കോട്ടയം: 23-ാമത് കേരള സംസ്ഥാന ബധിര കായികമേള നവംബര്‍ 1മുതല്‍ 4വരെ കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കും. കേരള ബധിര കായിക കൗണ്‍സിലിന്റെയും കോട്ടയം ജില്ലാ ബധിര കായിക കൗണ്‍സിലിന്റെ ആതിഥേയത്വത്തിലുമാണ് മേള നടക്കുന്നത്.
മേളയില്‍ പങ്കെടുക്കുന്ന പ്രതിഭകള്‍ 75ശതമാനവും ബധിര സ്‌കൂള്‍ കുട്ടികളാണ്. 800ഓളം പ്രതിഭകള്‍ മൂന്ന് ദിവസങ്ങളിലായി എല്ലാ ഇനങ്ങളിലും മത്സരിക്കും. ജില്ലാ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തിയാണ് സ്റ്റേറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. അവരില്‍ നിന്നും കഴിവുള്ളവരെ ദേശീയ കായിക മത്സരങ്ങളിലേക്ക് അയക്കുന്നു. കേരളത്തിലെ ബധിര കായിക പ്രതിഭകള്‍ വര്‍ഷങ്ങളായി ദേശീയ ചാമ്പ്യന്മാരാണ്. ഈ വര്‍ഷത്തെ ദേശീയ ബധിര കായികമേള ഡിസംബര്‍ 1 മുതല്‍ 6വരെ റാഞ്ചിയില്‍വച്ചാണ്. അതിനുള്ള ടീമിനെ ഈ സംസ്ഥാന കായികമേളയില്‍ നിന്നും എല്ലാ കായിക വിഭാഗങ്ങളിലേക്കും തെരഞ്ഞെടുക്കും.
ദേശീയ കായികമേളയില്‍ നിന്നാണ് ബധിരരുടെ ഒളിംപിക്‌സിലും ഏഷ്യാ പസഫിക് ബധിര കായികമേളകളിലും പങ്കെടുക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത്. ജൂലൈ 18മുതല്‍ 31വരെ ടര്‍ക്കിയിലെ സാംസണില്‍വച്ച് നടന്ന 23-ാമത് ബധിര ഒളിംപിക്‌സില്‍ പങ്കെടുത്ത് 48 അംഗ ഇന്ത്യന്‍ ടീമില്‍ 5പേര്‍ കേരളത്തില്‍ നിന്നായിരുന്നു. നെഹ്‌റു സ്റ്റേഡിയം, യൂണിയന്‍ ക്ലബ്, വൈഎംസിഎ, സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. നെഹ്‌റു സ്റ്റേഡിയത്തില്‍ ഒരുമുറി താല്‍ക്കാലികമായി സംഘാടക സമിതിക്ക് അനുവദിച്ചു.















