാര്‍ഥിന്റെ കൈകള്‍ വ്യായാമം ചെയ്യുന്ന മെഷീനില്‍ കുടുങ്ങിയതറിഞ്ഞ് അവിടേക്ക് തിരിച്ച ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അരമണിക്കൂര്‍ പരിശ്രമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തി പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. മണ്ണന്തല സ്വദേശി ശശികുമാരന് നായരുടെ കിണറ്റില്‍ അകപ്പെട്ട കാളക്കുട്ടിയെ രക്ഷപ്പെടുത്തുന്നതായി അടുത്ത ദൗത്യം. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് മൂടിയില്ലാത്ത കിണറ്റില്‍ വീണ കാളയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. കിഴക്കേക്കോട്ടയിലെ വര്മാ പെട്രോള്‍പമ്പില്‍ നിന്ന് പെട്രോള്‍ ചോര്‍ന്നതായിരുന്നു മറ്റൊരു പ്രശ്നം. ഫില്ലിംഗ് മെഷീന്റെ ക്യാപ്പ് ഇളകിപ്പോയതുമൂലം 50 ലിറ്റര്‍ പെട്രോളാണ് റോഡിലേക്ക് പാഴായത്. ഏതെങ്കിലും വിധത്തില്‍ തീപ്പൊരിയുണ്ടായിരുന്നുവെങ്കില്‍ വന്‍ അത്യാഹിതം ഉണ്ടാകുമായിരുന്നു. ഫയര്‍ഫോഴ്സ് എത്തി വെള്ളം ചീറ്റിയാണ് അപകടാവസ്ഥ പൂര്‍ണമായി ഒഴിവാക്കിയത്. അമ്പലത്തറ കോട്ടപ്പുറത്ത് ഹസീനയുടെ ഇരുനിലവീട്ടിലുണ്ടായ തീപിടിത്തമാണ് മറ്റൊന്ന്. ഇവിടെ വീടിന്റെ രണ്ടാംനിലയില്‍ സൂക്ഷിച്ചിരുന്ന സ്റ്റൗവില്‍ നിന്ന് തീപടര്‍ന്ന് ഉപകരണങ്ങള്‍ കത്തിപ്പോയി. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. എസ്പി ഫോര്‍ട്ട് ആശുപത്രിക്കു സമീപം റോഡുവശത്ത് ഇറക്കിയിരുന്ന മണ്ണ് വീണ് അഞ്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ നിന്നുവീണ ഇവരെ നാട്ടുകാര്‍ ഇടപെട്ടാണ് ആശുപത്രികളില്‍ എത്തിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്തത്. കിള്ളിപ്പാലത്തിനു സമീപം മുരുകന്റെ വീട്ടില്‍ മൂര്‍ഖന്‍ കയറിയത് ഭീതി പരത്തി. അടച്ചിട്ടിരുന്ന വീട്ടില്‍ ഒരു ഗര്ഭിണിമാത്രമാണ് ഉണ്ടായിരുന്നത്. നിലവിളികേട്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ അറിയിച്ചത്. സ്റ്റേഷന് ഓഫീസര്‍ സി. അശോക്കുമാറിന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന്ഓഫീസര്മാരായ രാമമൂര്‍ത്തി, ജയചന്ദ്രന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത്.
















