ദുബൈ: മാറ്റത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ് സൗദി അറേബ്യ. സൗദി യുവരാജാവ് മൊഹമ്മദ് ബിൻ സൽമാൻ നടത്തുന്ന പുത്തൻ പരിഷ്കാരങ്ങളും തന്ത്രപ്രധാനങ്ങളായ നടപടികളും ഇതിന് ആക്കം കൂട്ടുന്നു. സിനിമാ ശാലകൾക്കും സംഗീത നിശകൾക്കും പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ പോകുന്നതും സ്ത്രീകൾക്ക് ഡ്രൈവിംഗ് ഉറപ്പാക്കാൻ പോകുന്നതും സൗദിയുടെ മാറ്റത്തിലേക്കുള്ള വലിയ ഒരു ചുവട് വയ്‌പായിട്ടാണ് ലോകം ഇപ്പോൾ വിലയിരുത്തുന്നത്.
നൂറ്റാണ്ടുകളായി തീവ്ര ഇസ്ലാമിക് ശൈലിയിലും ശരിയാ നിയമത്തിലും അധിഷ്ഠിതമായിരുന്ന സൗദിയെ ആധുനിക ലോകത്തിന്റേതായ രീതിയിലുള്ള പരിഷ്കാരങ്ങൾ വരുത്തുവാൻ യുവരാജാവ് ഏറെ ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ നിയമങ്ങളിലെ കർക്കശ്യം കുറച്ച് ലോകത്തിലെ പല മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് രാജ്യത്ത് ബിസിനസ് രംഗങ്ങളിൽ നിക്ഷേപങ്ങൾക്ക് അവസരമൊരുക്കുന്നതിനുള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്.
അടുത്തിടെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. തീവ്രത കുറഞ്ഞ ഇസ്ലാമിക രീതിയിൽ അധിഷ്ഠിതമായ ഒരു രാജ്യമായിരിക്കണം സൗദി എന്ന തരത്തിലുള്ള പരാമർശങ്ങൾ അദ്ദേഹം നടത്തുകയുണ്ടായി. തന്റെ പിതാവടക്കമ്മുള്ളവരുടെ ചില നടപടികൾ രാജ്യത്തിനെ കുഴപ്പങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്, അതിൽ നിന്നെല്ലാം മോചനം നേടേണ്ട സമയമാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.
2030ഓടു കൂടി പെട്രൊളിയത്തിന് പുറമെ രാജ്യത്തെ വിവിധ മേഖലകളിൽ കൂടുതൽ ശക്തീകരീക്കുക ഒരു സുപ്രധാന കാര്യമാണ്. സഹിഷ്‌ണുതയും പുരോഗമനവും ലളിതവുമായ ഒരു ഇസ്ലാമിക് രാജ്യമാണ് താൻ ലക്ഷ്യമിടുന്നതെന്നും രാജാവ് വ്യക്തമാക്കിയിരുന്നു.
















