വര്‍ക്കല: വര്‍ക്കല നഗരസഭാപ്രദേശത്ത് തെരുവുവിളക്കുകള്‍ കത്തുന്നില്ല. നിരവധി പരാതികള്‍ ലഭിച്ചിട്ടും അധികൃതര്‍ക്ക് അനക്കമില്ല. പ്രധാനറോഡുകളിലെയും ഇടറോഡുകളിലെയും നൂറുകണക്കിന് തെരുവുവിളക്കുകളാണ് പ്രകാശിക്കാതിരിക്കുന്നത്. പുന്നമൂട്, തേരകുളം, വാച്ചര്‍മുണ്ട്, പുത്തന്‍ചന്ത, ശിവഗിരി തുടങ്ങിയ റോഡുകളിലാണ് പ്രധാനമായും ലൈറ്റുകള്‍ തകരാറിലായത്. പലതും അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചതാണ്. ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മൂലമാണ് ഇവ അടിക്കടി പ്രവര്‍ത്തനരഹിതമാകുന്നതെന്ന ആക്ഷേപമുണ്ട്. കൗണ്‍സിലര്‍മാരുടെ അടുക്കല്‍ പരാതിയുമായി ചെന്നാല്‍ നഗരസഭയില്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വര്‍ക്കല നഗരസഭയും പരിസരപ്രദേശങ്ങളും മോടിപിടിപ്പിക്കുമെന്നും ആധുനിക തെരുവുവിളക്കുകള്‍ സ്ഥാപിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ നടത്തിയ പ്രഖ്യാപനവും എങ്ങുമെത്തിയിട്ടില്ല. ഹൈമാസ്റ്റ്‌ലൈറ്റുകള്‍ പലതും പ്രവര്‍ത്തനരഹിതമാണ്. ഗുണനിലവാര പരിശോധന കര്‍ശനമാക്കിയാല്‍ നിരന്തരം തെരുവു വിളക്കുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത് പരിഹരിക്കാന്‍ സാധിക്കും. നവംബര്‍ മാസത്തോടെ ആരംഭിക്കുന്ന ടൂറിസ്റ്റ് സീസണ് മുമ്പ് തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
















