പത്തനംതിട്ട: ആറന്മുള വിമാനത്താവള കമ്പനിയായിരുന്ന കെജിഎസ് ഗ്രൂപ്പിന് എബ്രഹാം കലമണ്ണില്‍ ഭൂപരിധി നിയമം ലംഘിച്ച് വില്‍പ്പന നടത്തിയ 235 ഏക്കര്‍ ഉള്‍പ്പെടെ 293 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച കോഴഞ്ചേരി താലൂക്ക്ലാന്ഡ് ബോര്‍ഡിന്റെ ഉത്തരവ് അട്ടിമറിച്ച റവന്യൂ ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി ആവശ്യപ്പെട്ടു.
കെ.ജെ.എബ്രഹാമിന് ഹൈക്കോടതിയില്‍ മിച്ചഭൂമി കേസ് നടത്താന്‍ സാവകാശം ലഭിക്കുന്നവണ്ണം 2017 ജൂലൈ പന്ത്രണ്ടിലെ ഉത്തരവ് ആഗസ്റ്റ് ഏഴിന്, 27 ദിവസം താമസിച്ചാണ് കോഴഞ്ചേരി താലൂക്ക് ഓഫിസിലേക്ക് ലാന്‍ഡ് ബോര്‍ഡ് അയച്ചു കൊടുത്തത്. ഇതിന്മേല് ലാന്‍ഡ് ബോര്‍ഡ് ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച്ചയിലും ദുരൂഹതയുണ്ട്. ആഗസ്റ്റ് 14ന് കെ.ജെ എബ്രഹാം കോടതിയില്‍ നിന്ന് തല്‍സ്ഥിതി നിലനിര്‍ത്തുവാനുള്ള ഉത്തരവ് നേടിയെങ്കിലും ഇന്നുവരെ കോടതിയില്‍ ഗവണ്മെന്റ് അപ്പീല്‍ നല്‍കിയിട്ടില്ല.
വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടി അനുസരിച്ച് ഒക്ടോബര്‍ പത്ത് വരെ കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ് ജൂലൈ പന്ത്രണ്ടിലെ ഉത്തരവ് തിരുവനന്തപുരത്തെ ലാന്‍ഡ്ബോര്‍ഡ് കാര്യാലയത്തിലേക്ക് അയച്ചു കൊടുത്തിട്ടില്ല. ബോര്‍ഡ് ഉത്തരവില്‍ പറയുന്നത് കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ തഹസില്‍ദാര്‍മാര്‍ 7 ദിവസത്തിനകം പ്രസ്തുത ഭൂമി ചട്ടപ്രകാരം ഏറ്റെടുത്ത് കേരള സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കണമെന്നാണ്. എന്നാല്‍ ഉത്തരവിറങ്ങി 20 ദിവസത്തിനു ശേഷമാണ് പത്രക്കുറിപ്പായി വിവരം പുറത്തറിയിക്കുന്നത്.
ഈ പത്രക്കുറുപ്പില്‍ പറയുന്നത് ഏഴു ദിവസത്തിനകം സ്ഥലം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി എന്നാണ്. എന്നാല്‍ ഇതേ ഉത്തരവ് ആഗസ്റ്റ് ഏഴിനു മാത്രമാണ് കളക്ട്രേറ്റില്‍ നിന്നും കോഴഞ്ചേരി താലൂക്ക് ഓഫിസിലേക്ക് അയച്ചത്. കോഴഞ്ചേരി താലൂക്ക് ഓഫിസ് ആഗസ്റ്റ് എട്ടിന് കോഴഞ്ചേരി, ആറന്മുള, നാരങ്ങാനം എന്നീ വില്ലേജ് ഓഫിസിലേക്ക് നിര്‍ദ്ദേശം നല്കി. ഉത്തരവ് പ്രകാരം ആഗസ്റ്റ് പതിനൊന്നിന് ആറന്മുള വില്ലേജ് 1.02 ഹെക്ടറും, കിടങ്ങന്നൂര്‍ വില്ലേജ് 1.82 ഹെക്ടറും, മല്ലപ്പുഴശ്ശേരി വില്ലേജ് 2.72 ഹെക്ടറും മിച്ചഭൂമിയായി ഏറ്റെടുത്തതായി മഹസര്‍ തയ്യാറാക്കി.
ഇത്തരം കാര്യങ്ങള്‍ ഏറെ സംശയങ്ങള്‍ക്ക് ഇടനല്കുന്നതിനാല് ഒരു സമഗ്ര അന്വേഷണം നടത്തണമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി പ്രസിഡന്റ് പി.ഇന്ദുചൂഡന്, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ പി.ആര്.ഷാജി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: