കൊച്ചി: ഇക്വയര് ഫോട്ടോഗ്രാഫിയില്‍(കുതിരകളെ വിഷയമാക്കിചെയ്യുന്ന ഫോട്ടോഗ്രാഫി) തന്റെ പ്രതിഭ തെളിയിക്കുകയാണ് രാധേഷ് രാജപ്പനെന്ന കൊച്ചിക്കാരന്. ചാടിയും, ഓടിയും മത്സരിക്കുന്ന ആരോഗ്യമുള്ള കുതിരകളെ മാത്രം കാണുന്നവരിലേക്ക് അശ്വത്തിന്റെ നൊമ്പരങ്ങളും, രോദനങ്ങളും ഫിലിമിലാക്കി പ്രദര്‍ശിപ്പിക്കുകയാണ് ഇദ്ദേഹം.
ചിത്രകാരന്റെ കണ്ണുകള്‍ ദൃശ്യത്തിന്റെ കണ്ണിലെ സൂക്ഷ്മ ഭാവങ്ങള്‍ ഒപ്പിയെടുത്ത് ഫിലിമിലാക്കി കാണികളുടെ മനസ്സിലേക്കെത്തിക്കുന്ന കാഴ്ചയാണ് ലാന്റ് ലൈഫ് ചിത്ര പ്രദര്‍ശനത്തെ വ്യത്യസ്തമാക്കുന്നത്.ഡര്‍ബാര്‍ ഹാളിലെ ആര്‍ട്ട് സെന്ററില്‍ ഇദ്ദേഹമൊരുക്കിയ ചിത്ര വിരുന്ന് ഏറെ ഹൃദ്യമായി.
കുതിരയുടെ സുന്ദരമായ ഭാവങ്ങളും, ചലനങ്ങളും തേടിയുള്ളതാണ് രാധേഷിന്റെ യാത്രകള്‍ . കുതിരകളുടെ സൂക്ഷ്മ സൗന്ദര്യ ഭാവങ്ങള്‍, അതി സൂക്ഷ്മവിശദാംശങ്ങളും ഉള്‍കൊള്ളുന്നതാണ് ഓരോ ചിത്രവും. നിരവധി ഭൂപ്രദേശങ്ങളും, അതിലെ വ്യത്യസ്തമായ കാലാവസ്ഥകളിലും പല ജനുസ്സുകളിലും, വലിപ്പത്തിലും,നിറങ്ങളിലുമുള്ള കുതിരകളെ അവയുടെ സ്വാഭാവികമായ ചുറ്റുപാടില്‍ ചിത്രീകരിച്ചാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ഇതിനോടകം ഇന്ത്യക്കകത്തും, പുറത്തും നിരവധി സ്ഥലങ്ങളില്‍ ഫോട്ടോ പ്രദര്‍ശനം നടത്തി കാണികളുടെ മനസ്സിനെ ഈറനണിയിക്കാന്‍ രാധേഷിന്റെ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു.
ഒരു പെയിന്റിംഗിന്റെ സുന്ദരമായ ദൃശ്യാനുഭവം പോലെ സുന്ദരമാണ് ഓരോ ഫോട്ടോയും. പൊടിപറത്തി പാഞ്ഞുവരുന്ന ഒരു കൂട്ടം കതിരകള്‍ അത് സുന്ദരമായ യൂറോപ്യന്‍ പെയിന്റിംഗിന്റെ ദൃശ്യാനുഭവം പകര്‍ന്നുതരുന്നു. കുതിരകള്‍ എന്ന പൊതു രൂപത്തിന് നിന്നും ഓരോ ഫോട്ടോ ഗ്രാഫും വിഭിന്നങ്ങളായ സൗന്ദര്യ സങ്കല്പ്പത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു. പ്രഭാതത്തിലെ പൊന്‍ വെളിച്ചത്തിലേക്ക് മെല്ലെ പിച്ചവെക്കുന്ന ശൈശവാശ്വം, നിഴലും വെളിച്ചവുംചേര്ന്നൊരുക്കുന്ന അതി സുന്ദരമായ ദൃശ്യാനുഭവമാണ്.അതുപോലെ അസ്തമയ വര്‍ണ്ണത്തില്‍ നിഴല്‍ രൂപമായ അശ്വാരൂഡന്റെ ചിത്രവും അതീവ സുന്ദരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: