തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കെപിസിസിയുടെ ധിക്കാര പട്ടിക പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി തള്ളി. പട്ടികജാതി, വര്‍ഗ, യുവജന പ്രാതിനിധ്യം ഉറപ്പാക്കി പുതിയ പട്ടിക നല്‍കിയില്ലെങ്കില്‍ കേരളത്തെ ഒഴിവാക്കി എഐസിസി ചേരാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. അങ്ങനെ വന്നാല്‍ രാഹുലിനെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത് കേരളത്തിലെ നേതാക്കള്‍ക്ക് പുറത്തിരുന്ന് കാണേണ്ടിവരും.
ഹൈക്കമാന്‍ഡിന്റെ തീട്ടൂരം അംഗീകരിച്ച് പുതിയ പട്ടിക നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ അറിയിച്ചു. തുടര്‍ച്ചയായി നിര്‍ദ്ദേശം നല്‍കിയിട്ടും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാവാത്ത കേരളത്തിലെ നേതാക്കളുടെ നിലപാടുകളെ ധിക്കാരപരമായ നടപടിയായാണ് ഹൈക്കമാന്‍ഡ് വിലയിരുത്തിയതെന്ന് എം.എം. ഹസനെ തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ടറിയിക്കുകയായിരുന്നു.
പാര്‍ട്ടി ഭരണഘടന 33 ശതമാനം സംവരണം നിര്‍ദേശിക്കുന്നെങ്കിലും കെപിസിസി പട്ടികയില്‍ അഞ്ച് ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം. പട്ടികയില്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ലെന്നും ആവശ്യമെങ്കില്‍ ഹൈക്കമാന്‍ഡ് മാറ്റം വരുത്തട്ടേയെന്നുമായിരുന്നു ഗ്രൂപ്പുകളുടെ നിലപാട്. അത് നടക്കില്ലന്ന മുന്നറിയിപ്പാണ് ഹൈക്കമാന്‍ഡ് നല്‍കിയത്. മറ്റ് സംസ്ഥാനങ്ങള്‍ സംവരണതത്ത്വങ്ങള്‍ പാലിക്കുമ്പോള്‍ കേരളത്തിന് മാത്രം എന്താണ് പ്രത്യേകത എന്നാണ് ചോദ്യം.
















