കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടു പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ 72 ആയി. നിരവധി പേര്‍ക്ക് പരിക്ക്. പടിഞ്ഞാറന്‍ കാബൂളിലെ ഷിയ പള്ളി ഇമാന്‍ സമാനിലും ഘോര്‍ പ്രവിശ്യയിലെ സുന്നി പള്ളിയിലുമാണ് ആക്രമണമുണ്ടായത്. ഇതില്‍ കാബൂള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
വെള്ളിയാഴ്ചപ്രാര്‍ഥനയ്‌ക്ക് വിശ്വാസികള്‍ പള്ളികളില്‍ തിങ്ങിനിറഞ്ഞിരിക്കുന്നതിനിടെയാണ് ആക്രമണങ്ങള്‍. കാബൂളിലെ പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ 39 പേര്‍ മരിച്ചു, 41 പേര്‍ക്ക് പരിക്കേറ്റു. പിന്നീട് ഐഎസ് ഉത്തരദിത്തം ഏറ്റെടുത്തെങ്കിലും, അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഘോറിലും ചാവേറാണ് ആക്രമണം നടത്തിയത്. 33 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒരാഴ്ചയ്‌ക്കിടെ അഫ്ഗാനിലുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. കഴിഞ്ഞ ദിവസം കാന്ധഹാറിലെ സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.
















