ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ പക്കല്‍ ആയുധങ്ങള്‍ക്ക് ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. 2013വരെ പ്രതിസന്ധി ഉണ്ടായിരുന്നെന്നും നിലവില്‍ അത്തരത്തിലുള്ള യാതൊരു സാഹചര്യങ്ങളും പ്രതിരോധ, സൈനിക വിഭാഗങ്ങള്‍ക്കില്ലെന്നും കേന്ദ്രപ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംറെ പറഞ്ഞു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഓര്‍ഡനന്‍സ് ഫാക്ടറി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഭാംറെ.
പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തതയിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യ. ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം പ്രതിരോധ ഇറക്കുമതിയും ഇന്ത്യയ്‌ക്കാണ്. സൈന്യത്തിനാവശ്യമായ വെടിക്കോപ്പുകളില്‍ ഭൂരിഭാഗവും തദ്ദേശീയമായി തന്നെ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഇന്ത്യ. 2019 മുതല്‍ വെടിക്കോപ്പുകളുടെ നിര്‍മ്മാണം ആരംഭിക്കും.
മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പ്രതിരോധ മേഖലയെക്കൂടി ഉള്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനങ്ങളുടെ വിജയമാണിതെന്നും സുഭാഷ് ഭാംറെ പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ആയുധ സംവിധാനങ്ങളുടെ നിര്‍മ്മാണം വിജയകരമായി പുരോഗമിക്കുകയാണ്.
വൈദേശിക പ്രതിരോധ സംവിധാനങ്ങളുടെ സാങ്കേതിക വിദ്യാ കൈമാറ്റം ഏറെ പ്രയോജനകരമായിട്ടുണ്ട്. ജബല്‍പൂരിലെ ഖമരിയ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ വിജയകരമായി വികസിപ്പിച്ചെടുത്ത 106എംഎം ലഘുപീരങ്കികളും 155എംഎം ധനുഷ് പീരങ്കികളും പ്രതിരോധസഹമന്ത്രി പരിശോധിച്ചു. ജബല്‍പൂരിലെ വെഹിക്കിള്‍സ് ഫാക്ടറിയും ഡോ. സുഭാഷ് ഭാംറെ സന്ദര്‍ശിച്ചു.
















