പരപ്പനങ്ങാടി: ഡോക്ടറുണ്ടാകുമെന്നുറപ്പില്ലെങ്കിലും പുത്തരിക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നത് ദിനംപ്രതി മുന്നൂറോളം രോഗികളാണ്. ഔട്ട് പേഷ്യന്റ് വിഭാഗം മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത് മൂന്ന് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ആകെയുള്ളത് ഒരു ഡോക്ടറും. എന്തെങ്കിലും കാരണവശാല്‍ ഡോക്ടര്‍ ലീവായാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിലക്കും. നാഥനില്ലാക്കളരിയായി മാറുകയാണ് പുത്തരിക്കലെ ഈ ഏക സര്‍ക്കാര്‍ ആതുരാലയം.
സംസ്ഥാന ആരോഗ്യ വകുപ്പ് 2016 നവംബര്‍ 10 മുതല്‍ തുടങ്ങാനിരുന്ന ‘ആര്‍ദ്രം ‘ മിഷന് പദ്ധതിയില്‍ ഈ ആശുപത്രിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും നടപടികള്‍ കടലാസില്‍ മാത്രമൊതുങ്ങി. യാതൊരു തുടര്‍നടപടികളും വകുപ്പ് തലത്തില്‍ നിന്നുമുണ്ടായില്ല. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആര്ദ്രത്തിലുണ്ടായിരുന്നെങ്കിലും പദ്ധതി നടപ്പിലായില്ല. പിഎച്ചസികള് സിഎച്ച്സികളാക്കാനും അതുവഴി കുടുംബത്തിന്റെ ആരോഗ്യ സംബന്ധമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുമുള്ള ദേശീയ ആരോഗ്യ ദൗത്യ പദ്ധതികള്‍ പോലും ഈ ആശുപത്രിയില്‍ മു ട്ടിലിഴയുകയാണ്. ദിവസം മുന്നൂറോളം രോഗികളെത്തുന്ന ഇവിടെ കിടത്തി ചികിത്സ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുത്തരിക്കല്‍ അങ്ങാടിയില്‍ രണ്ടുമുറികളുള്ള ഓടിട്ട വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി 2005ലാണ് ഉളളണം റോഡിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത്. രോഗികള്‍ക്ക് മതിയായ ഇരിപ്പിട-കുടിവെള്ള സൗകര്യങ്ങള്‍ ഇപ്പോഴും ആയിട്ടില്ല. ആകെയുള്ള ടോക്കണ്‍ മെഷീന് കേടുവന്നതോടെ അവശരായ രോഗികള്‍ പോലും കുഴഞ്ഞുവീഴും വരെ വരി നില്‍ക്കേണ്ട ഗതികേടിലാണ്.
ഭരണപക്ഷ കക്ഷിയുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ ആശുപത്രി ഈ ആശുപത്രിക്ക് 700 മീറ്റര്‍ അകലെയാണ് പ്രവര്‍ത്തിക്കുന്നത് ഈ സംരംഭത്തെ സഹായിക്കാനാണ് ആരോഗ്യ വകുപ്പ് പുത്തരിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തെ തഴയുന്നത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കൊടക്കാട്, ഉള്ളണം,തയ്യിലപ്പടി, കോട്ടത്തറ, നെടുവ, പുത്തരിക്കല്‍, പാലത്തിങ്ങല്‍ തുടങ്ങി ചേരിപ്രദേശങ്ങളില്‍ നിന്നടക്കമുള്ള രോഗികളുടെ ഏക ആശ്രയ കേന്ദ്രത്തെ തകര്‍ക്കുന്ന രീതിയിലുള്ള ആരോഗ്യവകുപ്പിന്റെ അലംഭാവത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: