കോട്ടയം: തലച്ചോറിലെ കേന്ദ്രഭാഗത്തുനിന്ന് ശസ്ത്രക്രിയയിലൂടെ മുഴനീക്കം ചെയ്ത് കോട്ടയത്തെ ഭാരത് ഹോസ്പിറ്റല്‍ ചരിത്രത്തില്‍ ഇടംനേടി. ആലപ്പുഴ മുട്ടാര്‍ സ്വദേശിനി കുമാരി മോഹന(57)ന്റെ സ്‌കള്‍ബേസ് ട്യൂമറാണ് നീക്കം ചെയ്തത്. തുടര്‍ച്ചയായുള്ള തലവേദനയും, ഇടതുകണ്ണിന്റെ കാഴ്ചശേഷിയും, ചലനശേഷിയും നഷ്ടപ്പെട്ട നിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ന്യൂറോ സര്‍ജ്ജന്‍ ഡോ.അനീസ് മുസ്തഫയുടെ പരിശോധനയില്‍ രോഗം കണ്ടെത്തി. തലയോട്ടിയുടെ അടിത്തറയില്‍(സ്‌കള്‍ബേസ്)നിന്നും തലച്ചോറിലേക്ക് വളര്‍ന്ന് കയറിയ മുഴയാണ് രോഗിയെ അവശനിലയിലാക്കിയത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന അപൂര്‍വ്വരോഗമാണിത്. സുഷുമ്‌നാനാഡിയുടെ തുടക്കത്തിലായിട്ടാണ് മുഴകണ്ടെത്തിയത്. ഈ ഭാഗത്തുനിന്ന് മുഴനീക്കം ചെയ്യുക എന്നത് വളരെ സങ്കീര്‍ണ്ണമായതിനാല്‍ റേഡിയേഷനും മറ്റുമരുന്നുകളും രോഗിക്ക് നല്‍കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇതുകൊണ്ട് രോഗിയുടെ ജീവന്‍ നിലനിര്‍ത്തുവാനോ രോഗത്തില്‍നിന്ന് മുക്തിനേടുവാനോ കഴിയുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് ഭാരത് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജ്ജറി വിഭാഗം മേധാവി ഡോ.അനീസ് മുസ്തഫ രോഗിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുവാന്‍ തീരുമാനിച്ചത്.
തലച്ചോറിലേക്കുള്ള രണ്ടുപ്രധാന രക്തക്കുഴലുകള്‍ കണ്ണിന്റെ ചലനം, കാഴ്ച ഇവ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ എന്നിവ ഈമുഴയുടെ ഉള്ളിലും വശങ്ങളിലുമായിരുന്നത് ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. മാത്രമല്ല സുഷുമ്‌നാ നാഡിയുടെ ആരംഭവും ഈ മുഴയുടെ സമീപമായിരുന്നു. എട്ടുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നാലാംദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജും ചെയ്തു. കോട്ടയത്തും പരിസരത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ ഇത്തരം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുന്നത് ആദ്യമായി ഭാരത് ഹോസ്പിറ്റലിലാണ്. നാലാംദിവസം ആശുപത്രിവിടാനായതും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് വഴി ചികിത്സാ ചെലവ് കണ്ടെത്താനായതും രോഗിക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ആശ്വാസവുമായി.
ഡോ.അനീസ് മുസ്തഫക്ക് പുറമേ ഇഎന്‍ടി സര്‍ജന്‍ ഡോ.രാജേഷ്‌കുമാര്‍, അനസ്‌ത്യേഷ്യാ വിഭാഗം ഡോ.മുരളീകൃഷ്ണന്‍, ഡോ.കോയക്കുട്ടി ജോസഫ്, ഡോ.ജോസഫ് എന്നിവരും, സാങ്കേതിക വിദഗ്ധരായ രാധാകൃഷ്ണപ്പണിക്കര്‍, അഖില്‍, നേഴ്‌സുമാരായ മെറിന്‍, രജിത, സൂസന്‍ എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
















