നെടുമങ്ങാട്: സഹോദരന്മാരായ നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ തെളിയിക്കപ്പെടാതെ കിടന്ന മുപ്പതോളം കേസുകളിലെ പ്രതികളായ വെള്ളനാട് വെമ്പന്നൂര്‍ അയണിക്കോണം കട്ടക്കാല്‍ വീട്ടില്‍ സഹോദരങ്ങളായ മോനി എന്ന മോനിച്ചന്‍ (34), അനില്‍കുമാര്‍ (33) എന്നിവരാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. മുപ്പതോളം കേസുകളിലായി പ്രതികള്‍ 90 പവന്‍ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്‌സ് സാധനങ്ങളും ലക്ഷക്കണക്കിന് രൂപയും കവര്‍ന്നത് തെളിഞ്ഞതായി നെടുമങ്ങാട് ഡിവൈഎസ്പി പത്രസമ്മേളനത്തില്‍ അറിയിച്ചു. വഴയില പുരവൂര്‍ക്കോണത്തുള്ള റിട്ട.മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്ന് 17 പവനും ഉള്ളൂര്‍ ഗാര്‍ഡന്‍സിലെ ഡോ. ബിജുവിന്റെ വീട് പൊളിച്ചു 7 പവനും നന്തന്‍കോട് നന്ദന്‍നഗറിലെ വീട്ടില്‍ നിന്ന് 2 വിലകൂടിയ ക്യാമറ വാച്ചുകള്‍, ആറന്മുള കണ്ണാടി, പണം, നന്ദാവനം എ ആര്‍ ക്യാംപിനു പുറകുവശത്തുള്ള അനൂപിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും പ്രതികള്‍ കവര്‍ന്നിരുന്നു. അട്ടക്കുളങ്ങര ബീവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് വിദേശമദ്യകുപ്പികളും പതിനായിരത്തോളം രൂപയും കവര്‍ന്നത്, വെള്ളനാട് എല്‍പിഎസിലെ മോഷണം, പൂവച്ചല്‍ പോസ്റ്റ്ഓഫീസിലെ മോഷണം, വെളിയന്നൂരിലെ പെട്രോള്‍ പമ്പിലെ മോഷണം എന്നീ കേസുകളും പ്രതികളുടെ പേരിലുണ്ട്. രണ്ടരമാസമായി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ മോഷ്ടാവായ വെള്ളനാട് രമേശന്റെ കുട്ടാളികളാണിവര്‍.
















