തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തനം വാക്കുകള്‍ കൊണ്ടുള്ള ഹിംസയായി മാറിയെന്ന് ഡോ ശശിതരൂര്‍ എംപി. കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം വകുപ്പില്‍ സംഘടിപ്പിച്ച ടേക്ക് മീഡിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് മാധ്യമങ്ങളിലും മാധ്യമപ്രവര്‍ത്തകരിലും വിശ്വാസം നഷ്ടപ്പെടുന്ന സ്ഥിതിയാണിന്ന്. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് അങ്ങേയറ്റം മോശപ്പെട്ട പ്രവണതയാണ്. ഇതിന് മാറ്റം വരണം. ചാനല്‍ ചര്‍ച്ചകള്‍ പലപ്പോഴും വാചക കസര്‍ത്തുകള്‍ മാത്രമാകുന്നു. വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുതകള്‍ ഗവേഷണത്വരയോടെ കണ്ടെത്തി പുറത്തുകൊണ്ടുവരാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണം. ഇനി മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി ഡിജിറ്റല്‍ രംഗത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജേര്‍ണലിസം വിഭാഗം പൂര്‍വവിദ്യാര്‍ഥി സംഘടനാസെക്രട്ടറി ജേക്കബ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. വകുപ്പുമേധാവി ഡോ എം.എസ്. ഹരികുമാര്‍ അധ്യക്ഷനായിരുന്നു. ഡോ പി. ലാല്‍മോഹന്‍, സെനറ്റംഗം നജീബ്, അസിസ്റ്റന്റ് പ്രൊഫസര്‍ ജെ. മാഗി, തസ്‌നീം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
















