മലയാള ഭാഷാ പിതാവ് എഴുത്തച്ഛനോടുള്ള ആദരസൂചകമായി ഒരു നാടകം അണിയറയില്‍ ഒരുങ്ങുന്നു. എഴുത്തച്ഛന് എന്ന് പേരിട്ടിരിക്കുന്ന നാടകം സംവിധാനം ചെയ്യുന്നത് മീനമ്പലം സന്തോഷ്. രചന മുഹാദ് വെമ്പായം. ഒട്ടേറെ പ്രത്യേകതകളോടെയാണ് ഈ നാടകം അരങ്ങത്ത് എത്തുന്നത്. മലയാള കവിത-സംഗീത മേഖലയിലെ പ്രമുഖര്‍ ഈ നാടകത്തിന് വേണ്ടി ഒന്നിക്കുന്നു എന്നതാണ് അതില്‍ പ്രധാനം. മലയാളത്തിലെ പ്രമുഖരായ 19 കവികള്‍, ഇന്ത്യയിലെ തന്നെ പ്രമുഖരായ 25 സംഗീത സംവിധായകര്‍, പ്രശസ്തരായ 30 ഗായകര്‍. ഒരുപക്ഷേ ഇത്തരത്തിലൊരു സംഗമം ഇതാദ്യം ആവാം. അതും ഒരു നാടകത്തിന് വേണ്ടി.
എഴുത്തച്ഛനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായിരുന്നു ശ്രമമെന്ന് മീനമ്പലം സന്തോഷ് പറയുന്നു. ഇതിനായി തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ പോയി. മലയാള ഭാഷയുമായി ബന്ധപ്പെട്ട നിരവധി പ്രമുഖരെ സന്ദര്‍ശിച്ചു. അവരെല്ലാം പകര്‍ന്നു നല്കിയ ഊര്‍ജ്ജത്തിന്റെ കരുത്തിലാണ് നാടകം എന്ന മോഹവുമായി മുന്നോട്ടുപോയത്.
ഒഎന്‍വി, എം.ടി. വാസുദേവന്‍ നായര്‍, സുഗതകുമാരി, സച്ചിദാനന്ദന്, പ്രഭാവര്‍മ്മ എന്നിവരുടെ ഭാഷാപ്രതിജ്ഞയും വിളംബരവുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാവര്‍മ്മ എഴുതിയ ഭാഷാവിളംബരവുമായി എം.കെ. അര്ജ്ജുനന് മാസ്റ്ററെ സമീപിച്ചു. അന്ന് അവിടെ വിദ്യാധരന് മാസ്റ്ററും ഉണ്ടായിരുന്നു. പഴയ ടേപ്പ് റിക്കോര്‍ഡറില്‍ ഭാഷാവിളംബരം റെക്കോഡ് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ”നന്മുലപ്പാലിനോടൊപ്പമെന്‍ നന്മമലയാളമേ” എന്നുതുടങ്ങുന്ന ഗാനത്തിന് അദ്ദേഹം ഈണമിട്ടു.
പാലോട് രവി മുഖേനയാണ് സംഗീത സംവിധായകന് എം. ജയചന്ദ്രനെ പരിചയപ്പെട്ടതെന്ന് സന്തോഷ് പറയുന്നു. എഴുത്തച്ഛന് വേണ്ടി കവയത്രി സുഗതകുമാരി എഴുതിയ വരികളാണ് ചിട്ടപ്പെടുത്തിയത്. എഴുത്തച്ഛനെ താരാട്ടുപാടിയുറക്കുന്ന കവിതയായിരുന്നു അത്. സുജാതയാണ് പാടിയത്.
സംഗീത സംവിധായകനും ഗായകനുമായ ശരത്ത് രണ്ട് ഗാനങ്ങള്‍ക്ക് ഈണമിടുകയും പാടുകയും ചെയ്തു. എഴുത്തച്ഛനെ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് ഓര്‍മ്മവന്നത് സ്വന്തം അച്ഛനെയാണ്. പറയാനുള്ള കാര്യം എഴുതിക്കൊടുക്കുന്നതായിരുന്നു അച്ഛന്റെ ശീലം. അങ്ങനെ ശരത്തും അമ്മയും അച്ഛന് നല്കിയ ഇരട്ടപ്പേരാണ് ”എഴുത്തച്ഛന്” എന്ന്-സന്തോഷ്.
കോട്ടയ്ക്കലിലെ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്നവേളയിലാണ് എം.ടി. വാസുദേവന്‍നായരെ ഫോണില്‍ വിളിച്ചത്. വളരെ നേരം സംസാരിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച്, നാടകകൃതി സംവിധാനം ചെയ്യുവാന്‍ അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് പുണ്യമായിട്ട് സന്തോഷ് കരുതുന്നു. മലയാളം പള്ളിക്കൂടത്തിനുവേണ്ടി അദ്ദേഹം എഴുതിയ ”ഭാഷാപ്രതിജ്ഞ” നാടകത്തിലുള്‍പ്പെടുത്താനുള്ള അനുവാദവും നല്കി. ആ ഗദ്യ ഭാഷാ പ്രതിജ്ഞ പദ്യരൂപത്തിലാക്കിയത് പ്രൊഫസര്‍ മധുസൂദനന് നായരാണ്. അത് വായിച്ചിട്ട് നന്നായിരിക്കുന്നു എന്ന് എംടി അഭിപ്രായവും പറഞ്ഞു.
ഗായിക സുജാതവഴിയാണ് വിദ്യാസാഗറിനെ പരിചയപ്പെടുന്നത്. കെ. ജയകുമാര്‍ ഐഎഎസ്സിന്റെ വരികള്‍ക്കും പ്രഭാവര്‍മ്മ രചിച്ച തീം സോങ്ങിനും സംഗീതം സംവിധാനം ചെയ്തത് അദ്ദേഹമാണ്. എഴുത്തച്ഛനെ വിശേഷിപ്പിക്കുന്ന അക്ഷരമുത്തേ എന്ന വരികള്‍ എഴുതിയത് ചുനക്കര രാമന്‍കുട്ടിയാണ്. സോമശേഖരന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനം പാടിയത് കെ.എസ്. ചിത്ര. പി.നാരായണക്കുറുപ്പ് രചിച്ച ശക്തമായ വരികള്‍ക്ക് സംഗീതം നല്‍കിയത് ബിജിബാലാണ്.
ഏറെതിരക്കുകള്‍ക്കിടയിലും എഴുത്തച്ഛനുവേണ്ടി സമയം മാറ്റി വയ്ക്കാന്‍ അദ്ദേഹം തയ്യാറായി.
നാടകക്കാരന്റെ അവസ്ഥ നന്നായറിയാവുന്ന പാട്ടെഴുത്തുകാരനാണ് എസ്.രമേശന് നായരെന്ന് സന്തോഷ് അഭിപ്രായപ്പെടുന്നു. പാട്ടെഴുത്തിന് ശേഷവും നാടകത്തിന്റെ വിശേഷങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു. ഔസേപ്പച്ചനും ശ്രീവത്സന്‍ ജെ. മേനോനുമാണ് ആ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്.
എഴുത്തച്ഛന് നാടകം ചിട്ടപ്പെടുത്തുന്ന വേളയില്‍ തിരുവനന്തപുരത്തെ ”മലയാളം പള്ളിക്കൂടം” സന്ദര്‍ശിക്കണമെന്നു തോന്നി. ഓഫീസില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന, ഭാഷാപ്രതിജ്ഞ ശ്രദ്ധിക്കുന്നത്. എംടിയുടെ ഗദ്യഭാഷാപ്രതിജ്ഞയും ഒഎന്‍വിയുടെ പദ്യഭാഷാപ്രതിജ്ഞയും. ഇത് രണ്ടും നാടകത്തില്‍ ഉള്‍പ്പെടുത്തണമെന്നു തോന്നി. മലയാളം പള്ളിക്കൂടം അതിനു അനുമതിയും നല്കി. നാളിതുവരെ ആരും ഈണം നല്‍കിയിട്ടില്ല. ഒഎന്‍വിയുടെ വരികള്‍. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി മകന് രാജീവിന് നല്കി. ഒരാഗ്രഹവും അറിയിച്ചു. ആ വരികള്‍, രാജീവ് തന്നെ ഈണം നല്‍കണമെന്ന്, അദ്ദേഹം സമ്മതിച്ചു. അങ്ങനെ മനോഹരമായ ഭാഷാപ്രതിജ്ഞാകാവ്യം പിറന്നു. ഒഎന്‍വി മലയാളഭാഷാപിതാവിന് വേണ്ടി എഴുതിവെച്ചിരുന്നപോലൊരു അനുഭവമായിരുന്നു അതെന്നും സന്തോഷ് പറയുന്നു.
മലയാളഭാഷയെക്കുറിച്ചും, ഭാഷാപിതാവിനെക്കുറിച്ചും, ഒരു നാടകം അവതരിപ്പിച്ച് മലയാളിയില്‍ മാതൃഭാഷാസ്നേഹം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയുളള ഒരു കലാസൃഷ്ടിയുടെ അനിവാര്യത ആദ്യം സൂചിപ്പിച്ചത് ജയകുമാര്‍ ഐഎഎസിനെയാണ്. പഠിക്കുകയും, വായിക്കുകയും ചെയ്യേണ്ട പുസ്തകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം നല്കി. നാടകത്തിന് വേണ്ടി പാട്ടെഴുതി. പൂര്‍ണ്ണ സ്ക്രിപ്ററ് പലപ്രാവശ്യം തിരുത്തി മനോഹരമാക്കുന്നതിനും സഹായിച്ചു.
മലയാളികളല്ലാത്ത, മലയാളത്തില്‍ നല്ല ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുള്ള നിരവധി സംഗീത സംവിധായകര്‍ ഈ സംരംഭത്തില്‍ ഭാഗഭാക്കായിട്ടുണ്ട്. ശ്യാം, വിദ്യാസാഗര്‍, ഗംഗൈ അമരന്, ദേവ, എസ്.പി വെങ്കടേഷ്, എസ്. ബാലകൃഷ്ണന് തുടങ്ങിയവര്‍.
നാടകത്തിന്റെ കോറിയോഗ്രാഫി നാട്യാചാര്യന് ധനഞ്ജയനാണ് നിര്‍വ്വഹിച്ചത്. റിഗാറ്റ ഗിരിജയുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന കുട്ടികളെയാണ് പരിശീലിപ്പിച്ചിരിക്കുന്നത്. പ്രത്യേകം ക്ഷണിക്കുന്ന വേദികളിലാണ് ഈ കുട്ടികള്‍ നൃത്തം ചെയ്യുന്നത്.
സംഗീതം ചിട്ടപ്പെടുത്തിയവര്‍
എം.കെ. അര്ജുനന്, ശ്യാം, പെരുമ്പാവൂര്‍ രവീന്ദ്രനാഥ്, ജയവിജയ, വിദ്യാധരന്, ഔസേപ്പച്ചന്, വിദ്യാസാഗര്‍, ഗംഗൈ അമരന്, ദേവ, എസ്.പി. വെങ്കിടേഷ്, എസ്. ബാലകൃഷ്ണന്, ആര്. സോമശേഖരന്‍, എം. ജയചന്ദ്രന്, ശരത്, രമേശ് നാരായണന്, ബേണി ഇഗ്നേഷ്യസ്, ബിജിബാല്‍, ഗോപിസുന്ദര്‍, എം.ജി. ശ്രീകുമാര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്, ശ്രീവല്സന് ജെ.മേനോന്, കാവാലം ശ്രീകുമാര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്, ഒഎന്‍വി രാജീവ്, ബൈജു അഞ്ചല്ക്കാരന്, ലാലു മാഹീന്.
കവിത എഴുതിയവര്‍
ഒഎന്‍വി കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്, പി. നാരായണക്കുറുപ്പ്, പ്രഭാവര്‍മ, പ്രൊഫ. മധുസൂദനന് നായര്‍ എസ്. രമേശന് നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ. ജയകുമാര്‍, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍, ചുനക്കര രാമന്‍കുട്ടി, മങ്കൊമ്പ് ഗോപാലകൃഷ്ണന്, കരിവള്ളൂര്‍ മുരളി, ആലങ്കോട് ലീലാകൃഷ്ണന്, റഫീക്ക് അഹമ്മദ്, രാജീവ് ആലുങ്കല്‍, ഡോ.ബിജു ബാലകൃഷ്ണന്, ഡോ.അനില്‍കുമാര്‍ എം.വി.
പാടിയവര്‍
എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, സുജാത, ശരത്, ജയന്, മധു ബാലകൃഷ്ണന്, കാവാലം ശ്രീകുമാര്‍, വിധു പ്രതാപ്, പന്തളം ബാലന്, രമേശ് നാരായണന്, ഉദയകുമാര്‍, രാജേഷ്, വിജേഷ് ഗോപാല്‍, ലതാരാജു, ഗണേഷ് സുന്ദരം, സുദീപ് കുമാര്‍, ലീല ജോസഫ്, മനു തമ്പി, ഉണ്ണിമേനോന്, ജി. ശ്രീറാം, ഖാലിദ്, സിതാര കൃഷ്ണകുമാര്‍, സാന്ദ്രാ രവീന്ദ്രന് തുടങ്ങിയവര്‍.
അരങ്ങില്‍
കോട്ടയം രമേശ്, കെപിഎസി വില്സന്, കേരളപുരം ഖാന്, രാംദാസ്, ഉഴമലയ്ക്കല്‍ മോഹന്‍, പുഷ്പ കാഞ്ഞങ്ങാട്, ദേവിക നായര്‍.
പിന്നണിയില്‍
തിരുവനന്തപുരം അക്ഷരകലയാണ് എഴുത്തച്ഛന് വേദിയിലെത്തിക്കുന്നത്. പ്രകാശ രൂപകല്പന: ഗോപിനാഥ് കോഴിക്കോട്, രംഗപശ്ചാത്തലം: കലാരത്നം ആര്‍ട്ടിസ്റ്റ് സുജാതന്‍
പശ്ചാത്തലസംഗീതം: ബൈജു അഞ്ചല്ക്കാരന്, ശബ്ദ രൂപകല്പന: സുനീഷ്, റെക്കോര്‍ഡിംഗ്: സുഭാഷ് ബെന്സന് ക്രിയേഷന്‍സ്, കീ ബോര്‍ഡ് പ്രോഗ്രാമിങ്: ബിജു പൗലോസ്, വസ്ത്രാലങ്കാരം: അജി അക്ഷര, വെളിച്ചം: എ.കെ. ആനന്ദ്, ശബ്ദം: സനല്‍കുമാര്‍ എസ്.കെ. സഹസംവിധാനം: രാംദാസ്.
പരവൂര്‍ കോട്ടപ്പുറം എച്ച്എസ്സിലെ മലയാളം അദ്ധ്യാപകനായിരുന്ന എന്‍. സദാനന്ദനാണ് മീനമ്പലം സന്തോഷിന്റെ അച്ഛന്. അമ്മ എന്‍. സരോജിനിയും അതേ സ്കൂളില്‍ അദ്ധ്യാപികയായിരുന്നു. ദീപ എം.കുമാറാണ് ഭാര്യ. മകന് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രാവണ്‍ സന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: