ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ വീണ്ടും ശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കുട്ടികളാണ് മരിച്ചത്. പത്ത് നവജാത ശിശുക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പത്ത് കുട്ടികള്‍ നിയോനേറ്റല്‍ ഐസിയുവിലും ആറ് കുട്ടികള്‍ പീഡിയാട്രിക് ഐസിയുവിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ 24 മണിക്കുറിനകം ഇരുപതോളം രോഗികള്‍ മസ്തിഷ്ക ജ്വരത്തിന് ചികിത്സ തേടി എത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ദിയോറ, കുശിനഗര്‍, ഗൊരഖ്പൂര്‍, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.
മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് ഡസനോളം പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് രോഗികള്‍ ബീഹാറില്‍ നിന്നുള്ളവരാണ്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 1,470 രോഗികളെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ 63 കുട്ടികള്‍ ഇവിടെ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
















