ആധുനിക മലയാള സാഹിത്യത്തില്‍ എഴുത്തിന്റെ സ്മാരക ശിലകള്‍ പണിത പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണം വായനക്കാര്‍ക്ക് തീരാ നഷ്ടമാകുന്നത് ആ ആശയപ്രപഞ്ചം അനുഭവിച്ചതിന്റെ വ്യത്യസ്തതയിലാണ്. മലയാള കഥയിലും നോവലിലും പ്രമേയ പരിസരങ്ങളുടെ കാര്യത്തില്‍ പാരമ്പര്യ ജഡതയും പുതുമയുടെ വരവില്ലായ്മയും അനുഭവിച്ച് ദരിദ്രാവസ്ഥ നേരിടുന്ന വേളയില്‍ മറ്റ് ആധുനിക എഴുത്തുകാരോടൊപ്പം തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു പുനത്തില്‍.
ഒ.വി വിജയന്, കാക്കനാടന്, സക്കറിയ, ആനന്ദ്, പട്ടത്തുവിള, മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയവരുടെ രചനകളോട് കിടപിടിക്കും വിധം എഴുത്തിന്റെ തെളിമയില്‍ കുഞ്ഞബ്ദുള്ള മലയാളികള്‍ക്ക് പരിചിതനായി. ജീവിതത്തിന്റെ സകലതല സ്പര്‍ശിയായ യാഥാര്‍ത്ഥ്യങ്ങളും ഭാവനയിലെ യാഥാര്‍ത്ഥ്യങ്ങളും എഴുതിക്കൊണ്ട് അനുഭവിക്കുകയായിരുന്നു പുനത്തില്‍.
മലയാള നോവല്‍ സാഹിത്യത്തിലെ എക്കാലത്തേയും ക്ലാസിക്കാണ് പുനത്തിലിന്റെ സ്മാരക ശിലകള്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടിയ സ്മാരകശില ഇന്നും വായനക്കാരില്‍ പുതുമയോടെ നിലനില്‍ക്കുകയാണ്. ഇത് നിലനില്‍ക്കുന്നത് സെമിത്തേരിയിലല്ല. പുതുമയുടെ ആരാമത്തിലാണ്. മുസ്ലീം സമുദായത്തിന്റെ കുടുംബപരവും സാമൂഹിക, സാംസ്കാരികപരവും ആചാരാനുഷ്ഠാന പരവുമായ ശീലങ്ങള്‍ പുനത്തില്‍ തന്റേതായ ഭാഷയുടെ കല കൊണ്ടും പദലാവണ്യം കൊണ്ടും സ്മാരക ശിലകളിലൂടെ കെട്ടുപ്പൊക്കുകയായിരുന്നു.
ഒറ്റ വായനയില്‍ തന്നെ ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാരന്റെ നെഞ്ചില്‍ ആണി അടിച്ചപോലെ എഴുന്നു നില്ക്കും. കാവ്യാത്മകമായ ഭാഷയെന്ന് നമ്മള് പറഞ്ഞ് ശീലിച്ച പാരമ്പര്യാലങ്കാരങ്ങള്‍ക്ക് അപ്പുറം പോകുന്നതാണ് സ്മാരക ശിലകളിലെ ഭാഷ.
കഥയിലും നോവലിലും പരസ്പരം മത്സരിക്കുന്ന ഒരു എഴുത്തുകാരനെയാണ് പുനത്തിലൂടെ കാണാന്‍ കഴിയുന്നത്. രണ്ടിലും കൈകുറ്റപ്പാടുകളില്ലാത്ത നാലിലൊരു ആശാരിയെ കണ്ടെത്താനാവും. മരുന്ന്, കന്യാവനങ്ങള്‍, മലമുകളിലെ അബ്ദുള്ള തുടങ്ങിയ രചനകള്‍ സ്മാരകശിലകള്‍ക്കൊപ്പം തന്നെ മലയാളത്തില്‍ വലിയ തിടമ്പേറ്റി നില്‍ക്കുന്നുണ്ട്.
ഒരു ഭിഷഗ്വരന്റെ നിരീക്ഷണം ശരീരത്തില്‍ മാത്രമല്ല മനസിലും നടത്തുന്നുണ്ട് എഴുത്തുകാരനായ പുനത്തില്‍. ഒരു പക്ഷേ ഇതര എഴുത്തുകാരില്‍ നിന്നും മനഃശാസ്ത്രപരമായി അബ്ദുള്ളയെ മാറ്റി നിര്‍ത്തുന്നത് അദ്ദേഹത്തിലെ ചികിത്സകന്റെ മിടുക്കാണ്. മറ്റ് എഴുത്തുകാര്‍ അവരുടേതായ രീതികളില്‍ കഥാപാത്രങ്ങളെ ശുശ്രൂഷിക്കുമ്പോള്‍ പുനത്തില്‍ ഒരു ഡോക്ടറുടെ കൂടി കണ്ണുകളിലൂടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കൃതികളില്‍ പറഞ്ഞ് പതിയാത്ത ഒരു നവോന്മേഷം പ്രകടമാകുന്നത്.
ജീവിതത്തില്‍ മരണം വരെ അപാര സ്വാതന്ത്ര്യം അനുഭവിച്ച വ്യക്തിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. എല്ലാത്തരത്തിലുമുള്ള കെട്ടുപാടുകളെയും തകര്‍ത്തെറിഞ്ഞ് സര്‍ഗാത്മകമായ സ്വാതന്ത്ര്യം വ്യക്തി ജീവിതത്തിലും അനുഭവിക്കുകയായിരുന്നു പുനത്തില്‍. ആത്മഹത്യ ഒഴികെ ജീവിതത്തിലെല്ലാം അനുഭവിച്ചറിയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. അതുകൊണ്ട് അദ്ദേഹത്തിന്റെ രചനകള്‍ക്ക് ആരും വേട്ടയ്ക്കിറങ്ങാത്ത കന്യാവനങ്ങളുടെ സംശുദ്ധിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: