കൊച്ചി: മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ജൂവലറിയില്‍ വിറ്റുവെന്ന സംശയത്തിന്റെ പേരില്‍ ജുവലറി ഉടമയില്‍ നിന്നും 18 പവന് ഈടാക്കിയ ശേഷം മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. കേസ് നവംബറില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. പാതാളത്തെ ജുവലറി ഉടമ സി.എം.മോഹനന്, ജീവനക്കാരായ സുബ്രഹ്മണ്യന്, എം.കെ.ബാബു എന്നിവര്‍ നല്കിയ പരാതിയിലാണ് നടപടി. ഒക്ടോബര്‍ 18നായിരുന്നു സംഭവം. മോഷണമുതല്‍ വിറ്റതായി സംശയിച്ച് ജുവലറി ജീവനക്കാരനെ ബിനാനിപുരം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയായിരുന്നു.
വൈകിട്ട് ജുവലറിയില്‍ എത്തിയ എസ്ഐ സ്റ്റെപ്റ്റോ ജോണ്‍ ജുവലറി ഉടമയെ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. സംഭവസമയത്ത് ആലുവ സിഐയും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ജുവലറി ജീവനക്കാരനായ സുബ്രഹ്മണ്യനെ സിഐയുടെ സാന്നിധ്യത്തില്‍ എസ്ഐ മര്‍ദ്ദിച്ചു. താന്‍ പറയുന്നതൊക്കെ സമ്മതിക്കണമെന്നായിരുന്നു എസ്ഐയുടെ ആവശ്യം. ആ സമയം സ്റ്റേഷനിലുണ്ടായിരുന്ന ശാന്ത എന്ന സ്ത്രീ ജുവലറിയില്‍ 18 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റെന്നും 50000രൂപ പ്രതിഫലമായി നല്‍കിയെന്ന് പറയണമെന്നും സമ്മതിപ്പിച്ചു. കൊടിയ മര്‍ദ്ദനത്തെ തുടര്‍ന്ന് സുബ്രഹ്മണ്യന് ചെയ്യാത്ത കുറ്റം ഏല്‍ക്കേണ്ടി വന്നു. ജുവലറി ഉടമയെയും മറ്റൊരു തൊഴിലാളിയായ ബാബുവിനെയും പോലീസ് ഭീഷണിപ്പെടുത്തി. പോലീസിന്റെ ഭീഷണിക്ക് വഴങ്ങി ഒക്ടോബര്‍ 19ന് ഇവര്‍ 18 പവന് സ്വര്‍ണവും ഒന്നരലക്ഷം രൂപയും സ്റ്റേഷനിലെത്തിച്ചു. 20ന് രാവിലെ ജുവലറി ഉടമയെ ഫോണില്‍ വിളിച്ച് തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നും തലേന്ന് ഏല്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ തിരികെ വാങ്ങണമെന്നും ഫോണില്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്റ്റേഷനില്‍ എത്തിയ മോഹനന് അഡീഷണല്‍ എസ്ഐ ഹരിശ്ചന്ദ്രന് സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്കി.
കൈപ്പറ്റ് രസീതും വാങ്ങി. ഒരു മൃഗ ഡോക്ടറുടെ വീട്ടില്‍ നിന്നും ശാന്ത 3 വളയും ഒരു മാലയും ഒരു ജോഡി കമ്മലും മോഷ്ടിച്ചെന്നും ഇവ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഇക്കാര്യം അറിയാതെയാണ് ജുവലറിയില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തതെന്നും പറഞ്ഞു. സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ തടികേടാകുമെന്നും ഹരിശ്ചന്ദ്രന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറുയുന്നു. കൊടിയ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷന് നടപടിക്രമത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: