തിരുവനന്തപുരം: കേന്ദ്രസഹായത്തോടെ നടത്തുന്ന സംസ്‌കൃതി ജ്ഞാന പരീക്ഷയെ വിവാദമാക്കിയത് ആസൂത്രിതമെന്ന് വിദ്യാഭാരതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാരതത്തിലാകെ ഈ പരീക്ഷ നടത്തിവരുന്നു. കേരളത്തില്‍ വിദ്യാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാനികേതനാണ് പരീക്ഷയുടെ നടത്തിപ്പുകാര്‍.
കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് ജ്ഞാന പരീക്ഷയ്‌ക്കു പുറമെ ശില്‍പ്പശാലകളും സംഘടിപ്പിച്ച് വരുന്നത്. സാംസ്‌കാരിക വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്.
ഭാരതീയ സംസ്‌കൃതിയെക്കുറിച്ചും ഭാരതത്തെക്കുറിച്ച് മറ്റ് രാജ്യങ്ങളിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞ അഭിപ്രായങ്ങളുമാണ് പുസ്തക രൂപത്തില്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്നത്. കൂടാതെ യോഗ, ഭാരതപരിചയം തുടങ്ങിയവയും പരീക്ഷാ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലാം ക്ലാസ്സ് മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങിയ ശേഷമാണ് പരീക്ഷയ്‌ക്കിരുത്തുന്നത്. പത്തൊമ്പത് ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇതുവരെ പരീക്ഷ എഴുതിക്കഴിഞ്ഞു.
നാടിനെക്കുറിച്ച് അഭിമാനം ജനിപ്പിക്കുകയും ഭാരതീയ ജീവിത ദര്‍ശനം ജാതിമതഭേദമന്യേ എല്ലാപേരിലും എത്തിക്കുകയുമാണ് ഇത്തരം പരീക്ഷകളിലൂടെ ലക്ഷ്യമിടുന്നത്. ലോകത്ത് കാണുന്ന പല കണ്ടുപിടുത്തങ്ങളും നമ്മുടെ സംസ്‌കൃതിയുടെ സംഭാവനയാണ്. പരീക്ഷയ്‌ക്കെതിരെ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് രാഷ്‌ട്രീയ പ്രേരിതമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. എന്‍.ഡി. ഇന്ദുചൂഡന്‍, വിദ്യാഭാരതി സംസ്ഥാന സെക്രട്ടറി കെ.മോഹന്‍കുമാര്‍, ശിക്ഷാ ബച്ചാവോ ആന്തോളന്‍ ദക്ഷിണഭാരത സംയോജകന്‍ എ.വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















