നെയ്യാറ്റിന്‍കര: നിര്‍മല്‍കൃഷ്ണ നിക്ഷേപത്തട്ടിപ്പിനിരയായി ആത്മഹത്യചെയ്ത നിക്ഷേപകന്റെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ഉദിയന്‍കുളങ്ങര താന്നിവിള അശ്വതിഭവനില്‍ വേണുഗോപാലന്‍ നായരു(61)ടെ മൃതദേഹവുമായാണ് ഉപരോധിച്ചത്.
പണം നഷ്ടപ്പെട്ട വേദനയില്‍ ശനിയാഴ്ച വൈകിട്ടോടെ വേണുഗോപാലന്‍നായര്‍ വീടിനുള്ളിലെ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. മകളുടെ വിവാഹ ആവശ്യത്തിനായി വസ്തുവിറ്റ ഇരുപത്തിഅഞ്ച് ലക്ഷം രൂപ പളുകല്‍ നിര്‍മല്‍കൃഷ്ണ ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. പത്ത് വര്‍ഷത്തിലധികം മുംബൈയില്‍ ഡ്രൈവറായിരുന്ന വേണുഗോപാലന്‍നായര്‍ നാട്ടിലെത്തിയ ശേഷം ചെങ്കലിലെ സ്വകാര്യസ്കൂളിലെ ബസ് ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. ഇളയ മകളായ വിദ്യയുടെ വിവാഹം ഫെബ്രുവരി 7 ന് നിശ്ചയിച്ചിരുന്നു. വിവാഹത്തിന് മറ്റൊരു മാര്‍ഗവും ഇല്ലാത്തതിന്റെ വേദനയിലാണ് വേണുഗോപാലന്‍നായര്‍ മരണത്തിന് കീഴടങ്ങിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഉദിയന്‍കുളങ്ങരയില്‍ കൊണ്ടുവന്ന മൃതദേഹവുമായി നാട്ടുകാരും വിവിധരാഷ്ട്രീയ ജനപ്രതിനിധികളും ചേര്‍ന്ന് ദേശീയപാത ഉപരോധിച്ചു. ഉപരോധ സമരത്തില്‍ എംഎല്‍എമാരായ ആന്‍സലന്‍, സി.കെ ഹരീന്ദ്രന്‍, ബിജെപി ദേശീയ സമിതിഅംഗം കരമന ജയന്, പാറശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്, നെയ്യാറ്റിന്‍കര മണ്ഡലംപ്രസിഡന്റ് സുരേഷ് തമ്പി, ബിജെപി നേതാക്കളായ ആശ്രമം പ്രശാന്ത്, മഞ്ചന്തലസുരേഷ്, ചെങ്കല്‍ ഋഷികേശന്, പൂഴിക്കുന്ന് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. പിന്നീട് വിലാപയാത്രയായി മൃതദേഹം ഉദിയന്‍കുളങ്ങര അശ്വതിയില്‍ എത്തിച്ച് വൈകിട്ട് മൂന്നുമണിയോടെ സംസ്കാരിച്ചു. ശ്രീകുമാരി അമ്മയാണ് ഭാര്യ. മൂത്തമകള്‍ ദിവ്യ വിവാഹിതയാണ്.
















