കാക്കനാട് : മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ മൂക്കിന് താഴെ സ്വകാര്യ ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നത് പതിവായതായി നാട്ടുകാരുടെ പരാതി. നഗരത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസ്സുകളാണ് കാക്കനാട് ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാരെയും വിദ്യാര്‍ഥികളെയും ദുരിതത്തിലാക്കുന്നത്. ഇടച്ചിറ, പാറയ്ക്കമുകള്‍, ചിറ്റേത്തുകര, തൂതിയൂര്‍ ഭാഗങ്ങളിലേക്കാണ് ബസ്സുകള്‍ പതിവായി ട്രിപ്പ് മുടക്കുന്നത്. നിലംപതിഞ്ഞിമുകളിലേക്ക് ആറ് ബസ്സുകളുണ്ടെങ്കിലും സര്‍വീസ് നടത്തുന്നത് വല്ലപ്പോഴും. രാവിലെ 6.40 ന് നിലംപതിഞ്ഞിമുകളില്‍ നിന്ന് എറണാകുളത്തേക്കുള്ള ബസ്സ് പോയി കഴിഞ്ഞാല്‍ പ്രദേശ വാസികള്‍ക്ക് കാക്കനാട്ടേക്ക് ഓട്ടോറിക്ഷയല്ലാതെ മറ്റുമാര്‍ഗമില്ല. വിദ്യാര്‍ഥികളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്. കാക്കനാട് എംഎഎച്ച്എസ്സില് പഠിക്കുന്ന വിദ്യര്‍ഥികള്‍ ബസ്സില്ലാതെ നടന്നുവേണം സ്കൂളിലെത്താന്‍.
കാക്കനാട് നിന്ന് മൂന്നോ നാലെ കിലോമീറ്റര്‍ ദൂരമുള്ള ഇടച്ചിറ, നിലംപതിഞ്ഞിമുകള്‍ ഭാഗത്തേക്ക് രാവിലെ പത്തിന് ശേഷം ബസ്സുകളില്ല. ഇവിടെക്ക് വേണ്ടത്ര യാത്രക്കാരില്ലെന്ന് പറഞ്ഞാണ് പെര്‍മിറ്റ് പ്രകാരമുള്ള സര്‍വീസ് സ്വകാര്യ ബസ്സുകള്‍ കാക്കനാട് അവസാനിപ്പിക്കുന്നത്. പാറയ്ക്കമുകള്‍ ഭാഗത്തേക്ക് രണ്ട് ബസ്സുണ്ടെങ്കിലും രാവിലെ മാത്രമാണ് സര്‍വീസുള്ളത്. രാവിലെ ഇന്ഫൊപാര്ക്കിലേക്കുള്ള യാത്രക്കാരുള്ളത് കൊണ്ട് മാത്രമാണ് സര്‍വീസ് നടത്തുന്നത്. വൈകുന്നേരങ്ങളിലാണ് യാത്രാ ദുരിതം. തൃക്കാക്കരയുടെ മറ്റു പ്രദേശങ്ങളിലേക്ക് പോകാതെ കാക്കനാട് ട്രിപ്പ് അവസാനിപ്പിച്ച് നഗരത്തിലേക്ക് സര്‍വീസ് തുടരുന്നത് ലാഭകരമായതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മൗനാനുവാദത്തോടെയാണ് പതിവഴിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതെന്നാണ് യാത്രക്കാരുടെ പരാതി.
ചിറ്റത്തുകരയില് നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ ഏറെക്കുറെ പൂര്‍ണമായും കാക്കനാട് സര്‍വീസ് അവസാനിപ്പിക്കുകയാണ്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി തൃപ്പൂണിത്തുറ- കാക്കനാട്- ആലുവ റൂട്ടില്‍ കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസ്സുകള്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചതോടെയാണ് ചിറ്റേത്തുകരയിലേക്കുള്ള സര്‍വീസ് സ്വകാര്യ ബസ്സുകള്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയത്. ഇത് മൂലം യാത്രക്കാര്‍ കാക്കനാട് ഇറങ്ങി വേണം എറണാകുളത്തേക്ക് പോകാന്‍. ഇത് മൂലം ഏഴുരൂപ യാത്രക്കാര്‍ക്ക് നഷ്ടമാകുന്നു. രാത്രി എട്ടിന് ശേഷം ഒമ്പത് വരെ സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ ചിറ്റേത്തുകര ഭാഗത്തേക്ക് ഓടാറേയില്ല.
തൂതിയൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന മൂന്ന് കെ.എസ്.ആര്.ടി.സി ബസ്സുകള്‍ നിര്‍ത്തലാക്കിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. സ്വകാര്യ ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കെ.എസ്.ആര്.ടി.സി സര്‍വീസ് അവസാനിപ്പിച്ചതെന്നാണ് യാത്രക്കാരുടെ ആരോപണം. പടമുകള്‍ പാലച്ചുവട്, കാക്കനാട് വഴി ഏഴ് ബസ്സുകള്‍ ഉണ്ടെങ്കിലും സര്‍വീസ് നടത്തുന്നത് പേരിന് മാത്രം. തുതിയൂരിലേക്ക് കെ.എസ്.ആര്.ടി.സിയുടെ തിരുകൊച്ചി സര്‍വീസ് നിലച്ചതോടെ ഫലത്തില്‍ യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷകള്‍ മാത്രമാണ് ശരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: