കാട്ടാക്കട: ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്ക്, കഴിഞ്ഞ ദിവസം പാര്‍ക്കിലെ ഏക ആണ്‍ സിംഹവും ചത്തതോടെ ഇവിടെ സിംഹഗര്‍ജ്ജനം നിലക്കുന്നു. പ്രായക്കൂടുതലും രോഗങ്ങളും ശൗര്യം കെടുത്തിയ വിശാല്‍ (20) എന്ന ആണ്‍ സിംഹം കഴിഞ്ഞ ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്നു. ഇനിയിവിടെ ശേഷിക്കുന്നത് പ്രായം പതിനെട്ട് കഴിഞ്ഞ രണ്ട് പെണ്‍സിംഹങ്ങള്‍ മാത്രം.
ഭാരതത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായ നെയ്യാറില്‍ പ്രഖ്യാപനങ്ങളും ഇടപെടലുകളും പാഴ്‌വാക്കായതോടെയാണ് സിംഹങ്ങള്‍ക്ക് കഷ്ടകാലം തുടങ്ങിയത്. മൂന്ന് പെണ്‍ സിംഹങ്ങളും ഒരു ആണ്‍ സിംഹവും കാടുവാണിരുന്ന നെയ്യാര്‍ മരക്കുന്നത്തെ സിംഹ സഫാരി പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം ഒരു പെണ്‍സിംഹം ചത്തു. ഇതോടെ സിംഹങ്ങളുടെ എണ്ണം മൂന്നായി സങ്കേതത്തില്‍. ഇതില്‍ കാഴ്ച കുറവുമൂലം നടക്കാന്‍ വയ്യാത്ത സ്ഥിതിയില്‍ കഴിഞ്ഞ ആണ്‍ സിംഹമാണ് ഞായറാഴ്ച പുലര്‍ച്ചെ ചത്തത്.
സിംഹങ്ങള്‍ക്ക് സൈ്വര്യമായി വിഹരിക്കാന്‍ ഒരു സങ്കേതമെന്ന നിലയ്‌ക്കാണ് 1984 ല്‍ ജലസംഭരണിയാല്‍ ചുറ്റപ്പെട്ട നെയ്യാര്‍ ഡാം മരക്കുന്നത്തെ ദ്വീപ് പോലുള്ള കാട്ടില്‍ പാര്‍ക്ക് ആരംഭിച്ചത്. 14 സിംഹങ്ങള്‍ തുടക്കകാലത്ത് പാര്‍ക്കിലുണ്ടായിരുന്നു. വംശനാശം തടയുന്നതിനായി 2005 ല്‍ ഇവിടെയുള്ള സിംഹങ്ങള്‍ക്ക് വന്ധ്യംകരണം നടത്തി. അതോടെ നെയ്യാറിലെ സിംഹസഫാരി പാര്‍ക്കിന്റെ ശനിദിശ ആരംഭിച്ചു. വംശനാശം കുറയ്‌ക്കാനല്ല, ഇവറ്റകളുടെ ചിലവ് കുറയ്‌ക്കാന്‍ വനം വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് വസ്യംകരണമെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഏതായാലും വന്ധ്യംകരണം നടന്നതോടെ സിംഹങ്ങള്‍ ഒരോന്നായി കാലപുരിയിലെത്തി.വര്‍ഷം തോറും സിംഹങ്ങള്‍ക്ക് ശവക്കുഴി ഒരുക്കല്‍ ഇവിടെ പതിവ് കാഴ്ചയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന പാര്‍ക്കില്‍ സന്ദര്‍ശകരില്ലാതെയായി. പ്രതിവര്‍ഷം അരകോടിയിലേറെ വരുമാനം വനം വകുപ്പിന് നേടികൊടുത്തിരുന്നു ഒരുകാലത്ത് സിംഹ സഫാരി പാര്‍ക്ക്. ഇന്നത് നാമമാത്രമായ സംഖ്യയിലൊതുങ്ങുന്നു.
രണ്ട് വര്‍ഷം മുന്‍പ് സിംഹ സഫാരി പാര്‍ക്കിന്റെ നവീകരണത്തിനും പുതുതായി സിംഹങ്ങളെ ഇവിടേക്ക് എത്തിക്കുന്നതിനും പദ്ധതിയിട്ടു. ഗുജറാത്തില്‍ നിന്ന് ഒരു ജോഡി സിംഹങ്ങളെ കൊണ്ടുവരാന്‍ നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വനം വകുപ്പിലെ ചില ഉന്നതര്‍ ഇതിന് തടസം നിന്നതോടെ പദ്ധതികളെല്ലാം ഫയലിലുറങ്ങി. സിംഹ സഫാരി പാര്‍ക്കും മാന്‍പാര്‍ക്കും ചീങ്കണ്ണിയുമൊക്കെ നെയ്യാര്‍ഡാമിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇവയുടെ നാശം നെയ്യാര്‍ ഡാമിന്റെ ടൂറിസം സാദ്ധ്യതകളെയാണ് മങ്ങലേല്‍പ്പിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുംതലമുറയ്‌ക്ക് നെയ്യാര്‍ ഡാമിലെ വന്യജീവി കാഴ്ചകള്‍ അച്ചടിച്ചുവച്ച പുസ്തകത്തിലെ അക്ഷരങ്ങളായി അവശേഷിക്കും.
















