കൊല്‍ക്കത്ത: ബംഗാള്‍, ഒഡീഷ, അസം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല് ചിട്ടിക്കമ്പനികളുടെ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. കെട്ടിടങ്ങളുള്‍പ്പെടെയുള്ള ആസ്തികള്‍ക്കു പുറമെ പണവും തുല്യമായ വസ്തുക്കളും ഇതില്‍പ്പെടുന്നു.
റോസ് വാലി, ശാരദ, അര്‍ത്ഥതത്വ, സീഷോര്‍ എന്നീ കമ്പനികള്‍ക്കാണ് പിടിവീണത്. നിക്ഷേപകരെ വഞ്ചിച്ചതുള്‍പ്പെടെയുള്ള കേസുകള്‍ക്ക് മൂന്നു വര്‍ഷത്തിലേറെയായി ഇവര്‍ അന്വേഷണം നേരിടുന്നു. ബംഗാളിലെ ഭരണകക്ഷി തൃണമൂല്‍ കോണ്‍ഗ്രസ്, ഒഡീഷ ഭരിക്കുന്ന ബിജു ജനതാദള്‍ പാര്‍ട്ടികളിലെ പല നേതാക്കള്‍ക്കും ഈ കമ്പനികളുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ബംഗാള്‍, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ദല്‍ഹി, അസം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ഈ കമ്പനികളുടെ ആസ്തികള്‍. കേസ് അവസാനിക്കുന്ന മുറയ്‌ക്ക് ഇവ ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പണമായി 500 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതില്‍ 345 കോടി രൂപയും റോസ് വാലിയുടേതാണ്. മുന്‍നിര കമ്പനിയായ ഇവരുടെ ഇതുള്‍പ്പെടെ 2000 കോടി രൂപയുടെ വസ്തുക്കള്‍ കണ്ടുകെട്ടി. ശാരദ ഗ്രൂപ്പിന്റെ 600 കോടി, സീഷോറിന്റെ 400 കോടി, അര്‍ത്ഥതത്വയുടെ 133 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി.
















