കുമാരനല്ലൂര്‍: നാടിന്റെ പരദേവതയായ കുമാരനല്ലൂരമ്മയുടെ ചരിത്രം ചുവര്‍ചിത്രത്തിലൂടെ ചുരുള്‍നിവരുന്നു. ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളില്‍ ഭദ്രദീപത്തിനു മുന്നിലായി ഇടതും, വലതുമുള്ള ഭിത്തികളിലാണ് ചുവര്‍ചിത്രങ്ങള്‍ പൂര്‍ത്തിയായിവരുന്നത്.
കുമാരനല്ലൂരമ്മയുടെ ചരിത്രം 12 ഖണ്ഡങ്ങളായിട്ടാണ് വരയ്‌ക്കുന്നത്. മധുര മീനാക്ഷിയുടെ മൂക്കുത്തി (നാസികാഭരണം) കളഞ്ഞുപോകുന്നതും പൂജാരി മോഷ്ടിച്ചതാണെന്നും സംശയിച്ച് രാജാവ് പൂജാരിയെ ഗളഛേദം നടത്തുവാന്‍ കല്പിക്കുന്നതും ആണ് ആദ്യചിത്രം. മരണഭയത്താല്‍ അവിടെനിന്നും ഓടിപ്പോകുന്ന പൂജാരിയോടൊപ്പം ദേവിയുടെ ദിവ്യതേജസ്സും മലയാളനാട്ടിലേക്കു പോരുന്നതും സംക്രാന്തിയില്‍വെച്ച് കുട്ടയും പായും മറ്റും വില്‍ക്കുവാന്‍ എത്തിയ സ്ത്രീ ഈ ദേവീചൈതന്യം ദര്‍ശിക്കുന്നതുമാണ് മറ്റൊരു ചിത്രത്തില്‍.
ക്ഷേത്രം പണിയുടെ പുരോഗതി വിലയിരുത്തുവാനും പ്രതിഷ്ഠനടത്തുവാനും ഒരുങ്ങിവരുന്ന രാജാവിനെയും പരിവാരങ്ങളെയും ഒരുചിത്രത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. പരശുരാമന്‍ ദേവീവിഗ്രഹം പ്രതിഷ്ഠിക്കുന്നതും ശങ്കരാചാര്യസ്വാമികള്‍ പൂജാവിധികള്‍ നിര്‍ണ്ണയിക്കുന്നതുമെല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 40 വര്‍ഷമായി ചിത്രരചനാ വൈഭവം പ്രകടമാക്കിയിട്ടുള്ള ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് മോഹന്‍ദാസും ശിഷ്യന്‍ കിടങ്ങൂര്‍ ശ്രീകുമാറുമാണ് ഈ ദൃശ്യങ്ങള്‍ ആലേഖനം ചെയ്യുന്നത്.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിന്റെ രൂപരേഖ മനസ്സിലുണ്ടെന്നും ഇപ്പോള്‍ മാത്രമാണ് ദേവിയുടെ അനുഗ്രഹത്താല്‍ സാധിതപ്രായമായതെന്ന് ചിത്രകാരന്‍ മോഹന്‍ദാസ് പറഞ്ഞു. ആദിശങ്കരാചാര്യന്‍, കുമാരനല്ലൂരമ്മ, എഴുത്തച്ഛന്‍, മേല്‍പ്പത്തൂര്‍, കുറൂരമ്മ എന്നിവരുടെ ഛായാചിത്രങ്ങളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.
















