ഇസ്ലാമാബാദ്:അഞ്ചുവര്‍ഷമായി താലിബാന്‍ ഭീകരരുടെ പിടിയിലായിരുന്ന യു.എസ്-കനേഡിയന്‍ ദമ്പതികളെയും മൂന്നു കുട്ടികളെയും സൈന്യം മോചിപ്പിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ബന്ദിയാക്കപ്പെടുമ്പോള്‍ കയ്റ്റ്‌ലന്‍ ഗര്‍ഭിണിയായിരുന്നു. തടവിലാക്കപ്പെട്ടിരിക്കെയാണ് രണ്ടു കുട്ടികള്‍ ജനിച്ചത്.
2012ലാണ് അഫ്ഗാനിസ്ഥാനില്‍ വച്ച് യു.എസ് പൗരയായ കയ്റ്റ്‌ലന്‍ കോള്‍മനെയും ഇവരുടെ ഭര്‍ത്താവായ കനേഡിയക്കാരന്‍ ജോഷ്വ ബോയ്‌ലിനെയും താലിബാന്‍ ഗ്രൂപ്പായ ഹഖ്വാനി പിടികൂടിയത്.താലിബാന്റെ കൊടുംപീഡനങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വിഡിയോയിലും ദമ്പതികള്‍ ആവശ്യപ്പെട്ടിരുന്നു.
ഭീകരവാദത്തിനു നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത പാകിസ്ഥാനെതിരെ രൂക്ഷമായ ഭാഷയില്‍ പലപ്പോഴും അമേരിക്ക വിമര്‍ശനം ഉന്നയിച്ചിരുന്നു. പാകിസ്ഥാനെതിരെ പല നടപടികള്‍ക്കും ട്രംപ് സര്‍ക്കാര്‍ ഒരുങ്ങുകയും ചെയ്തിരുന്നു.
അടുത്തിടെ പാക് വിദേശകാര്യ മന്ത്രി ഖജ്വ ആസിഫ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ദമ്പതിമാരെ ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദമ്പതികളെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ശ്രമം ഫലംകണ്ടത്.
















