കോഴിക്കോട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ തെയോഫിലോസ് (65) കാലം ചെയ്തു. അര്‍ബുദബാധയെത്തുടര്‍ന്ന് ചാത്തമംഗലം ചൂലൂര്‍ എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ഇന്നലെ ഉച്ചയോടെയാണ് അന്ത്യം. മൃതദേഹം കോഴിക്കോട് ചാത്തമംഗലത്തെ മൗണ്ട് ഹെര്‍മോന്‍ അരമനയിലേക്കു മാറ്റി.
കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലാണ് സംസ്‌കാര ചടങ്ങുകള്‍.
പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂരില്‍ മഞ്ഞാനാംകുഴിയില്‍ എം.പി. ചാണ്ടിപ്പിള്ളയുടെയും അച്ചാമ്മയുടെയും മൂന്നു മക്കളില്‍ രണ്ടാമനായി 1952 ആഗസറ്റ് 17നാണ്ജനനം. എം.സി. ചെറിയാന്‍ എന്നായിരുന്നു പേര്. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്നു. 1977ല്‍ ശെമ്മാശ പദവിയിലും 1991 മെയ് 15ന് കശീശ പദവിയിലുമെത്തി. 2004ല്‍ റമ്പാന്‍ ആയ അദ്ദേഹം സഖറിയ എന്ന പേര് സ്വീകരിച്ചു.
2005 മാര്‍ച്ച് അഞ്ചിന് സഖറിയാസ് മാര്‍ തെയോഫിലോസ് എന്ന നാമത്തില്‍ മെത്രാന്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു. ആ വര്‍ഷം തന്നെ ഒക്‌ടോബറില്‍ മലബാര്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലിത്തയുമായി. മാര്‍ തിമോത്തിയോസ് കാതോലിക്കാ ബാവയായി ഉയര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് മലബാര്‍ ഭദ്രാസനാധിപനായി 2006 ഡിസംബര്‍ രണ്ടിന് മാര്‍ തെയോഫിലോസ് വാഴിക്കപ്പെട്ടു.
ന്യൂയോര്‍ക്കിലെ സെന്റ് വ്‌ളാഡിമിര്‍സ്, ജറുസലമിലെ സെന്റ് ജോര്‍ജ് കോളേജ് എന്നിവിടങ്ങളില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ അദ്ദേഹം സഭാജീവിത പഠനസഹായി, കൃപാവരങ്ങള്‍, രണ്ടു കൊരിന്ത്യര്‍ വ്യാഖ്യാനം, ബുക്ക് ഓഫ് പ്രെയര്‍ ആന്‍ഡ് സേക്രഡ് സോങ്‌സ് എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
















