മോസ്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനും അര്‍ജന്റീനയുടെ ഫുട്ബോള്‍ മിശിഹ ലയണല്‍ മെസ്സിക്കും ഐഎസ് ഭീഷണി. മെസ്സിയുടെ കണ്ണില്‍ നിന്ന് രക്തം ഒഴുകുന്ന ചിത്രം ഐഎസ് ഭീകരർ പുറത്തുവിട്ടു. ചിത്രം ഇസ്ലാമിക് സ്റ്റേറ്റിന്റെ വാക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ്പുറത്തുവിട്ടതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കണ്ണില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ അഴിക്ക് പിറകില്‍ നില്‍ക്കുന്ന മെസ്സിയുടെ ചിത്രമാണ് പുറത്തുവിട്ടത്. ചിത്രം ലോകകപ്പിനായി റഷ്യയിലേക്കെത്തുന്ന ഫുട്ബോള്‍ ആരാധകരെ ഭയപ്പെടുത്തുന്നതാണ്. നിങ്ങള്‍ നിഘണ്ടുവില്‍ പരാജയമില്ലാത്ത ഒരു രാഷ്‌ട്രത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നതെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
ലോകകപ്പിന്റെ ലോഗോയോടൊപ്പം മുഖംമൂടി ധരിച്ച ഒരു ആയുധധാരി നില്‍ക്കുന്ന ചിത്രമാണ് ഐഎസ് അനുകൂലികള്‍ പുറത്തുവിട്ട മറ്റൊരു പോസ്റ്ററില്‍ ഉള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതടക്കം ഭീഷണികള്‍ ഉയര്‍ത്തുന്ന നിരവധി ചിത്രങ്ങളും പ്രചരിപ്പിച്ച് വരുന്നുണ്ട്. അടുത്തവര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് റഷ്യയിൽ ലോകകപ്പ് നടക്കുന്നത്.
















