ഒരു വൈദ്യന് എങ്ങനെയൊക്കെ ആകണമോ അങ്ങനെയൊക്കെ ആണ് ആര്യവൈദ്യന്‍ പുലാക്കാട്ട് മാധവിക്കുട്ടി. സാമൂഹിക, സാംസ്കാരിക, സാഹിത്യരംഗങ്ങളിലെ ഒരു കാലത്തെ നിറസാന്നിദ്ധ്യം, ശാസ്ത്രപ്രചരണത്തില് ആഗോളതലത്തിലെ വ്യക്തിപ്രഭാവം, ആനുകാലികങ്ങളില്‍ സ്വന്തം അഭിപ്രായങ്ങളും പ്രതികരണങ്ങളും ശാസ്ത്രീയാടിസ്ഥാനത്തില്‍ യുക്തിയുക്തം സ്ഥാപിച്ച ഉറച്ച ശബ്ദം. (ആ ലേഖനങ്ങളെല്ലാം ക്രോഡീകരിച്ച് ആര്യവൈദ്യശാല പ്രസിദ്ധീകരണവിഭാഗം 2013 ല്‍ ‘ചികിത്സാസമീപനം- പാഠങ്ങള്‍ അപപാഠങ്ങള്‍’ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി.)ഇന്നത്തെ തലമുറയിലെ സ്ത്രീകള്‍ക്ക് ചിന്തിക്കാനാവാത്തത്ര ലളിത ജീവിതം, മിതഭാഷി. സംസാരം കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക – ‘വാഗ്ഭൂഷണം ഭൂഷണം’ എന്നതാണ്. ലളിതമായ വസ്ത്രധാരണവും ജീവിതരീതിയും ഓര്‍മ്മിപ്പിക്കുന്നത് കാലങ്ങള്‍ക്ക് മുമ്പേ ചരിത്രത്താളുകളിലേക്ക് ഒതുങ്ങാന്‍ തുടങ്ങിയ- ഒരു കാലത്ത് ഭാരതത്തിന്റെ സ്വത്വത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ച ‘ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും’ എന്ന ആദര്‍ശബോധമാണ്.
ദീര്‍ഘകാലത്തെ വൈദ്യവൃത്തിക്ക് ശേഷം ഷൊര്‍ണൂരില്‍ നിന്നും തൃശ്ശൂരിലെത്തി വിശ്രമജീവിതം നയിക്കുന്ന നവതി പിന്നിട്ട ആയുര്‍വ്വേദത്തിന്റെ അമ്മയെക്കുറിച്ച്
$ഇന്നത്തെ ആയുര്‍വ്വേദ വിദ്യാര്‍ത്ഥികള്‍ക്ക് സങ്കല്പ്പിക്കാന് പോലും സാധിക്കാത്ത ഒരു കാലത്തായിരുന്നല്ലോ വൈദ്യപഠനം. എങ്ങനെയായിരുന്നു ആ കാലഘട്ടത്തിലെ വൈദ്യപഠനസമ്പ്രദായം.
കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പാഠശാലയിലായിരുന്നു എന്റെ വൈദ്യ വിദ്യാഭ്യാസം. നാല്‍പ്പതില്‍പ്പരം ആണ്‍കുട്ടികളും പെണ്‍കുട്ടിയായി ഞാനും. ആര്യവൈദ്യന്‍ ആയിരുന്നു അക്കാലത്തെ ഡിഗ്രി. തലേന്ന് പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ മനപ്പാഠമാക്കി പിറ്റേന്ന് ചൊല്ലി-വ്യാഖ്യാനിച്ച് കേള്‍പ്പിക്കുക എന്നതായിരുന്നു പഠനസമ്പ്രദായം. ഒരു മാഷേ ഉണ്ടാവൂ എല്ലാ വിഷയങ്ങളും പഠിപ്പിക്കാന്‍.
$എങ്ങനെയാണ് ആയുര്വ്വേദപഠനത്തിലേക്കെത്തിയത്
ആയുര്‍വ്വേദം പഠിക്കണമെന്നായിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹം. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസം സാമ്പ്രദായികരീതിയില്‍ സ്കൂളില്‍പോയി നേടാന്‍ എനിക്ക് സാധിച്ചില്ല. അത് എന്റെ ജ്ഞാനതൃഷ്ണയെ തെല്ലും മങ്ങലേല്‍പ്പിച്ചില്ല. സാമ്പ്രദായിക വിദ്യാഭ്യാസം ഇല്ലാതെ തന്നെ തുടര്‍പഠനം നടത്താന്‍ അനുവദിക്കുന്ന ഒരേയൊരു ഉന്നത വിദ്യാഭ്യാസമേഖല അന്ന് ആയുര്‍വ്വേദമായിരുന്നു. അങ്ങനെ ഈ വിഷയത്തില്‍ എത്തിച്ചേരുകയാണുണ്ടായത്.
$കോളേജില്‍ പോകാന്‍ സമ്മതം കിട്ടിയതെങ്ങനെ
അക്കാലത്ത് എന്റെ വല്യേട്ടന് പുലാക്കാട്ട് ശങ്കരവാര്യര് കോഴിക്കോട് സാമൂതിരി കോളേജില്‍ ഹൈസ്കൂള്‍ മാഷായിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ സ്ഥിരമായി ലേഖനങ്ങള്‍ അദ്ദേഹം എഴുതാറുണ്ടായിരുന്നു. നല്ല വാഗ്മിയും പണ്ഡിതനുമായിരുന്നു. എന്റെ പഠിക്കാനുള്ള ആവേശം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. സംസ്കൃതവ്യാകരണവും, സാഹിത്യവും, രഘുവംശം, കുമാരസംഭവം, അഭിജ്ഞാനശാകുന്തളം മുതലായ കാവ്യങ്ങളും പഠിപ്പിച്ചിരുന്നു. ഒപ്പം തന്നെ മലയാളവും ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു. 13-14 വയസ്സാകുമ്പോഴേക്കും ഇതെല്ലാം പഠിച്ചെടുക്കാന്‍ ഞാന്‍ കാണിച്ച താല്പര്യമാണ് തുടര്‍പഠനം നടത്താന്‍ എന്നെ കോളേജില്‍ അയയ്ക്കണമെന്ന് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചത്.
$പഠനകാലത്തെ അനുഭവങ്ങള്‍
കോളേജില്‍ ചേരാന്‍ ചെന്നപ്പോള്‍ ഉണ്ടായ ചെറിയ ഒരു സംഭവം ഇപ്പോഴും ഞാനോര്‍ക്കുന്നു. ആദ്യ ദിവസം ക്ലാസ്സില്‍ ചെല്ലുമ്പോള്‍ പ്രിന്‍സിപ്പാള്‍ രാവുണ്ണിമേനോന് മാഷ് ക്ലാസ്സെടുക്കുകയായിരുന്നു. വല്യേട്ടന്റെ പേരില്‍ പരിചയം പറഞ്ഞേല്‍പ്പിച്ചിട്ടാണ് ഞാന്‍ അവിടെ ചെല്ലുന്നത്. എന്റെ സംസ്കൃതപരിജ്ഞാനം പരീക്ഷിക്കാന്‍ തന്നെ മാഷ് തീരുമാനിച്ചു. അദ്ദേഹം രഘുവംശത്തിലെ ഒരു ശ്ളോകം ചൊല്ലി, എന്നിട്ട് അതറിയുമെങ്കില്‍ അന്വയിച്ച് അര്‍ത്ഥം പറയൂ എന്നായി. എനിക്കത് താരതമ്യേന എളുപ്പമുള്ള പരീക്ഷണമായിരുന്നു. അതിന്റെ അന്വയവും വ്യാഖ്യാനവും കേട്ടുകഴിഞ്ഞപ്പോള്‍ തൃപ്തനായ മാഷ് ‘കുട്ടിക്ക് നല്ല വ്യുത്പത്തിയുണ്ടല്ലോ’ എന്നു പറഞ്ഞു. പിന്നീട് കോളേജില്‍ നിന്ന് പോരുന്നതുവരെ എനിക്കങ്ങനെ ‘വ്യുത്പത്തി’ എന്നൊരു കളിപ്പേരും കിട്ടി സഹപാഠികള്‍ക്കിടയില്‍.
$പഠനാനന്തരജീവിതത്തെക്കുറിച്ച്
പഠനത്തിനുശേഷം പഠിച്ചത് പ്രയോഗത്തില്‍ വരുത്താന്‍ അതിയായി മോഹിച്ചിരുന്നു. അന്ന് ഇന്നത്തേതുപോലെ പരിശീലനം ലഭിക്കുവാന്‍ ധാരാളം സ്ഥാപനങ്ങള്‍ ഇല്ല. പഠിക്കുന്ന കാലത്ത് എന്റെ സീനിയറായി കോട്ടക്കല്‍ കോവിലകത്തെ കാര്യസ്ഥന്റെ മകള്‍ ജാനകിയമ്മ പഠിച്ചിരുന്നു. അവരുടെ അയല്‍വാസിയായി താമസിച്ച് ആര്യവൈദ്യശാലയില്‍ 3-4 വര്‍ഷത്തോളം ഞാന്‍ ജോലി ചെയ്തിരുന്നു. ആര്യവൈദ്യന്‍ ജാനകിയമ്മ പ്രഗല്ഭയായ ഒരു വിഷചികിത്സകയായിരുന്നു. വിഷചികിത്സയില്‍ അവരില്‍ നിന്നും പരിശീലനം നേടാ ന് എനിക്ക് സാധിച്ചു. അക്കാലത്തൊക്കെ രാത്രിയിലാവും ചിലപ്പോള്‍ വിഷം തീണ്ടിയവരെ കൊണ്ടുവരിക; ചികിത്സ യിലുള്ളവര്ക്കാകട്ടെ രാപകല്‍ ഇല്ലാതെ ധാരയും തളങ്ങളും മറ്റും ചെയ്യേണ്ടതായും കാണും. അന്നൊക്കെ ദിവസങ്ങളോളം ഉറക്കം തന്നെ ഉപേക്ഷിച്ച് ഔഷധക്കൂട്ടുകള്‍ അരക്കുകയും രോഗീപരിചരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
$കുടുംബം
ഭര്‍ത്താവ് യശശ്ശരീരനായ ഡോ. എന്‍. വി. കെ. വാര്യര്‍. (നെടുന്തുരുത്തികോണത്ത് വാര്യത്ത് കൃഷ്ണന്‍കുട്ടി വാര്യര്‍). അദ്ദേഹം ഇപ്പോഴത്തെ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. കെ. വാര്യരുടെ സതീര്‍ത്ഥ്യനാണ്. വൈദ്യത്തോടൊപ്പം സാമൂഹ്യസേവനത്തിന് പ്രാധാന്യം കൊടുത്ത ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വൈദ്യസംബന്ധിയായതും അല്ലാത്തതുമായ എല്ലാ പ്രവൃത്തികളിലും അങ്ങേയറ്റം താല്പര്യത്തോടെ ഞാന്‍ സഹകരിച്ചിരുന്നു. മകള്‍ ഡോ. ലക്ഷ്മീദേവി, മരുമകന് ഡോ. നരസയ്യ. രണ്ടുപേരും അമേരിക്കയില്‍ ശാസ്ത്ര ജ്ഞരായി ജോലി ചെയ്യുന്നു. കൊച്ചുമകള്‍ ഡോ. മാധവി. അവര്‍ വൈദ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നു.
$മൂലകുടുംബം, ജനനം.
മരുമക്കത്തായമാണല്ലോ അന്നൊക്കെ. അമ്മയുടെ കുടുംബപ്പേരില്‍ ആണ് ഞങ്ങള്‍ അറിയപ്പെടുക. ചെര്‍പ്പുളശ്ശേരി പുലാക്കാട്ടില്‍ വാര്യമാണ് അമ്മയുടെ കുടുംബം. കടമ്പഴിപ്പുറം മേക്കോട്ടില്‍ വാര്യമാണ് അച്ഛന്റെ കുടുംബം. ഒമ്പത് മക്കളായിരുന്നു ഞങ്ങള്‍.
$ഗാന്ധിജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍
നന്നെ ചെറുപ്പം മുതലേ ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ എന്നെ സ്വാധീനിച്ചിരുന്നു. വല്യേട്ടനും മറ്റും ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്കനുസരിച്ചാണ് ജീവിച്ചിരുന്നത്. അതാവാം എന്നെയും അത്തരമൊരു ജീവിത ശൈലി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. പല തവണ ഗാന്ധിജിയെ കാണുകയും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്റെ കുടുംബത്തിലെ ഒരു വല്യമ്മാമനായിരുന്നു മദ്രാസ് റെജിമെന്റിലെ റാവു ബഹദൂര്‍ ഡോ.പി.കെ. വാര്യര്‍. അദ്ദേഹത്തിന്റെ മകള്‍ ജാനകി ~ഒരുകാലത്ത് വാര്‍ധയിലെ സേവാഗ്രാമില്‍ ഉണ്ടായിരുന്നു. ഞാന്‍ പാഠശാലയിലൊക്കെ ചേരുന്നതിന് മുന്നേയാണത്. അവരുടെ അടുത്തേക്ക് ധൈര്യസമേതം ഞാന്‍ ഒറ്റക്ക് തീവണ്ടി കയറി. സേവാഗ്രാമില്‍ താമസിച്ചു ഒരുവര്‍ഷക്കാലം. അവിടത്തെ അന്തേവാസികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ലഭിച്ചിരുന്നു. ഒഴിവ് സമയങ്ങളില്‍ നൂല്‍നൂല്‍ക്കാനും മറ്റ് സേവനപ്രവര്‍ത്തനങ്ങളിലും ഞാനും ഏര്‍പ്പെട്ടിരുന്നു. അവിടെത്തന്നെ തുടരണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചുവന്ന് ആയുര്വ്വേദപഠനത്തിലേക്ക് തിരിയുകയായിരുന്നു.
$യോഗദര്ശനത്തെക്കുറിച്ച്
ആയുര്‍വ്വേദത്തില്‍ വളരെയധികം പ്രയോഗസാധ്യതയുള്ള ഭാരതീയദര്‍ശനമാണ് യോഗം. മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ നിയന്ത്രിക്കുവാനും സ്വാധീനിക്കുവാനും യോഗാഭ്യാസം കൊണ്ട് സാധിക്കും. ഞാന്‍ യോഗ പരിശീലിച്ചിരുന്നു. യോഗയിലും വല്യേട്ടന് തന്നെയാണ് എന്റെ ഗുരു.
$വിദേശപര്യടനങ്ങള്‍
ആദ്യവിദേശയാത്ര ഞാനും ഭര്‍ത്താവുമൊത്തായിരുന്നു. ഇറ്റലിയിലേക്ക്. ആയുര്വ്വേദപ്രചരണാര്ത്ഥം ആര്യവൈദ്യശാലയുടെ നിര്‍ദ്ദേശാനുസരണമാണ് ഞങ്ങള്‍ പോവുന്നത്. ഏതാണ്ട് 8-10 മാസത്തോളം അവിടെ താമസിച്ചതായാണ് ഓര്‍മ്മ. ആയുര്വ്വേദതത്ത്വങ്ങളുടെ പ്രചരണം, പരീക്ഷണാര്‍ത്ഥം ഔഷധചികിത്സാ പ്രയോഗങ്ങള്‍ ഇവയെല്ലാമായിരുന്നു ഞങ്ങളുടെ ദൗത്യം. ആര്യവൈദ്യശാല സംഘത്തോടൊപ്പം ഞാനും റഷ്യയിലേക്കും പോയിരുന്നു. അത് ഒരാഴ്ചയോളം നീണ്ട ഒരു പ്രവര്‍ത്തനമായിരുന്നു.
$എന്‍.വി.കെ. സാറിനോടൊപ്പമുള്ള അനുഭവങ്ങള്‍
അദ്ദേഹത്തിന്റെ നിയന്ത്രണാതീതമായിരുന്ന ആസ്മക്ക് ഞാന്‍ ചികിത്സിച്ചതാണ് ആദ്യം ഓര്‍മ്മയില്‍ വരുന്നത്. വലിയ വലിയ ഔഷധപ്രയോഗങ്ങളൊക്കെ നടത്തുന്നതിന് പകരം ഉപവാസമാണ് ചികിത്സക്കായി തിരഞ്ഞെടുത്തത്. ഉപവാസം നല്ല ചികിത്സാമുറയാണെന്ന് മനസ്സിലാക്കി ചെയ്തുനോക്കുകയാണ് ചെയ്തത്. അതിനുഫലം കണ്ടു. പിന്നെ വളരെകാലം ഈ ചികിത്സാരീതി വര്‍ഷത്തിലൊരിക്കല്‍ എന്ന തരത്തില്‍ ആവര്‍ത്തിച്ചിരുന്നു. ഈ ചികിത്സ ഫലവത്തായത് അത്ര ക്ലിഷ്ടമായ രീതികള്‍ പിന്തുടരാന് അദ്ദേഹം കാണിച്ച സന്നദ്ധതകൊണ്ടാണ്.
ആര്യവൈദ്യശാലയില്‍ ജോലി നോക്കിയിരുന്ന സമയത്ത് അദ്ദേഹം മുണ്ടൂര്‍ ഗവണ്മെന്റ് ഡിസ്പെന്സറിയില് ജോലി ചെയ്യുകയായിരുന്നു. ആര്യവൈദ്യശാലയില്‍ നിന്നുപോന്ന ശേഷം ഞങ്ങള്‍ രണ്ടുപേരും കൂടി ഷൊര്‍ണൂരില്‍ സ്വന്തമായി ഒരു വൈദ്യശാല തുടങ്ങി. അക്കാലത്ത് ആര്യവൈദ്യശാലയുടെ ഒരു ഏജന്‍സി തുടങ്ങാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എങ്കിലും സ്വന്തം ചികിത്സക്കാവശ്യമായ ഔഷധങ്ങള്‍ സ്വയം നിര്‍മ്മിക്കണം എന്ന ആദര്‍ശത്തിന്റെ പുറത്താണ് അതിനു പുറപ്പെടാതിരുന്നത്. എന്നാല്‍ തുടക്കത്തില്‍ മരുന്നുകള്‍ നിര്‍മ്മിക്കാനുള്ള സാഹചര്യം ഞങ്ങളുടെ വൈദ്യശാലയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുമാത്രം തുടക്കത്തില്‍ കോഴിക്കോട് വൈദ്യനായിരുന്ന അദ്ദേഹത്തിന്റെ അമ്മാവന് എന്‍. വി. രാഘവവാര്യര് ആയിരുന്നു ചികിത്സക്കാവശ്യമായ മരുന്നുകള്‍ എത്തിച്ചു തന്നിരുന്നത്. ക്രമേണ ആവശ്യമായവ എല്ലാം സ്വന്തം വൈദ്യശാലയില്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങി. ആ സമ്പ്രദായം അവസാനം വരെയും തുടര്‍ന്നുപോന്നു.
$ഇന്നത്തെ ആയുര്‍വ്വേദ വിദ്യാര്‍ത്ഥികളോട് എന്താണ് പറയാനുള്ളത്.
ശാസ്ത്രങ്ങളുടെ പേരില്‍ പരസ്പരം മത്സരിക്കരുത്. ഇന്ന് അനേകം വൈദ്യശാസ്ത്രങ്ങളുണ്ട്. എല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യന് ഉപകാരപ്രദമാണ്. അതാണ് വേണ്ടതും. പലവൈദ്യശാസ്ത്രങ്ങള് കൈകാര്യം ചെയ്യുന്നവര്‍ തമ്മില്‍ സൗഹൃദപൂര്‍ണ്ണമായ സഹകരണമാണ് വേണ്ടത്. മനസ്സിരുത്തി അടിസ്ഥാനതത്വങ്ങള്‍ പഠിച്ചതിനുശേഷമേ ചികിത്സിക്കാന്‍ പുറപ്പെടാവൂ. നേടിയ വിദ്യ മനുഷ്യസമൂഹത്തിന് ഉപകരിക്കത്തക്കരീതിയില്‍ എപ്പോഴും വിനിയോഗിച്ചു കൊണ്ടിരിക്കണം- ആയുഷ്കാലം മുഴുവന്‍. സ്വന്തം ചികിത്സക്കാവശ്യമായ ഔഷധങ്ങള്‍ സ്വയം നിര്‍മ്മിച്ച് ചികിത്സിക്കുമ്പോഴാണ് വൈദ്യവൃത്തി പൂര്‍ണ്ണമാകുക. അതിനുള്ള അറിവ് ഓരോ ആയുര്വേദവിദ്യാര്ത്ഥിയും അവരുടെ വിദ്യാഭ്യാസകാലഘട്ടത്തില്‍ ആര്‍ജ്ജിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: