മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ച മൂന്നുപേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി.
അട്ടപ്പാടി പല്ലിയറ ലീലാപുരം വീട്ടില്‍ ഭാഗ്യരാജ്(35), അട്ടപ്പാടി കുതിരംപ്പതി അരിയാനിയില് വീട്ടില്‍ ശ്രീകുമാര്‍(25), ജെല്ലിപ്പാറ മണക്കല്‍ വീട്ടില്‍ അനില്‍(25) എന്നിവരെയാണ് പിടികൂടിയത്. ഒമ്മല ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഗൂളിക്കടവ് മലവാരത്തില്‍ നിന്നാണ് ചന്ദനമരം കടത്താല്‍ ശ്രമം നടന്നത്.
മുറിച്ചെടുത്ത ചന്ദനത്തടികളും വാളും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സംഘത്തില്‍ അഞ്ച് പേരാണുള്ളത്. മറ്റു രണ്ടുപേര്‍ ഒടി രക്ഷപ്പെട്ടു. മറ്റ് പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഈ പ്രദേശത്ത് ചന്ദനമരം മുറിച്ചുകടത്തുന്ന സംഘം വ്യാപകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അഗളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി. ഷെറീഫിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഒമ്മല ഡെപ്യൂട്ടിറെയ്ഞ്ച് ഓഫീസര്‍ കെ.കെ.ഹരികുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വി.മുരളീധരന്, ബി.ബിനു, സ്റ്റാഫുകളായ ബി.ആര്.രഞ്ജിത്ത്, കെ.രാമന്, എം.ആര്.രംഗസ്വാമി. വാച്ചര്‍മാരായ രമേഷ്, സണ്ണി, മോഹനന്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: