നാല്പതു വര്‍ഷം മുന്‍പ്. ഞങ്ങള്‍ മഹാരാജാസ് കോളജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍. ഒരു ദിവസം, എന്റെ സഹപാഠി ആര്.കെ. ദാമോദരന്‍, ഒരു ടേപ്റെക്കോര്ഡുമായാണ് ക്ലാസിലേക്കു വന്നത്. എല്ലാവര്ക്കും കൗതുകം. ”ഞാനൊരു സിനിമയ്ക്കുവേണ്ടി പാട്ടെഴുതിയിരിക്കുന്നു. ഇതാ, കേട്ടോളൂ.” എം.ആര്. ഇന്ദിരടീച്ചറുടേതാണ് ആ പീരീഡ്. ടീച്ചര്‍ ചെറുപ്പക്കാരി, സൗമ്യശീല- വേഗം സമ്മതിച്ചു. അവരുടെ സാന്നിദ്ധ്യത്തില്‍, ദാമോദരന്റെ ആദ്യത്തെ ചലച്ചിത്രഗാനം ഞങ്ങള്‍, ശ്രദ്ധയോടെ, കൗതുകത്തോടെ കേട്ടു.
”രവിവര്‍മ്മചിത്രത്തിന്‍ രതിഭാവമേ…” എന്നു തുടങ്ങുന്ന ഗാനം പാടിയത് യേശുദാസ്; സംഗീതസംവിധായകന് എം.കെ. അര്ജുനന്. ചലച്ചിത്രത്തിന്റെ പേരും (രാജു റഹിം) സംവിധായകന്റെ പേരും (എ.ബി. രാജ്) റെക്കോഡ് ചെയ്ത സ്റ്റുഡിയോയും (എവിഎം തീയേറ്റര്‍, കോടമ്പാക്കം, മദ്രാസ്) മെല്ലാം ദാമോദരന്‍ പറഞ്ഞു. പക്ഷേ, അതൊന്നുമല്ല ഞങ്ങളെ അത്ഭുതപ്പെടുത്തിയത്- രണ്ടു കാര്യങ്ങള്‍- ഇവിടെ, നമ്മുടെ കൂടെ തമാശകള്‍ പറഞ്ഞ്, വിലസി നടക്കുന്ന ഈ പയ്യന് എഴുതിയ വരികള്‍, ഗന്ധര്വ്വഗായകന് എന്ന് അന്നേ പ്രശസ്തനായിരുന്ന യേശുദാസ് പാടിയോ? എം.കെ. അര്‍ജുനനെപ്പോലെ കൃതഹസ്തനായ ഒരു സംഗീതസംവിധായകന് ഇയാളുടെ വരികള്‍ക്ക് സംഗീതം കൊടുത്തുവോ? ഇതു സത്യമായിരിക്കുമോ? ആണെങ്കില്‍ ഇവന് ആള് കൊള്ളാമല്ലോ. ഏറ്റവുമധികം ത്രില്ലടിച്ചത് ഞങ്ങളുടെ ബാച്ചിലെ ബ്രദര്‍ മാത്യു ഈന്തനാങ്കുഴിയായിരുന്നു.
അദ്ദേഹം ഈ പുതിയ വാര്‍ത്ത മലയാളം ഡിപ്പാര്‍ട്ടുമെന്റാകെ നടന്ന് പ്രചരിപ്പിച്ചു. അങ്ങനെ ആര്.കെ. ദാമോദരന്‍ എറണാകുളം മഹാരാജാസില്‍, പ്രത്യേകിച്ച് മലയാളം വകുപ്പില്‍ ഒരു ഹീറോതന്നെയായി. ഞങ്ങളും അഭിമാനിച്ചു- ഞങ്ങളുടെ സഹപാഠി ഒരു സിനിമാക്കാരനായി മാറിയല്ലോ! ആ ഗാനത്തില്‍, ”തിരണ്ടുനില്ക്കുന്നൊരു താരുണ്യമേ…” എന്നും ”വെണ്മണി ശ്ലോകത്തില്‍ നഗ്നശൃംഗാരത്തില്‍, പെണ്മണീ, നിന്നില്‍ ഞാന്‍ പെയ്തിറങ്ങും…” എന്നുമൊക്കെ കേട്ടപ്പോള്‍ സിസ്റ്റര്‍ സ്റ്റെല്ലയുടെയും രാജലക്ഷ്മിയുടെയും മുഖത്ത് അല്പം ലജ്ജയും ജാള്യവും നിഴലിച്ചതായി ഓര്‍ക്കുന്നു. എങ്കിലും സിനിമയല്ലേ, പെണ്‍കുട്ടികള്‍ക്കെല്ലാം വലിയ ആഹ്ളാദമായിരുന്നു അന്ന്. എം. കൃഷ്ണന്‍നായരേയും ലീലാവതിടീച്ചറെയും പോലുള്ള സീനിയര്‍ പ്രൊഫസര്‍മാരും ആ പാട്ട് ആസ്വദിക്കുകയും ദാമോദരനെ പ്രശംസിക്കുകയുമുണ്ടായി. പിന്നീടൊരിക്കല്‍, സി.ആര്. ഓമനക്കുട്ടന് സാര്‍ ‘മനോരമ മെട്രോ’യില്‍ എഴുതി- ”ബാലചന്ദ്രന് ചുള്ളിക്കാട്, ആര്.കെ. ദാമോദരന്‍, സലിംകുമാര്‍ തുടങ്ങിയവരെയൊക്കെ പഠിപ്പിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്” എന്ന്.
ആദ്യത്തെ ഗാനത്തിന്റെ റെക്കോഡിങ് വേളയില്‍ അര്ജ്ജുനന് മാസ്റ്റര്‍, ഗാനരചയിതാവിനെ യേശുദാസിന് പരിചയപ്പെടുത്തി. ”വളരെ നല്ല ഗാനം,’ കീപ് ഇറ്റ് അപ്’ എന്ന് ഗാനഗന്ധര്വ്വന് മുതുകില്‍ തട്ടിക്കൊണ്ട് പറഞ്ഞത് ആര്.കെ. ദാമോദരന്‍ എന്ന കവിക്ക്, ഗാനരചയിതാവിന് കിട്ടുന്ന ആദ്യത്തെ ബഹുമതിയായിരുന്നു. ആ അഭിനന്ദനം ദാസേട്ടനുമായുള്ള ആത്മബന്ധമായി വളര്‍ന്നു.
ആര്.കെ അതിനുമുന്പും പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ലളിതഗാനങ്ങളും നാടകഗാനങ്ങളും ഭക്തിഗാനങ്ങളും പരസ്യഗാനങ്ങളും ചലച്ചിത്രഗാനങ്ങളുമെല്ലാമായി മൂവായിരേത്താളം പാട്ടുകള്‍. ”ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ….” എന്നാരംഭിക്കുന്ന ‘ഹരിശ്രീപ്രസാദം’ കാസറ്റിലെ ജയചന്ദ്രന് പാടിയ ഗാനം ഹിറ്റായതോടെ ആര്.കെ ഭക്തിഗാനരംഗത്ത് ഏറെ ശ്രദ്ധേയനായി. ഭക്തിഗാന കാസറ്റുകളുടെ സാധ്യത, ഈ രംഗത്തുള്ളവര്‍ കണ്ടറിഞ്ഞതുതന്നെ ഈ കാസറ്റിന്റെ വിജയത്തോടെയാണ്. അറുനൂറോളം അയ്യപ്പഭക്തിഗാനങ്ങള്‍ രചിച്ചുകൊണ്ട് ആര്.കെ ഈ രംഗത്ത് റെക്കോഡ് സൃഷ്ടിച്ചു. വാവരേയും കൊച്ചുതൊമ്മനെയും, പുരാവൃത്തത്തിന്റെ ഏടുകളില്‍നിന്ന് അടര്‍ത്തിയെടുത്ത് അയ്യപ്പഗാന കാസറ്റുകളിലെ മുഖ്യകഥാപാത്രങ്ങളാക്കി മലയാളി ശ്രോതാക്കളുടെ മുന്പില് അവതരിപ്പിച്ചത് ദാമോദരനാണ്. പണ്ഡിതനും കലാമര്‍മ്മജ്ഞനുമായ ഡോ. എസ്.കെ. നായരുടെ ‘ശ്രീ അയ്യപ്പന്’ ചരിത്രാഖ്യായിയുടെ സൂക്ഷ്മമായ പഠനമാണ് ഇതിന് പിന്‍ബലമായത്. യേശുദാസിന്റെ ഉടമസ്ഥതയിലുള്ള ‘തരംഗിണി’ പുറത്തിറക്കിയ ഏഴ് ആല്‍ബങ്ങളിലൂടെ ആര്.കെയുടെ ഗാനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അയ്യപ്പഗാനങ്ങളുടെ കൂട്ടത്തില്‍ ‘മകരോത്സവം’ എന്ന ആല്‍ബം സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. അതില്‍ പല്ലവിയിലെ നാലു വരികളിലായി നാലു ഭാഷകള്‍ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ) ഉപയോഗിച്ചിരിക്കുന്നു. ”തറവാട്ടില്‍ മലയാളിക്ക് അയ്യനയ്യന് സ്വാമി, തമിഴ്നാട്ടില്‍ തമ്പിക്ക് അറത്തൈക്കാപ്പോന്, തെലുഗു മക്കള്‍ക്ക് പേദലദേവുഡു ദേവുഡു, കന്നഡ കന്നിക്ക് തുപ്പ പ്രിയനു സ്വാമി തുപ്പപ്രിയനു.” എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ ബിജുനാരായണന് പാടിയതാണ് ഈ ഗാനം. കേരളമെമ്പാടും വിദ്യാലയങ്ങളില്‍ കുട്ടികള്‍ ആലപിക്കുന്ന ജലസാധനം….’ മരമെവിടെ…. തുടങ്ങിയ പരിസ്ഥിതിഗാനങ്ങളും ആര്.കെയുടെ തൂലികയില്നിന്നുതിര്ന്നവയാണ്.
യുവജനോത്സവ മത്സരാര്‍ത്ഥികള്‍ക്കായി, സെബി നായരമ്പലത്തോടൊപ്പം നിരവധി ഗാനങ്ങള്‍ ചെയ്തിട്ടുണ്ട് ദാമോദരന്‍. അവയില്‍ ”ഗാന്ധിജി ദര്‍ശിച്ച സ്വപ്നത്തിലൊന്നിലെ ഇന്ത്യയെത്തേടി അലയുന്നു ഞാന്‍….” എന്ന ടി.എസ്. രാധാകൃഷ്ണന് സംഗീതം നല്കി സതീഷ് ഭട്ട് പാടിയ ഗാനം സര്‍വ്വകലാശാലാ കലോത്സവത്തിന്റെ സോണല്‍-നാഷണല്‍ ഘട്ടങ്ങള്‍ വിജയിച്ച്, റഷ്യയില്‍ നടന്ന അന്തര്‍ദേശീയ യുവജനോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തില്‍ ആ ഗാനത്തെ വിലയിരുത്തിയ ജഡ്ജിങ് കമ്മറ്റിയില്‍ പ്രശസ്ത സംഗീതജ്ഞന് പങ്കജ് ഉദാസും ഉണ്ടായിരുന്നു.
സന്തോഷ് ട്രോഫി കൊച്ചിയിലെത്തിയപ്പോള്‍ ഉദ്ഘാടനവേളയില്‍ ആലപിച്ച ”ഗോള്‍….. ഫുട്ബോള്‍” എന്ന ഗാനവും ലോകകപ്പ് ക്രിക്കറ്റില്‍ കേരളീയനായ ശ്രീശാന്ത് അംഗമായപ്പോള്‍ രചിച്ച ‘ടീം ഇന്ത്യാ വിജയീ ഭവ” എന്ന പാട്ടും അതത് വേദികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആയിരത്തോളമുണ്ട് ആര്.കെയുടെ രാഷ്ട്രീയഗാനങ്ങള്‍. ”കരുത്ത് ജന്മമെടുത്തപ്പോള്‍ കരുണാകര്‍ജി ലീഡര്‍ജി, കര്‍മ്മം ജന്മമെടുത്തപ്പോള്‍ കരുണാകര്‍ജി ലീഡര്‍ജി” എന്നു തുടങ്ങുന്ന ഒറ്റഗാനംകൊണ്ടുതന്നെ, മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്നേഹവാത്സല്യങ്ങള്‍ക്ക് പാത്രമാവാന്‍ കഴിഞ്ഞു ദാമോദരന്‍.
‘രക്തം’ എന്ന ചലച്ചിത്രത്തിനുവേണ്ടി ജോണ്സണ് സംവിധാനം ചെയ്ത ആര്.കെയുടെ മൂന്ന് ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു- ”മഞ്ഞില്‍ ചേക്കേറും മകരപ്പെണ്‍പക്ഷി…..” (യേശുദാസ്-വാണിജയറാം), ”സുഖം, ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍” (യേശുദാസ്), ”അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു” (യേശുദാസും സംഘവും).
കുട്ടികള്‍ക്കായി മനോരമ മ്യൂസിക് ഇറക്കിയ ‘കാട്ടിലെ കണ്ണന്’ എന്ന അനിമേഷന്‍ ചിത്രത്തിലെ, ”കണ്ണിലുണ്ണിയാണേ, കണ്ണനാണേ…” എന്ന പാട്ടും പ്രശസ്തമായി.
സ്വാമി ഉദിത്ചൈതന്യയുടെ പ്രഭാഷണ പരമ്പരയിലെ ശീര്ഷകഗാനങ്ങളായ ”ഇതി ശ്രീമദ് ഭഗവദ്ഗീത” (യേശുദാസ്), ”ഹരിനാമക്കിളി പാടും” (ജയചന്ദ്രന്), ”യുവതേ…..” (മധു ബാലകൃഷ്ണന്) എന്നിവയും ദാമോദരന്റെ രചനകളാണ്. ”ശ്രീദേവ ദേവസുതം…..” (യേശുദാസ്), ഭജാമ്യഹം കൃഷ്ണം… (കെ.എസ്. ചിത്ര) എന്നിങ്ങനെ രണ്ട് സംസ്കൃത ഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
ആര്.കെ. ദാമോദരന്റെ കുടുംബവേരുകള്‍ പാലക്കാട് മഞ്ഞപ്രയിലാണ്. അതിനാല്‍ത്തന്നെ, സംഗീതത്തിന്റെയും വാദ്യകലയുടെയും സംസ്കാരപാരമ്പര്യങ്ങള്‍ അദ്ദേഹത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്; വാദ്യകലാനിരൂപകന്, പ്രഭാഷകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. തനിക്ക് സ്വായത്തമായിട്ടുള്ള വചോവൈഭവം, തൃശ്ശൂര്‍ തിരുവുള്ളക്കാവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തിയതിന്റെ ഗുണമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു ദാമോദരന്‍. ”തിരുവുള്ളക്കാവില്‍ നിന് തിരുമുന്പിലല്ലോ ഞാന്‍ അറിവിന്റെ ഹരിശ്രീ കുറിച്ചൂ…” എന്ന് അദ്ദേഹം എഴുതിയിട്ടുമുണ്ട്.
അധുനാതനം, കഥാ രാവണീയം എന്നീ രണ്ട് കാവ്യസമാഹാരങ്ങള്‍ ആര്.കെ. ദാമോദരന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മേ നാരായണ, അരവണ മധുരം എന്നിവ ആര്‍കെയുടെ ഗാനസമാഹാര ഗ്രന്ഥങ്ങളാണ്. കേരള സംഗീതനാടക അക്കാദമിയുടെ ‘കലാശ്രീ’ പുരസ്കാരം (2013), കുഞ്ഞുണ്ണിമാസ്റ്റര്‍ പുരസ്കാരം (2008), വാദ്യമിത്ര സുവര്‍ണ്ണമുദ്ര (2006), അയ്യപ്പഗാനശ്രീ പുരസ്കാരം (1994), ഇപ്റ്റയുടെ ദേശീയോദ്ഗ്രഥന ഗാനപുരസ്കാരം (1992), നാന മിനിസ്ക്രീന്‍ അവാര്‍ഡ് (1991) തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സര്‍ഗ്ഗജീവിതത്തിന്റെ ഈ നാല്‍പ്പതാം വര്‍ഷത്തിലും, പ്രഭാഷണങ്ങളും പാട്ടെഴുത്തും കലാസ്വാദനങ്ങളും നിരൂപണങ്ങളുമൊക്കെയായി തിരക്കിലാണ് ഈ കലോപാസകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: